വിമര്‍ശനത്തില്‍ നിന്ന് മാറി വല്ലാതെ ആക്രമിക്കുന്നതായി തോന്നാറുണ്ട്, എന്നെക്കുറിച്ചോ എന്റെ ചുറ്റുപാടുകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് പലരും വ്യക്തിപരമായി ആക്ഷേപിയ്ക്കുന്നത്; അപ്പാനിഅപ്പാനി ശരത്
അങ്കമാലി ഡയറീസ് എന്ന ചിത്രം കണ്ടിറങ്ങിയ കൂടുതല്‍ പേരും അന്വേഷിച്ചത് അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശരത് കുമാര്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി. ഈ നടനിപ്പോള്‍ അറിയപ്പെടുന്നതു പോലും അപ്പാനി ശരത് എന്നാണ്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
പലപ്പോഴും വിമര്‍ശനത്തില്‍ നിന്ന് മാറി വല്ലാതെ ആക്രമിക്കുന്നതായി തോന്നാറുണ്ട്. എന്നെക്കുറിച്ചോ എന്റെ ചുറ്റുപാടുകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് പലരും വ്യക്തിപരമായി ആക്ഷേപിയ്ക്കുന്നത്. നമ്മള്‍ സിനിമയിലേയ്ക്ക് വന്ന സാഹചര്യമോ അതിന് വേണ്ടി എടുത്ത എഫേര്‍ട്ടോ ഒന്നും ഇത്തരക്കാര്‍ക്ക് പ്രശ്നമല്ല.
സിനിമകള്‍ എപ്പോഴും കിട്ടണമെന്നില്ല, പക്ഷേ അതുകൊണ്ടൊന്നും നമ്മള്‍ സിനിമ നടന്‍ ആകാതിരിക്കില്ലല്ലോ. തുടരെ തുടരെ വിജയ ചിത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ആളുകള്‍ ആക്രമിയ്ക്കുന്നത് മറ്റൊരു തരത്തിലാണ്. അത് നമ്മളെ ബാധിയ്ക്കാറുണ്ട്.
പെട്ടെന്നൊരു ദിവസം ഓഡീഷന്‍ നടത്തി സിനിമയിലേയ്ക്ക് വന്ന ആളല്ല താനെന്നും അപ്പാനി ശരത് തന്റെ അഭിമുഖത്തില്‍ പറഞ്ഞു. അങ്കമാലി ഡയറീസില്‍ ഞാന്‍ എത്തുന്നത് അങ്ങനെയൊന്നും അല്ല. അതിന് പിന്നില്‍ ഒരുപാട് പരിശ്രമങ്ങളുണ്ട്. അങ്കമാലിയില്‍ കറിപൗഡറിന്റെ കച്ചവടത്തിനാണ് ആദ്യം പോകുന്നത്.
അങ്കമാലിയും പരിസര പ്രദേശങ്ങളും എനിക്ക് പരിചിതമാകുന്നത് അങ്ങനെയാണ്. പക്ഷേ ആ സംരംഭം വര്‍ക്കൗട്ടാകാതെ വന്നതോടെ ഞാന്‍ തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് പോയത് കാലില്‍ ചെരുപ്പ് പോലും ഇല്ലാതെയാണ്. അങ്കമാലിയില്‍വെച്ച് എന്റെ ഒരുചെരുപ്പ് ട്രെയിനിന്റെ ഇടയില്‍പ്പെട്ടു. ഒറ്റക്കാലില്‍ പോകാന്‍ പറ്റാത്തതുകൊണ്ട് മറ്റേ ചെരുപ്പും ഉപേക്ഷിച്ചാണ് തിരികെ പോകുന്നത്. അദ്ദേഹം പറഞ്ഞു.