Connect with us

നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല; അല്‍ഫോണ്‍സ് പുത്രന്‍

Malayalam

നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല; അല്‍ഫോണ്‍സ് പുത്രന്‍

നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല; അല്‍ഫോണ്‍സ് പുത്രന്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു പ്രേമം. അതിനാല്‍ തന്നെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നുവെന്നതും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ചിത്രം വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇപ്പോഴിതാ ‘ഗോള്‍ഡി’നെക്കുറിച്ച് അല്‍ഫോണ്‍സ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ആരാധകന്റെ കമെന്റിന് മറുപടിയായാണ് സംവിധായകന്റെ കുറിപ്പ്.

പ്രേക്ഷകര്‍ കണ്ട ‘ഗോള്‍ഡ്’ തന്റെ ‘ഗോള്‍ഡ്’ അല്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. തനിക്കിഷ്ടപ്പെട്ട പാട്ട് ചിത്രീകരിക്കാനാകാത്തതിലെ നിരാശയും അല്‍ഫോണ്‍സ് പങ്കുവെച്ചു. ‘പ്രേമ’ത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിടാമോയെന്ന ആരാധകന്റെ കമെന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ എഴുതിയ ജോര്‍ജ്ജ് എന്ന കഥാപാത്രവുമായി ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോര്‍ജ് യോജിച്ചില്ലെങ്കില്‍ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോദിക്കരുത്, കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരഭത്തിലേയ്ക്ക് എന്റെ ലോഗോ ഞാന്‍ ചേര്‍ത്തതാണ്. കൈതപ്രം സാര്‍ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല.

എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാന്‍ക്രിയാറ്റിസ് ബാധിച്ചത് മുതല്‍ ഞാന്‍ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ‘ഗോള്‍ഡ്’ മറന്നേക്കൂ’, ആരാധകന്റെ കമെന്റിന് മറുപടിയായി അല്‍ഫോണ്‍സ് കുറിച്ചു.

അതേസമയം, ഈയടുത്ത് സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറഞ്ഞത്.

പിന്നാലെ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. സംവിധായിക സുധ കൊങ്കാര ഇനിയും സിനിമകള്‍ ചെയ്യണമെന്നു പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന് തുറന്ന കത്ത് എഴുതിയിരുന്നു. എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘പ്രേമം’ എന്നും തന്നെ വീണ്ടും പ്രണയത്തില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ചത് ഈ ചിത്രമാണെന്നുമാണ് സുധ കൊങ്കര എഴുതിയത്. കമല്‍ഹാസനും അല്‍ഫോണ്‍സിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top