Actress
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകി അനശ്വര രാജൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകി അനശ്വര രാജൻ
വയനാട് ഉരുൾപൊട്ടലിന്റെ വേദനയിലാണ് കേരളക്കര, ഈ വേളയിൽ നിരവധി പേരാണ് വയനാടിന് സഹായ ഹസ്തവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ദുരന്ത ഭൂമിയായി മാറിയ വയനാട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് നടി അനശ്വര രാജൻ.
താരത്തിന്റെ അമ്മ ഉഷ രാജനാണ് എറണാകുളം ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറിയത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വയനാടിനായി സഹായമെത്തുകയാണ്. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. അല്ലു അർജുൻ 25 ലക്ഷം, ചിരഞ്ജീവിയും രാം ചരണും ചേർന്ന് 1 കോടി രൂപയും നൽകിയിരുന്നു.
വിക്രം, കമൽ ഹാസൻ 20 ലക്ഷം രൂപയും ബോളിവുഡ് താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും നൽകിയിരുന്നു. മാത്രമല്ല, മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ജോജു ജോർജ് 5 ലക്ഷം രൂപയും അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപയും നൽകിയിരുന്നു.
ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പേളിമാണി, ശ്രീനിഷ്, സൗബിൻ, സിത്താര കൃഷ്ണകുമാർ,ആസിഫ് അലി എന്ന് തുടങ്ങി നിരവധി പ്രമുഖരാണ് വയനാടിനായി കൈകോർത്ത് രംഗത്തെത്തിയത്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ജനകീയ തിരച്ചിൽ ഇന്ന് തുടങ്ങും. രാവിലെ ആറ് മണി മുതൽ 11 മണി വരെയാണ് തിരച്ചിൽ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ 190 പേർ തിരച്ചലിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.