Bollywood
എആർ റഹ്മാൻ-സൈറ ഭാനും വിവാഹമോചനം; ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ട്; അഭിഭാഷക വന്ദനാ ഷാ
എആർ റഹ്മാൻ-സൈറ ഭാനും വിവാഹമോചനം; ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ട്; അഭിഭാഷക വന്ദനാ ഷാ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്.
പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയൽ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് പറയുകയാണ് സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദനാ ഷാ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വന്ദന ഇതേ കുറിച്ച് പറഞ്ഞത്.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു വന്ദനയുടെ മറുപടി. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാം. ജീവനാംശം സംബന്ധിച്ച വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതിരുന്ന അഭിഭാഷക സൈറയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി.
വർഷങ്ങളോളമുള്ള വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് സൈറ വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്ന് വന്ദന നേരത്തെ വ്യക്തമാക്കിയിരുന്നു. എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചനത്തിനായി ഒരുങ്ങിയപ്പോൾ അവരെ സഹായിക്കുന്നത് അഭിഭാഷകയായ വന്ദന ഷാ യാണ്.
ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നാണ് സൈറാ ബാനു വ്യക്തമാക്കിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ആണ് പ്രസ്താവനയിൽ സൈറ ഭാനു പറയുന്നത്.
അതേസമയം, വിവാഹ മോചന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു.
എന്നാൽ റഹ്‌മാന്റേയും സൈറയുടേയും വിവാഹ മോചനത്തിന് ഇതിമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിഭാഷ അറിയിച്ചത്. കൊൽക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആർ.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാൽപ്പതിലേറെ ഷോകളിൽ മോഹിനി പങ്കെടുത്തിട്ടുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ മോഹിനി തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. റഹ്മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്! എന്റെ കരിയറിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച, നിരവധി റോൾ മോഡലുകളും പിതാവിന് തുല്യ വ്യക്തിത്വങ്ങളും ജീവിതത്തിൽ തനിക്കുണ്ടെന്നും മോഹിനി പറഞ്ഞിരുന്നു.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം ആണ്.
മണിരത്നം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയർ ആരംഭിച്ച എആർ റഹ്‌മാൻ സ്ലം ഡോഗ് മില്ലിനർ എന്ന സിനിമയിലൂടെയാണ് ഓസ്‌കാർ നേടിക്കൊടുത്തത്. ഗോൾഡൻ ഗ്ലോബ് അവാർഡ്, നാഷണൽ ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.