Malayalam
അവന് എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്; പ്രണവിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ
അവന് എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്; പ്രണവിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച നരസിംഹത്തിലൂടെയായിരുന്നു കടന്നുവരവ്. പ്രേക്ഷകർ ആഘോഷമാക്കിയ പല മോഹൻലാൽസിനിമയുടെയും തുടക്കത്തിൽ നിർമാണം ആന്റണി പെരുമ്പാവൂർ എന്ന ടൈറ്റിൽ തെളിഞ്ഞു.
മംഗലശ്ശേരി നീലകണ്ഠൻ രണ്ടാംവരവ് നടത്തിയ രാവണപ്രഭുവും തല്ലിത്തോൽപ്പിക്കാനായി വെല്ലുവിളിച്ച മുള്ളൻകൊല്ലി വേലായുധന്റെ നരനും മലയാളസിനിമയുടെ തലവര മാറ്റിയ ജോർജുകുട്ടിയുടെ ദൃശ്യവും ഇരുനൂറുകോടി ക്ലബ്ബിലിടം നേടിയ ലൂസിഫറുമെല്ലാം ആശീർവാദിന്റെ ആകാശത്തെ തിളക്കമേറിയ ചില നക്ഷത്രങ്ങൾ മാത്രം.
ഇന്ന് സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിന്റെ കരിയറിലും ജീവിതത്തിലും വലിയ സ്വാധീനം ആന്റണി പെരുമ്പാവൂരിനുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ ആദ്യ സിനിമയുടെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ആന്റണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ആശിർവാദ് സിനിമാസിൻ്റെ 22-ാമത് നിർമ്മാണ സംരംഭമായ ആദിയിലൂടെ പ്രണവ് മോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ അടയാളപ്പെടുത്തിയതാണ്. ലാൽ സാറിനും സുചി ചേച്ചിക്കും മായയ്ക്കും കുടുംബവുമായി അടുപ്പമുള്ള എല്ലാവർക്കും അത് അഭിമാനത്തിൻ്റെ നിമിഷമായിരുന്നു.
ആ ഒരു തുടക്കം ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലൂടെയായി എന്നത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരുന്നുവെന്നതിൽ സംശയമില്ല. അത് അപ്പുവിന് ആശ്വാസവും പിന്തുണയും ആത്മവിശ്വസാവും നൽകിയിരുന്നു. അപ്പുവിന്റെ തുടക്കത്തെ കുറിച്ച് ഞങ്ങൾക്കുണ്ടായിരുന്ന അതേ കാഴ്ചപ്പാട് തന്നെ ജീത്തു ജോസഫിനും ഉണ്ടായിരുന്നു. ചിത്രത്തിലുടനീളം അപ്പുവിൻ്റെ പ്രകടനം പ്രശംസിക്കപ്പെട്ടു.
മലയാള സിനിമയിലെ ഒരു മികച്ച നായക നടനായി അപ്പുവിന് ചിരപ്രതിഷ്ഠ നേടാനായി. മികച്ച സംവിധാനവും ഞങ്ങളുടെ ടീമിൻ്റെ പ്രതിബദ്ധതയും കൊണ്ട് ആദി ഞങ്ങൾക്കെല്ലാവർക്കും അരങ്ങേറ്റം വൈകാരിക യാത്രയാണ്. പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിച്ച സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. അപ്പുവിന്റെ ആദ്യ സിനിമ ഞങ്ങളുടെ യാത്രയിലെ നാഴികക്കല്ലായിരുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൽ അല്ലാതെ മറ്റൊരു നടൻ അഭിനയിച്ച ഒരേയൊരു ചിത്രമായിരുന്നു ആദി. ജനിച്ച നാൾ മുതൽ അവന് എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രത്യേക സ്ഥനമുണ്ട്. അപ്പുവിന്റെ അരങ്ങറ്റം എന്നും സ്വപ്നമായിരുന്നു. ലാൽ സാറിനും അപ്പുവിനും ആദിയുടെ മുഴുവൻ ടീമിനും – ഈ പ്രിയപ്പെട്ട ഓർമ്മയുടെ ഭാഗമായതിന് നന്ദി എന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്.
ആദ്യ ചിത്രമായ ആദിയിൽ വളരെ മികച്ച പ്രകടനമായിരുന്നു പ്രണവ് മോഹൻലാൽ കാഴ്ച്ചവച്ചത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ക്ലൈമാക്സ് രംഗങ്ങളിലെ ചടുലമായ ആക്ഷൻ രംഗങ്ങൾ അസാമാന്യ മെയ്‌വഴക്കത്തോടെ ചെയ്ത് പ്രണവ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഒന്നാമൻ, പുനർജനി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ പ്രണവ്, ജിത്തു ജോസഫ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രണവ്. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ടെന്നാണ് വിവരം.
