Breaking News
അല്ലു അർജുൻ അറസ്റ്റിൽ!
അല്ലു അർജുൻ അറസ്റ്റിൽ!
മലയാളക്കരയിൽ വരെ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ താരത്തെ ആരാധകർ എത്രോളം ഏറ്റെടുത്തുകഴിഞ്ഞു എന്ന് നമുക്ക് മനസിലാകും.അല്ലുവിന്റെ കഠിനാധ്വാനവും വേറിട്ടുനിൽക്കുന്ന ഫാഷനുമാണ് സിനിമാ മേഖലയിൽ അദ്ദേഹത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്. ബണ്ണി, മല്ലു അർജുൻ എന്നീ പേരുകളിലും അല്ലു അർജുൻ അറിയപ്പെടുന്നുണ്ട്.
ഇപ്പോഴിതാ നടൻ അല്ലു അർജുൻ അറസ്റ്റിൽ ആയെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. താരത്തിന്റെ പുതിയ ചിത്രമായ പുഷ്പ 2വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രേവതി എന്ന 39കാരിയാണ് മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡിസംബർ അഞ്ചിനാണ് അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെന്റിനുമെതിരെ പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭാരതീയ ന്യായ സൻഹിത ബി.എൻ.എസ് 105, 118 വകുപ്പുകൾ പ്രകാരമാണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിയേറ്ററിന്റെ ഉടമകളിലൊരാൾ, സീനിയർ മാനേജർ, ഉൾപ്പെടെ മൂന്ന് പേർ അന്വേഷണത്തിനിടെ അറസ്റ്റിലായി. രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.
പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല. പ്രീമിയർ ഷോയ്ക്ക് വേണ്ടി തിയേറ്ററുകളിൽ പോകുന്നത് കഴിഞ്ഞ 20 വർഷമായി ഞാൻ തുടരുന്ന കാര്യമാണ്.
സന്ധ്യ തിയറ്ററിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷേ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തിയറ്റർ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാൻ പകുതി വഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും മണിക്കൂറുകൾ വേണ്ടിവന്നു.
മാനസികമായി ആകെ തകർന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകൻ സുകുമാർ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊർജവും ഇല്ലാതായി. പൂർണമായും തകർന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാൻ പോലും സാധിക്കാതിരുന്നതെന്നാണ് നടൻ പറഞ്ഞത്. മാത്രമല്ല, രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 25 ലക്ഷം രൂപ സഹായധനം നൽകുമെന്നും അറിയിച്ചിരുന്നു.
അതേസമയം, റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൾ അല്ലു അർജുൻറെ പുഷ്പ–2 രാജ്യമെങ്ങും ബോക്സോഫീസിൽ തരംഗം തീർക്കുകയാണ്. ആദ്യ ഏഴുദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം കലക്ട് ചെയ്തത് 770 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇതുവരെ റിലീസ് ചെയ്ത ആദ്യ ആഴ്ച രാജ്യത്തെ തിയറ്ററുകളിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷൻ! ബാഹുബലി–2, കെജിഎഫ്–2 എന്നിവയുടെ റെക്കോർഡാണ് ആദ്യവാരത്തിൽ പുഷ്പ–2 തകർത്തത്. ബാഹുബലി–2 ആദ്യവാരം 659 കോടി രൂപയും കെജിഎഫ് 578 കോടി രൂപയുമാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്.