Bollywood
ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും; അമിതാഭ് ബച്ചൻ
ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും; അമിതാഭ് ബച്ചൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു.
ദമ്പതികളോ കുടുംബമോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കുമെന്നും ഒരുറപ്പുമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും ബച്ചൻ പറഞ്ഞു.
ചോദ്യചിഹ്നത്തോടുകൂടി എരിവും പുളിയുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്സണൽ ബ്ലോഗിലൂടെയാണ് ബച്ചൻ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. താൻ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിർബന്ധവുമാണ്.
ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ല.ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോൾ അതിന്റെ ചുവടുപിടിച്ച് കൂടുതൽ എരിവും പുളിയുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്.
അത് എങ്ങനെയാണ് ഇതിൽ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു’ അമിതാഭ് ബച്ചൻ പറഞ്ഞു. ഏറെനാളായി ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള വാർത്തകൾ വന്നിരുന്നെങ്കിലും അംബാനി കുടുംബത്തിലെ വിവാഹത്തിൽ ദമ്പതികൾ വെവ്വേറെയായി വന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
കഴിഞ്ഞദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളിൽ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതോടെ ഈ ചോദ്യം ഒരിക്കൽക്കൂടി ഉയർന്നിരുന്നു. 2011 നവംബർ 16ന് ആയിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യ ബച്ചൻ പിറന്നത്. മകൾ കൗമാരക്കാരിയാകുന്നതിന്റെ സന്തോഷത്തിനൊപ്പം പിതാവിന്റെ ജന്മവാർഷികം ആഘോഷിക്കുകയും ചെയ്തു താരം.
പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അമ്മയ്ക്കും മകൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഐശ്വര്യ റായി പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ ശാശ്വതമായ സ്നേഹമായ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാൾ ആശംസകൾ. ഒപ്പം, എല്ലാക്കാലത്തേക്കും അതിനുശേഷവും എന്റെ ഹൃദയവും ആത്മാവും ആയ എന്റെ സ്നേഹം നിറഞ്ഞ ആരാധ്യയ്ക്കും പിറന്നാൾ ആശംസകൾ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഐശ്വര്യ റായി കുറിച്ചത്. ആരാധ്യ ബച്ചന് ഈ നവംബർ 16ന് 13 വയസ് ആയി.
ഐശ്വര്യ റായിയുടെ പിതാവായ കൃഷ്ണരാജ് റായി 2017 മാർച്ച് 18ന് ആയിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം നവംബർ 21ന് ആയിരുന്നു. അച്ഛൻ മരിച്ചു പോയെങ്കിലും അച്ഛന്റെ ജന്മവാർഷികം മറക്കാതെ ആചരിക്കുകയാണ് ഐശ്വര്യ റായി. തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ജന്മദിനം ഒരേ മാസത്തിൽ വന്നപ്പോൾ അത് ഒരുമിച്ച് ആഘോഷമാക്കുകയാണ് ഐശ്വര്യയും കുടുംബവും.