Movies
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ അറിയിപ്പ് ഒടിടിയിലെത്തി
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ അറിയിപ്പ് ഒടിടിയിലെത്തി
മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ഒടിടിയിലെത്തി. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ ചിത്രമാണ് അറിയിപ്പ്
കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ ഒരു ഗ്ലൗസ് നിർമാണശാലയിൽ ജോലി ചെയുന്ന രണ്ടുപേരുടെ ഒരു വീഡിയോ കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
17 വർഷത്തിന് ശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതികൂടി അറിയിപ്പിന് സ്വന്തം. ലൊക്കാർണോ ചലച്ചിത്ര മേള, ബി എഫ് ഐ ലണ്ടൻ ചലച്ചിത്രമേള എന്നിവയ്ക്ക് പിന്നാലെ ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ നിർമ്മാണ കമ്പനിയായ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിലെ ആദ്യ ചിത്രമാണ് അറിയിപ്പ്. ഉദയ സ്റ്റുഡിയോസും മഹേഷ് നാരായണന്റെ പ്രൊഡക്ഷൻ കമ്പനിയായ മൂവിങ് നരേറ്റീവ്‌സും ഷെബിൻ ബെക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
60 ലധികം ചിത്രങ്ങളിൽ എഡിറ്ററായി ജോലിചെയ്ത മഹേഷ് നാരായണൻ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കെത്തിയത്. സി യു സൂൺ, മാലിക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ്, ഫഹദ് ഫാസിൽ നായകനായ മലയൻകുഞ്ഞിലൂടെ ഛായാഗ്രാഹണ മേഖലയിലും അരങ്ങേറ്റം നടത്തി.