Actor
പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ
പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ
അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ റിലീസിനിടെ തിയേറ്ററിലുണ്ടായ സംഘർഷത്തിൽ യുവതി മരിച്ചത് വാർത്തയായിരുന്നു. റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയപ്പോഴായിരുന്നു സംഭവം.
രേവതി എന്ന 39കാരിയാണ് മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡിസംബർ അഞ്ചിനാണ് അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെന്റിനുമെതിരെ പൊലീസ് കേസ് എടുത്തത്. ഇപ്പോഴിതാ സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരക്കുകയാണ്.
ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 105, 118 (1) വകുപ്പുകൾ പ്രകാരമാണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിയേറ്ററിന്റെ ഉടമകളിലൊരാൾ, സീനിയർ മാനേജർ, ഉൾപ്പെടെ മൂന്ന് പേർ അന്വേഷണത്തിനിടെ അറസ്റ്റിലായി. രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.
ചിത്രം ആഗോളതലത്തിൽ ഇതുവരെ 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ‘പുഷ്പ 2’ 6 ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 645.95 കോടി രൂപ നേടി. തെലുങ്ക്, ഹിന്ദി കളക്ഷൻ യഥാക്രമം 222.6 കോടി രൂപയും 370.1 കോടി രൂപയുമാണ്. ചിത്രത്തിൻ്റെ തമിഴ് കളക്ഷൻ 37.10 കോടിയും കർണാടകയിൽ 4.45 കോടിയുമാണ്.