Malayalam
എആർഎമ്മിന്റെ വിജയം; മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിച്ച് അണിയറപ്രവർത്തകർ
എആർഎമ്മിന്റെ വിജയം; മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിച്ച് അണിയറപ്രവർത്തകർ
ടൊവിനോ തോമസിന്റേതായി പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ ജിതിൻ ലാലാണ് മോഹൻലാലിന് മൊമെന്റോ നൽകിയത്.
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, രചയിതാവ് സുജിത് നമ്പ്യാർ എന്നിവർ ചേർന്നാണ് മൊമെന്റോ നൽകിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് മൊമെന്റോ കൈമാറിയത്. മോഹൻലാലാണ് എആർഎമ്മിന്റെ തുടക്കത്തിൽ കോസ്മോറ്റിക് ക്രിയേറ്ററിന് ശബ്ദം നൽകിയത്.
ബോക്സോഫോസിൽ നൂറ് കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയുമുണ്ട്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്തത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
