Movies
എആർഎം വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിച്ച സംഭവം; കേസെടുത്ത് കൊച്ചി സൈബർ പൊലീസ്
എആർഎം വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിച്ച സംഭവം; കേസെടുത്ത് കൊച്ചി സൈബർ പൊലീസ്
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം( ‘എആർഎം’). കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് കൊച്ചി സൈബർ പൊലീസ്. ഐ ടി ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇത് സംബന്ധിച്ച് സംവിധായകൻ ജിതിൻ ലാൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകൻ ജിതിൻ ലാലും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തിയത്. ട്രെയ്‌നിലിരുന്ന് വ്യാജ കോപ്പി കാണുന്ന യാത്രക്കാരന്റെ വീഡിയോ സഹിതമായിരുന്നു ജിതിന്റെ പ്രതികരണം. 150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എആർഎം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്,’ എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് അജയൻറെ രണ്ടാം മോഷണത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമാണം.
ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.