Malayalam
അമ്മ പിളർപ്പിലേക്ക്…ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു; പുറത്ത് വരുന്ന വിവരം ഇങ്ങനെ
അമ്മ പിളർപ്പിലേക്ക്…ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു; പുറത്ത് വരുന്ന വിവരം ഇങ്ങനെ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാല താര സംഘടനയായ അമ്മ ഭരണസമിതി വരെ പിരിച്ചു വിടേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ കടന്നത്. ഇപ്പോഴിതാ അമ്മ പിളർപ്പിലേക്ക് കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടീ-നടന്മാരുടെ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചെന്നാണ് വിവരം.
പുതിയ നീക്കത്തെ അമ്മ പിളർപ്പിലേക്ക് എന്ന് വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. അമ്മ എന്ന് പറയുന്ന ഒരു സംഘടനയുടെ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെയാണ് അവർ പുതിയ ട്രേഡ് യൂണിയനെക്കുറിച്ച് ആലോചിക്കുന്നത്. നമുക്ക് ഇവിടെ മാക്ടയുണ്ട്. ഞാൻ മാക്ടയിലും ഫെഫ്കയിലും അംഗമാണ്. അതുകൊണ്ട് തന്നെ അമ്മ പിളർപ്പിലേയ്ക്ക് എന്ന് വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഏതാണ്ട് പതിനഞ്ച് മുതൽ ഇരുപത് വരെ ആളുകൾ പല സമയങ്ങളിലാണ് എന്നോട് ഇതേക്കുറിച്ച് സംസാരിച്ചത്. അവരുടെ പേര് വിവരങ്ങൾ ഞാനായിട്ട് വെളിപ്പെടുത്തുന്നത് ശരിയല്ല. അവരെ സംബന്ധിച്ച് ഒരു ട്രേഡ് യൂണിയൻ രൂപീകരിച്ചാൽ കൊള്ളാമെന്നത് അവരെ സംബന്ധിച്ച് ഒരു ആലോചന മാത്രമാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് എങ്ങനെയാണ്.
അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നാണ് അവർ എന്നോട് ചോദിച്ചത്. പുതുതായി രൂപീകരിക്കാൻ ഉദ്ധേശിക്കുന്ന സംഘടനയ്ക്ക് ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടോയെന്നും അവർ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു സാധ്യത ഇപ്പോൾ ഇല്ലെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. ഫെഫ്കയിൽ 21 യൂണിയനുകളുണ്ട്. ഇവരുമായി ചർച്ച ചെയ്തിട്ട് വേണം അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ.
എല്ലാത്തിനും ഒടുവിൽ ജനറൽ കൗൺസിലിൻറെ അംഗീകാരം വേണം. ജനറൽ കൗൺസിലിൻറെ അംഗീകാരത്തിന് കൃത്യമായ ബൈലോ സഹിതം സംഘടന രൂപീകരിച്ചിരിക്കണം. അവരുടെ പ്രവർത്തന രീതി എന്താണ് എന്നതൊക്കെ ബോധ്യപ്പെടേണ്ടതാണ്. അമ്മയിൽ തുടർന്നുകൊണ്ട് പുതിയ സംഘടന രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. രണ്ടും രണ്ട് തരത്തിലുള്ള സംഘടനകളാണ്.
അമ്മ എന്ന് പറയുന്നത് മാക്ട പോലെ ഒരു ട്രേഡ് യൂണിയൻ അല്ല. മാക്ടയിൽ അംഗങ്ങളായ ഞങ്ങൾ എങ്ങനെ ഫെഫ്ക രൂപീകരിച്ച് പ്രവർത്തിക്കുന്നോ അതുപോലെ അവർക്കും പ്രവർത്തിക്കാമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ ഇത്തരമൊരു നീക്കം അസാധ്യമായ കാര്യമാണെന്നാണ് നടൻ ജോയ് മാത്യു വ്യക്തമാക്കുന്നത്. അമ്മയിലെ പിരിച്ചുവിടപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ആരും തന്നെ ഇത്തരമൊരു നീക്കത്തിന് പിന്നിലില്ലെന്നും ജോയ് മാത്യൂ വ്യക്തമാക്കുന്നു. വേതന വ്യവസ്ഥകൾ വ്യത്യസ്തമായതുകൊണ്ട് തന്നെ ട്രേഡ് യൂണിയനായി മാറുന്നത് അസാധ്യമായ കാര്യമാണ് എന്നതാണ് തന്റെ ഒരു അറിവെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു രാജിവെയ്ക്കുന്നതുമായി സംബന്ധിച്ച് അമ്മ പുറത്തിറക്കയി പത്രക്കുറിപ്പ്.