News
ഇത്തവണയും ആനി പൊങ്കാലയിട്ടു, പക്ഷേ വീട്ടുവളപ്പിലാണെന്ന് മാത്രം!; അതിന്റെ കാരണത്തെ കുറിച്ച് ആനി
ഇത്തവണയും ആനി പൊങ്കാലയിട്ടു, പക്ഷേ വീട്ടുവളപ്പിലാണെന്ന് മാത്രം!; അതിന്റെ കാരണത്തെ കുറിച്ച് ആനി
ആറ്റുകാല്‍ പൊങ്കാല ദിവസം പ്രേക്ഷകര്‍ പതിവായി തിരയുന്ന താര മുഖങ്ങളില്‍ ഒരാളാണ് ആനി. ഇക്കുറിയും പതിവിന് മുടക്കം വരുത്താതെ ആനി പൊങ്കാലയിട്ടു. പക്ഷേ വീട്ടുവളപ്പില്‍ ആണെന്ന് മാത്രം. ഒപ്പം ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസുമുണ്ട്. സിനിമയില്‍ നിന്ന് ലഭിച്ച ഇടവേള പ്രയോജനപ്പെടുത്തി പൊങ്കാല ദിവസം വീട്ടില്‍ എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്ര പരിസരത്ത് പോയാണ് പൊങ്കാല ഇടാറ്. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ പൊങ്കാലയിട്ടു. അമ്മ മരണപ്പെട്ടതിനു ശേഷമുള്ള പൊങ്കാലയാണ് ഇത്തവണ. അമ്മയുടെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇത്തവണ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ തീരുമാനിച്ചത്, ആനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഹണ്ട് എന്ന സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു കൊച്ചിയില്‍. ഒരു ആറ് ദിവസം ഇടവേളയുണ്ട്. ആ സമയത്ത് കറക്റ്റ് ആയിട്ട് ഇവിടെ എത്തി. പൊങ്കാല കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാത്തവണയും ദൂരെ പോയല്ലേ ഇടുന്നത്. ഇത്തവണ വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ അത് നേരില്‍ കണ്ട് സന്തോഷിക്കാമെന്ന് കരുതി, ഷാജി കൈലാസ് പറഞ്ഞു.
അതേസമയം കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണുള്ളത്. പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു മണി മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാം. ഫുട്പാത്തില്‍ അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ലെന്നും സിറ്റി പൊലീസ്‌കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
