Social Media
കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ്
കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ സാപ്പി അന്തരിച്ചത്. പിന്നാലെ യൂട്യൂബ് ചാനലുകാര്‍ക്കും ബ്ലോഗർമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മരണ വീട്ടിലും സംസ്കാര സമയത്തും മൊബൈലും, മൈക്കും ക്യാമറയും ആയി വ്ളോഗർമാരും യൂട്യൂബ് ചാനലുകളും വിവാഹ വീട്ടിൽ എന്ന പോലെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മത്സരിച്ചതെന്നായിരുന്നു വിമര്‍ശനം.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ്. മരണവീട്ടിൽ പോലും മാർക്കറ്റിങ് ലക്ഷ്യമിടുന്ന പാപ്പരാസി സംസ്കാരത്തിന്, കണ്ണുനീർ വിറ്റ് പള്ള നിറയ്ക്കാൻ വെമ്പുന്ന യൂ ട്യൂബർ -ഓൺലൈൻ മീഡിയ വൾച്ചർ കൾച്ചറിന് തടയിടാൻ നിയമം വന്നെങ്കിലെന്ന് അതിയായി ആഗ്രഹിക്കുന്നെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
അഞ്ജുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ
ഏറ്റവും പ്രിയപ്പെട്ടൊരാൾ മരണപ്പെടുന്ന സമയത്ത് പോലും സ്വകാര്യത ലഭിക്കാത്തവരാണ് സെലിബ്രിറ്റികൾ. അവരുടെ കണ്ണീരിൻ്റെ ഓരോ തുള്ളി വരെ ഒപ്പിയെടുക്കാൻ വെമ്പുന്ന ക്യാമറാക്കണ്ണുകളും അത് മാർക്കറ്റ് ചെയ്യാൻ നില്ക്കുന്ന മാധ്യമങ്ങളും. ഒപ്പം അവരുടെ കണ്ണീര് വിറ്റ് പള്ള നിറയ്ക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന യൂട്യൂബ് -ഓൺലൈൻ കഴുകന്മാരും.
സെലിബ്രിറ്റികളോ അവരുടെ വേണ്ടപ്പെട്ടവരോ മരണമടഞ്ഞാൽ അവരുടെ വീട്ടുപടിക്കൽ മൈക്കും ക്യാമറയും മൊബൈലും പൊക്കിപ്പിടിച്ചു നടക്കുന്ന ഇരുകാലികളെ കാണുമ്പോൾ കാക്കപ്പാറ -ബന്ദിപ്പൂർ കഴുകൻ റെസ്റ്റോറന്‍റ് ആണ് മനസ്സിൽ വരുന്നത്. പക്ഷേ കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല എന്നതാണ് വാസ്തവം.
കഴുകന്മാർ സംസ്കരിക്കാത്ത ശവശരീരം കൊത്തിവലിക്കുന്നു. എന്നാൽ ഇവറ്റകളോ ജീവനുള്ള മനുഷ്യരെ അവരുടെ വികാരങ്ങളെ അപ്പാടെ കൊത്തിപറിച്ചു പച്ചയോടെ ഭക്ഷിക്കുന്നു. മിക്ക സെലിബ്രിറ്റികളും ഇത്തരം അവസരങ്ങളിൽ ഉള്ള് പിളർന്ന് നില്ക്കുമ്പോഴും പിടിച്ചുനില്ക്കാനാണ് അവർ ശ്രമിക്കുക. ഉള്ളിലെ വേദന പരസ്യമാക്കാതെ ഒറ്റയ്ക്കൊരിടത്ത് കരഞ്ഞു തീർക്കുന്നവരാണ് പലരും.
ശ്രീ സിദ്ധിഖ് ഇക്കയുടെ മകന്റെ വിയോഗം അറിഞ്ഞു അദ്ദേഹത്തെ അശ്വസിപ്പിക്കാൻ എത്തിയ മനുഷ്യരെ, അവരുടെ വികാരങ്ങളെ ഒപ്പിയെടുക്കാൻ പതിവ് പോലെ ഇത്തരം നരഭോജികളുടെ മത്സരം ആയിരുന്നു. അതിനിടയിൽ സെൽഫി എടുക്കാൻ നടക്കുന്ന കുറേ ന്യൂ ജെൻ വേസ്റ്റുകളും.
പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്. ഒരു മരണവീട്ടിൽ അത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട മിനിമം മര്യാദ പോലും അറിയാത്ത വിവരദോഷികൾ. അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്ന മനുഷ്യ മനസ്സിന്‍റെ ഇടുങ്ങിയ ചിന്താഗതിയുമായി വരുന്ന സ്വാർത്ഥരാണ് മല്ലൂസ്.
നമ്മൾ ഒത്തുചേർന്ന് കൂടിയിരിക്കുന്നത് ഒരു വ്യക്തിയോട് അവർ വിട പറയുന്ന അവസരത്തിൽ നമ്മുടെ അനുശോചനവും ബഹുമാനവും നൽകി വിട പറയാനാണ് എന്ന തിരിച്ചറിവ് ഒന്നും ബാധകമേയല്ല . നമ്മുടെ വ്യക്തിപരമായ പ്രൊഫൈൽ വലുതാക്കാനുള്ള അവസരമാണ് പലർക്കും ഇത്തരം സന്ദർഭങ്ങൾ.
ഔചിത്യബോധം എന്നതിന്റെ ബാലപാഠം പോലും അറിയാത്ത മനുഷ്യർക്ക് സ്റ്റഡി ക്ലാസ് എടുത്തിട്ട് കാര്യം ഇല്ലെന്ന് അറിയാം. എങ്കിലും മരണവീട്ടിൽ പോലും മാർക്കറ്റിങ് ലക്ഷ്യമിടുന്ന പാപ്പരാസി സംസ്കാരത്തിന്, കണ്ണുനീർ വിറ്റ് പള്ള നിറയ്ക്കാൻ വെമ്പുന്ന യൂ ട്യൂബർ -ഓൺലൈൻ മീഡിയ വൾച്ചർ കൾച്ചറിന് തടയിടാൻ നിയമം വന്നെങ്കിലെന്ന് അതിയായി ആഗ്രഹിക്കുന്നു.