Bollywood
അനുഷ്‌കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കരണ്‍ ജോഹര്‍; വീണ്ടും വൈറലായി വാക്കുകള്‍
അനുഷ്‌കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കരണ്‍ ജോഹര്‍; വീണ്ടും വൈറലായി വാക്കുകള്‍
പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. ഹോളിവുഡിലേയ്ക്ക് ചേക്കേറാനുള്ള കാരണം ഹിന്ദി സിനിമകളില്‍ അവഗണന നേരിട്ടതാണെന്നും അവിടുത്തെ ‘പൊളിറ്റിക്‌സ്’ മടുത്തു എന്നും നടി പറഞ്ഞിരുന്നു.
പ്രിയങ്ക പേര് വ്യക്തമാക്കിയില്ലെങ്കിലും കരണ്‍ ജോഹര്‍ ആണ് ഇതിന് പിന്നില്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബോളിവുഡില്‍ സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ‘സ്റ്റാര്‍ കിഡ്‌സിന്’ പരിഗണന നല്‍കുന്ന കരണ്‍ മറ്റുള്ള അഭിനേതാക്കളുടെ കരിയറിന്മേല്‍ ഇടപെടല്‍ നടത്തുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കരണ്‍ ഒരിക്കല്‍ നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
2016ലെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ അനുഷ്‌ക ശര്‍മ്മയുമായുള്ള മുഖാമുഖം പരിപാടിയില്‍ അനുഷ്‌കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കരണ്‍ പറഞ്ഞത്. അനുഷ്‌ക ചിരിച്ച് ഒരു തമാശ പോലെയാണ് ഇതിനെ സ്വീകരിക്കുന്നതും. തനിക്ക് അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.
‘ആദിത്യ ചോപ്രയാണ് അനുഷ്‌കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ നായികയാക്കുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയായിരുന്നു എന്റെ മനസില്‍. അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കുന്നതിന് ഞാന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ‘രബ്‌നേ ബനാ ദി ജോടി’ എന്ന സിനിമ മനസ്സില്ലാ മനസോടെയാണ് കണ്ടു തീര്‍ത്തത്.
എന്നാല്‍ ‘ബാന്റ് ബജാ ഭാരത്’ കണ്ടതിന് ശേഷം അനുഷ്‌കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു.’ താന്‍ വിചാരിച്ച പോലെ നടന്നിരുന്നെങ്കില്‍ അനുഷ്‌കയുടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്ന് കരണ്‍ പറയുന്നുണ്ട്.
സംഭവം തമാശയല്ലെന്ന അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ അധികവും. ബോളിവുഡിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്ത് വരാറുള്ള നടി കങ്കണ റണൗട്ട് ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ എത്തി ‘നിങ്ങള്‍ നെപ്പോട്ടിസത്തിന്റെ പിതാവാണ്’ എന്ന് കിരണിനെ വിളിച്ചിരുന്നു. അനുഷ്‌ക കഴിവു തെളിയിച്ചതിനാല്‍ രക്ഷപ്പെട്ടു, എത്രപേരുടെ അഭിനയ ജീവിതം കരണ്‍ ജോഹര്‍ ഇല്ലാതാക്കിക്കാണും എന്നാണ് സോഷ്യല്‍ മീഡിയ ആശങ്കപ്പെടുന്നത്.