Connect with us

എനിക്ക് മകനുണ്ടായപ്പോഴാണ് അപ്പന്റെ വേദന ഞാൻ മനസ്സിലാക്കുന്നത് ; നീയാണ് അതിന് കാരണമെന്ന് അനൂപ്

serial news

എനിക്ക് മകനുണ്ടായപ്പോഴാണ് അപ്പന്റെ വേദന ഞാൻ മനസ്സിലാക്കുന്നത് ; നീയാണ് അതിന് കാരണമെന്ന് അനൂപ്

എനിക്ക് മകനുണ്ടായപ്പോഴാണ് അപ്പന്റെ വേദന ഞാൻ മനസ്സിലാക്കുന്നത് ; നീയാണ് അതിന് കാരണമെന്ന് അനൂപ്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ദർശന. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയിൽ നടി ദർശനയും ഭർത്താവും അസിസ്റ്റന്റ് ഡയരക്ടറുമായ അനൂപും പങ്കെടുക്കുന്നുണ്ട് . ഷോയിൽ വെച്ചാണ് തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് ഇരവരും തുറന്ന് പറഞ്ഞത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്ന് തൊട്ട് ഇന്ന് വരെ ദർശനയുടെ കുടുംബം മകളെയും മരുമകനെയും അംഗീകരിച്ചിട്ടില്ല. ഈ കഥ ഷോയിൽ പറയുമ്പോൾ, എനിക്ക് അമ്മ മാത്രമാണ് ഉള്ളത് എന്ന് അനൂപ് പറഞ്ഞിരുന്നു. അച്ഛനുമായുള്ള തന്റെ ബന്ധത്തെ കുറിച്ചാണ് കഴിഞ്ഞ എപ്പിസോഡിൽ അനൂപ് പറഞ്ഞത്. താൻ ലോകത്ത് ഏറ്റവും അധികം വെറുത്തിരുന്നത് അച്ഛനെ ആയിരുന്നു എന്നും, എന്നാൽ അതിൽ നിന്ന് എന്നെ മാറി ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിച്ചത് ഭാര്യ ദർശനയാണ് എന്നും അനൂപ് പറയുന്നു. അനൂപിന്റെ വാക്കുകളിലൂടെ

എനിക്ക് ഒന്നര- രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അപ്പനും അമ്മയും വേർപിരിഞ്ഞത്. അത് എന്താണ് എന്ന് അറിയാനുള്ള പ്രായം എനിക്ക് ഇല്ലായിരുന്നു. അപ്പന്റെ സ്ഥാനം എനിക്ക് പിന്നീട് മിസ്സ് ചെയ്‌തോ എന്ന് ചോദിച്ചാൽ, അങ്ങനെ ഒരാളെ കണ്ട ഓർമ എനിക്ക് ഇല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. പിന്നീട് ഞാൻ വളരുന്ന ഘട്ടങ്ങളിൽ അപ്പനെ കുറിച്ച് ഞാൻ കേൾക്കുന്നത് എല്ലാം നെഗറ്റീവ് കാര്യങ്ങളാണ്.

അമ്മയും അമ്മയുടെ അച്ഛനും അമ്മയും ഞങ്ങളുടെ കുറച്ച് കസിൻസും നാട്ടുകാരും എല്ലാം പറയുന്ന അപ്പനെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ കേട്ടാണ് ഞാൻ വളർന്നത്. അത് എന്റെ മനസ്സിലേക്ക് കയറിയപ്പോൾ മുതൽ, ആ ചെറുപ്പം മുതലേ എന്റെ ഉള്ളിൽ അപ്പനോടുള്ള വെറുപ്പും കൂടി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുത്തതും എന്റെ അപ്പനെ തന്നെയായിരുന്നു. കുടുംബം എന്താണെന്നും കുടുംബത്തിന്റെ അന്തരീക്ഷം എന്താണ് എന്നും നീ (ദർശന) എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞ് ആണ് എന്നെ വളർത്തിയത്. ചെറുപ്പത്തിൽ ഞാൻ എന്തെങ്കിലും കുസൃതിത്തരം കാണിക്കുമ്പോൾ, അവൻ ആ പ്രാന്തന്റെ മോനല്ലേ എന്നാണ് പറയാറുള്ളത്. അതും പുറത്തുള്ളവരല്ല, വീട്ടുകാർ തന്നെ. അത് കേട്ട് ഒന്നും മിണ്ടാതെ എന്റെ അമ്മ നിൽക്കുന്നതും എനിക്ക് ഓർമയുണ്ട്. അതോടെ എനിക്ക് എല്ലാത്തിനോടും ചെറുപ്പം മുതലേ വെറുപ്പാണ്. ടിപ്പിക്കൽ അപ്പൻ അമ്മ സ്‌നേഹം ബന്ധം എല്ലാം കടപടമാണ് എന്ന് ഞാൻ വിശ്വസിച്ചു. എന്റെ അനുഭവം അതാണ്.

എന്റെ സ്‌കൂൾ കാലത്തും, കൊളേജ് കാലത്തും എല്ലാം ഈ കുത്തുവാക്കുകളും അവഗണനകളും കേട്ട് തന്നെയാണ് ഞാൻ വളർന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും എന്റെ അപ്പനെയും ആ വീടിനെയും ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട്. ഞാൻ കേട്ടതിനെക്കാൾ അപ്പുറം അവഗണനയും കുത്തുവാക്കുകളും അമ്മയും കേട്ടിട്ടുണ്ട്. അതെല്ലാം നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ

ആ സമയത്ത് ആണ് അപ്പന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ചാച്ചൻ വിളിച്ചത്. എന്നെ കാണണം എന്ന ആഗ്രഹം പറഞ്ഞത് അനുസരിച്ച് ഞാൻ പോയി. അമ്മാമ്മയെ കണ്ടു, പുറത്തേക്ക് ഇറങ്ങുമ്പോൾ ചാച്ചൻ അപ്പനെ വിളിച്ചു. അപ്പൻ പുറത്തെ മുറിയിലുണ്ടായിരുന്നു. പക്ഷെ ചാച്ചൻ വിളിച്ചിട്ടും എനിക്ക് ആരെയും കാണണ്ടാ എന്ന് പറഞ്ഞ് അപ്പൻ പുറത്തേക്ക് ഇറങ്ങാതെ നിന്നു. എന്റെ ദേഷ്യം കൂടി. ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു.

അതിന് ശേഷം നമ്മുടെ കല്യാണം കഴിഞ്ഞു, റിസപ്ഷൻ നടത്തണം എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ഞാൻ ചാച്ചന്മാരെ വിളിച്ചു. അപ്പോൾ അവർ അപ്പനെ വിളിക്കാൻ പറഞ്ഞു. ഞാൻ വിളിക്കില്ല, ചാച്ചൻ മാർ വരുന്നെങ്കിൽ വന്നാൽ മതി എന്ന് ഞാൻ പറഞ്ഞു. അപ്പനും വന്നില്ല, ചാച്ചന്മാരും വന്നില്ല. അതിന് ശേഷം എനിക്ക് അപ്പനോടുള്ള എന്റെ വെറുപ്പ് കൂടി. പക്ഷെ നീ വന്നതിന് ശേഷം എന്നോട് അപ്പനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. നിന്നിലൂടെയാണ് പിന്നീട് ഞാൻ അപ്പനെ അറിഞ്ഞത്.

നീ പറഞ്ഞാണ് ഞാൻ അറിഞ്ഞത് എന്റെ അപ്പൻ പഠിക്കാൻ വളരെ മിടുക്കനായിരുന്നു, വലിയ ബുജിയായിരുന്നു എന്ന്. അമ്മയോട് ഒരിക്കലും ഞാൻ ചോദിച്ചിട്ടില്ല, എന്താണ് നിങ്ങൾക്ക് ഇടയിൽ സംഭവിച്ചത് എന്ന്. പക്ഷെ നീ പലരോടും ചോദിച്ച് എല്ലാം മനസ്സിലാക്കിയിരുന്നു. നീ പിന്നീട് അപ്പനെ കുറിച്ച് എന്നോട് നല്ലത് മാത്രം പറയുമ്പോൾ ഞാൻ കരുതിയത് എന്റെ മനസ്സിലെ അപ്പന്റെ ചിത്രം മായ്ക്കാൻ നീ കള്ളം പറയുകയാണ് എന്നാണ്.അച്ഛന് ന്യൂമോണിയ അധികമായി കോട്ടയം മെഡിക്കൽ കോളേജിൽ കിടക്കുന്ന സമയത്ത് നീ എന്നെയും അമ്മയെയും കൂട്ടി അപ്പനെ കാണാനായി പോയി. 28 വയസ്സിന് ഇടയിൽ അന്നാണ് ഞാൻ അപ്പനെ ആദ്യമായി കാണുന്നത്. തീരെ അവശനായി ട്യൂബ് എല്ലാം ഇട്ട് കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ എനിക്ക് ഒട്ടും വിഷമം തോന്നിയില്ല. എന്നെ നോക്കാത്ത, എന്റെ അമ്മയെ നോക്കാത്ത ആൾ എന്ന അമർഷം ആയിരുന്നു അപ്പോഴും

അപ്പൻ മരിച്ചപ്പോൾ അന്ത്യ കർമത്തിന് വേണ്ടി ഞങ്ങളെ വിളിച്ചു. അവസാനത്തെ ചുംബനം കൊടുക്കാനായി ചാച്ചൻ വിളിച്ചപ്പോഴും വലിയ വികാരം ഒന്നും ഇല്ലാതെയാണ് ഞാൻ പോയത്. ഉമ്മ കൊടുത്ത് കഴിഞ്ഞപ്പോഴാണ് എന്റെ ഉള്ളിൽ എന്തോ ഒരു സ്പാർക്ക് വീണത്. അന്നാണ് ശരിയ്ക്കും ഞാൻ അപ്പന്റെ മുഖം ആദ്യമായി ശ്രദ്ധിച്ചത്. എല്ലാം കഴിഞ്ഞ് എനിക്ക് മകനുണ്ടായപ്പോഴാണ് അപ്പന്റെ വേദന ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് അപ്പനെ എത്രമാത്രം മിസ്സ് ചെയ്തിരുന്നു, അങ്ങേർക്ക് എന്നെ എത്രമാത്രം മിസ്സ് ചെയ്തിരുന്നു ഞങ്ങൾ രണ്ട് പേരെയും അമ്മയ്ക്ക് എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഞാനൊരു അപ്പനായതിന് ശേഷമാണ്. നീയാണ് അതിന് കാരണം- അനൂപ് പറഞ്ഞു

More in serial news

Trending

Recent

To Top