Bollywood
തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ
തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. ആരാധ്യ ബച്ചൻ ആണ് ഐശ്വര്യയുടേയും അഭിഷേകിന്റെ മകൾ.
ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾ ഗൂഗിളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആരാധ്യ ബച്ചൻ. ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ നേരത്തെയും തന്നെ കുറിച്ചുള്ള വ്യാജ വാർത്തകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഗൂഗിൾ, ബോളിവുഡ് ടൈംസ് തുടങ്ങിയ വെബ്സൈറ്റുകളോട് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വെബ്സൈറ്റുകൾ ഈ ഉത്തരവ് പാലിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ആരാധ്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് പരിഗണിച്ച കോടതി ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് നോട്ടീസ് അയച്ചു. മാർച്ച് 17ന് കോടതി കേസ് പരിഗണിക്കും. 2023 ഏപ്രിൽ 20ന് ആരാധ്യയ്ക്കെതിരായ തെറ്റായ വീഡിയോകൾ പിൻവലിക്കണമെന്ന് കോടതി യൂട്യൂബിനോടും ഉത്തരിവിട്ടിരുന്നു. ആരാധ്യ അസുഖ ബാധിതയായി ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ഈ വീഡിയോകളുടെ ഉള്ളടക്കം.
ചില വീഡിയോകളിൽ ആരാധ്യ മരണപ്പെട്ടതായും പറഞ്ഞിരുന്നു. അന്ന് വിഷയത്തിലിടപെട്ട കോടതി ഒരു വ്യക്തിക്ക് അയാൾ സെലിബ്രിറ്റിയാണെങ്കിലും അല്ലെങ്കിലും അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വിധിയിൽ തുടർ നിയമനടപടി ആവശ്യപ്പെട്ടാണ് ആരാധ്യ ബച്ചൻ രണ്ടാമത്തെ ഹർജി സമർപ്പിച്ചിരിക്കുന്നത്.
2011 നവംബർ 16ന് ആയിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യ ബച്ചൻ പിറന്നത്. ആരാധ്യ ബച്ചന് കഴിഞ്ഞ നവംബർ 16ന് ആണ് 13 വയസ് ആയത്. എപ്പോഴത്തെയും പോലെ തന്നെ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അമ്മയ്ക്കും മകൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ റായി പങ്കുവെച്ചത്.
എന്റെ ജീവിതത്തിലെ ശാശ്വതമായ സ്നേഹമായ പ്രിയപ്പെട്ട ഡാഡിയ്ക്ക് പിറന്നാൾ ആശംസകൾ. ഒപ്പം, എല്ലാക്കാലത്തേക്കും അതിനുശേഷവും എന്റെ ഹൃദയവും ആത്മാവും ആയ എന്റെ സ്നേഹം നിറഞ്ഞ ആരാധ്യയ്ക്കും പിറന്നാൾ ആശംസകൾ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഐശ്വര്യ റായി കുറിച്ചിരുന്നത്. ഐശ്വര്യ റായിയുടെ പിതാവായ കൃഷ്ണരാജ് റായി 2017 മാർച്ച് 18ന് ആയിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം നവംബർ 21ന് ആയിരുന്നു.
ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.
മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി.
കുറേക്കാലമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന കഥകൾ പ്രചരിക്കുകയായിരുന്നു. അഭിഷേകിന്റെ മാതാപിതാക്കളും സഹോദരിയുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ മാറി താമസിക്കാൻ കാരണമെന്നു തുടങ്ങി പലതരത്തിലുള്ള പ്രചരണമാണ് നടന്നിരുന്നത്.
