Actress
വിവാഹത്തെ കുറിച്ച് ചോദിക്കുന്നവർക്ക് തക്ക മറുപടിയുമായി അനുശ്രീ
വിവാഹത്തെ കുറിച്ച് ചോദിക്കുന്നവർക്ക് തക്ക മറുപടിയുമായി അനുശ്രീ
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരിൽ ഒരാളാണ്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തിൽ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
എന്നാൽ കാലങ്ങളായി അനുശ്രീയുടെ കല്യാണത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ആരാധകർ ചോദിക്കാറുണ്ട്. അനുശ്രീ പങ്കുവയ്ക്കുന്ന പോസ്‌റ്റുകളിൽ ഭൂരിഭാഗത്തിനും താഴെ ഇത്തരം കമന്റുകളും ചോദ്യങ്ങളും എപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ചോദിക്കുന്ന എല്ലാവർക്കും പരോക്ഷമായി മറുപടി നൽകുകയാണ് താരം തന്റെ പുതിയ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ. ഏറ്റവും ഒടുവിൽ പങ്കുവച്ച ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലാണ് ഇത്തരമൊരു മറുപടിയുണ്ടെന്ന് ആരാധകർ പറയുന്നത്.
‘ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് സ്വയം സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാർഗം’ എന്ന ക്യാപ്ഷനോട് കൂടിയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. അനുശ്രീ ഒറ്റയ്ക്ക് ഒരു സ്വിമ്മിംഗ് പൂളിന് അരികിൽ നിൽക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. കൂടുതൽ ഒന്നും പോസ്‌റ്റിൽ പറയാൻ അനുശ്രീ തയ്യാറായിട്ടില്ല. എന്നാൽ ഇത് വിവാഹത്തെ കുറിച്ചുള്ള അനുശ്രീയുടെ കാഴ്‌ചപ്പാടാണ് എന്നാണ് കൂടുതൽ ആരാധകരും അഭിപ്രായപ്പെടുന്നത്.
അതേസമയം, പലപ്പോഴും അനുശ്രീ പ്രണയത്തിലാണെന്നും വിവാഹിതയാവാൻ പോവുകയാണെന്നും ഇടയ്ക്കിടെ ഗോസിപ്പുകൾ വരാറുണ്ട്. നടൻ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം പലപ്പോഴും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഉണ്ണി മുകുന്ദനും അനുശ്രീയും പലപ്പോഴും രംഗത്തെത്തിയിട്ടുമുണ്ട്.
അനുശ്രീയെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്യപ്പെട്ടത് നടൻ ഉണ്ണി മുകുന്ദന്റെ പേരിലാണ്. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം. ഇവർ ഒരുമിച്ച് ഒരു വേദിയിൽ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫഌറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദൻ വന്നതുമെല്ലാം ഇവർ തമ്മിൽ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി. എന്നാൽ തങ്ങൾ തമ്മിൽ അത്തരത്തിൽ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്.
വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാൽ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈൻഡിൽ അതിനെ കാണാൻ താൽപര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമായിരിക്കും. ഇപ്പോൾ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.
മാത്രമല്ല, തന്റെ വിവാഹം പെട്ടെന്ന് നടത്താതെ ഇരിക്കാനാണ് സഹോദരനെ കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചതെന്ന് മുൻപൊരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞിരുന്നു. അങ്ങനെ മാതാപിതാക്കളെക്കാളും ഉത്തരവാദിത്തത്തോട് കൂടി സഹോദരനെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും അതിൽ സന്തോഷമാണെന്നുമാണ് നടി പറഞ്ഞിരുന്നത്.
തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂവെന്നാണ് അനുശ്രീ പറഞ്ഞിരുന്നത്.
