Actress
എമി ജാക്സൺ വിവാഹിതയായി
എമി ജാക്സൺ വിവാഹിതയായി
തമിഴ്- ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയും ബ്രിട്ടിഷ് മോഡലുമാണ് എമി ജാക്സൺ. ഇപ്പോഴിതാ നടി വിവാഹിതയായി എന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക് ആണ് വരൻ. വിവാഹ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
2023 ലാണ് താരങ്ങൾ തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞത്. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വതനിരകളിൽ വെച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മനോഹരമായ തൂക്കുപാലത്തിൽ വച്ചാണ് വെസ്റ്റിക്ക് എമിയെ പ്രൊപ്പോസ് ചെയ്തത്. ‘ഹെൽ യെസ്’ എന്നായിരുന്നു എമിയുടെ മറുപടി.
എമി ജാസ്കൻറെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടൽ വ്യവസായി ജോർജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭർത്താവ്. 2015 ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2019 ൽ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. യുകെയിലെ ലിവർപൂളിൽ ജനിച്ചുവളർന്ന എമി ജാക്സൺ 2009ലെ മിസ് ടീൻ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്.
15-ാം വയസിൽ അമേരിക്കയിലെ മിസ് ടീൻ വേൾഡ് ടൈറ്റിൽ നേടി. എ.എൽ.വിജയ് സംവിധാനം ചെയ്ത ‘മദ്രാസ് പട്ടണം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ, രജനി നായകനായ ശങ്കർ ചിത്രം ‘2.0’യാണ് എമിയുടെ ഏറ്റവും ഒടുവിൽ പുറത്തെത്തിയ ചിത്രം.