ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ; റോബിന് പിറന്നാൾ സർപ്രൈസ് നൽകി ആരതി
ബിഗ് ബോസിലൂടെ മലയാളികളുടെയാകെ മനം കവർന്നിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകേണ്ടി വന്നെങ്കിലും ജനമനസുകളിൽ വിജയി റോബിൻ തന്നെയാണ്. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിൻ. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വർഷം അവസാനം വിവാഹം ഉണ്ടാകുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും. ബിഗ് ബോസിന് ശേഷം റോബിൻ വലിയ ജനപ്രീതിയിൽ നിൽക്കുമ്പോളാണ് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹനിശ്ചയത്തിലേക്ക് എത്തി. അതിനിടെ റോബിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം റോബിന് പിന്തുണയുമായി ആരതി ഉണ്ടായിരുന്നു.
സംരംഭകയും നടിയും മോഡലുമൊക്കെയായ ആരതി പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം റോബിനൊപ്പം എത്താറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെയും റോബിന്റെയും പുതിയ വിശേഷങ്ങളെല്ലാം ആരതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റോബിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരതി പൊടി. 33-ാം പിറന്നാൾ ആഘോഷിക്കുന്ന റോബിന് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരതി ആശംസകൾ നേർന്നത്.
നിരവധി പേരാണ് ആരതിയുടെ പോസ്റ്റിന് താഴെ റോബിന് ആശംസകളുമായി എത്തുന്നത്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ എന്നൊക്കെയാണ് ആരാധകർ ആശംസിക്കുന്നത്. ‘വേദനിപ്പിച്ചവരെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുക എന്ന മനോഭാവം എല്ലാവർക്കും കിട്ടില്ല പക്ഷെ… ഡോക്ടർക്ക് അത് വേണ്ടുവോളം ഉണ്ട്. ഏതോ ഒരു മുൻജന്മ ബന്ധം പോലെ അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചവർ ഇന്നും കൂടെയുണ്ട്. ജീവിത യാത്രയിൽ നല്ലത് മാത്രം സംഭവിക്കട്ടെ’ എന്നാണ് ഒരാൾ പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്.
ശ്രുതി രജനികാന്ത് അടക്കമുള്ള ഏതാനും താരങ്ങളും റോബിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് ശേഷം ഏറെക്കാലം ഉദ്‌ഘാടനങ്ങളും മറ്റുമായി തിരക്കിലായിരുന്ന റോബിൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നടക്കം അൽപം അകലം പാലിച്ചു നിൽക്കുകയാണ്. അതിനിടയ്ക്ക് റോബിൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനെ കുറിച്ചും പുതിയ അപ്‌ഡേറ്റുകളൊന്നും പുറത്തു വിട്ടിട്ടില്ല.
നിലവിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലും മറ്റുമാണ് റോബിനും ആരതിയും എന്നാണ് വിവരം. ഈ വർഷം അവസാനം വിവാഹമുണ്ടാകും എന്നാണ് വിവാഹനിശ്ചയ വേളയിൽ ഇരുവരും പറഞ്ഞത്. വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം എന്നാണെന്ന ചോദ്യങ്ങൾ ഇരുവരെയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വരാറുണ്ട്.