Malayalam
കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് ഓരോന്ന് പറയും മോഹൻലാൽ അത് പാടെ വിശ്വസിക്കും, തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു; ആലപ്പി അഷ്റഫ്
കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് ഓരോന്ന് പറയും മോഹൻലാൽ അത് പാടെ വിശ്വസിക്കും, തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു; ആലപ്പി അഷ്റഫ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് ഫഹദ് ഫാസിൽ എത്തിയതിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹത്തിന‍്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചുള്ള വിശദാംശങ്ങൾ ആദ്യമായി സംവിധായകൻ ഫാസിൽ അന്വേഷിച്ച് അറിഞ്ഞത് തന്നോടാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഫാസിൽ സാർ എന്നെ വിളിച്ച് ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു. പുതിയ കാലത്തെ സംവിധായകരെ വലിയ പരിചയമില്ലെന്ന് പാച്ചിക്ക എന്നോട് പറഞ്ഞു.
ഈ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ആളെങ്ങനെയെന്നാണ് പാച്ചിക്ക ചോദിച്ചത്. ലിജോ ഫഹദിന്റെ ഡേറ്റ് ചോദിച്ചെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അത് കൊടുക്കണോ വേണ്ടയോയെന്ന് അറിയാനാണ് എന്നെ വിളിച്ചത്. ഞാൻ ലിജോയുടെ സിനിമകൾ കണ്ടിരുന്നു. സെൻസർ ബോർഡ് അംഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രണ്ട് സിനിമകൾ എന്റെ മുമ്പിൽ എത്തിയിരുന്നു.
നായകൻ എന്ന ചിത്രം കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വളരെയധികം മതിപ്പ് തോന്നിയിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയമായിരുന്നു. ഞാൻ പാച്ചിക്കയോട് ലിജോ നല്ല ടെക്‌നീഷ്യനാണെന്ന് പറഞ്ഞു. എന്നിട്ടാണോ രണ്ട് പടം പൊട്ടിയതെന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു നല്ല സംവിധായകനാണ് ധൈര്യമായി ഡേറ്റ് കൊടുത്തോളാൻ. അങ്ങനെയാണ് ആമേൻ എന്ന ചിത്രം വന്നത്. അത് ഭയങ്കര ഹിറ്റാവുകയും ചെയ്‌തു.
ശേഷം ലിജോയുടെ കരിയർ ഗ്രാഫ് ഉയർന്നു. ഏറ്റവും അവസാനം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ മലൈക്കോട്ടൈ വാലിബനാണ്. പക്ഷെ സിനിമ വേണ്ടത്ര വിജയം നേടിയില്ല. പിന്നീട് മോഹൻലാലിനൊപ്പമുള്ള അനുഭവമാണ് അഷ്റഫ് വെളിപ്പെടുത്തിയത്. നടനെ ചുറ്റിപറ്റി നിൽക്കുന്ന ചില ആളുകൾ മോഹൻലാലിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്.
ഏഷ്യാനെറ്റ് വിട്ട ശേഷം ശശികുമാർ സാർ ഹിന്ദിയിൽ ഒരു പടം ചെയ്‌തു. പിന്നെ മോഹൻലാലിനെ വെച്ച് ഒരു മലയാള ചിത്രം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സക്കറിയയുടേത് ആയിരുന്നു എഴുത്ത്. അങ്ങനെ ഞാൻ ലാലിനെ കാണാൻ ചെന്നു. കാര്യം പറഞ്ഞപ്പോൾ ലാൽ വല്ലാതെ എക്സൈറ്റഡായി. അണ്ണാ നമ്മൾ ഈ പടം ചെയ്യണം. ഇവരുടെ കൂടെ ഒക്കെയല്ലേ പടം ചെയ്യണ്ടത്. ധൈര്യമായി മുന്നോട്ട് പോവാം എന്നായിരുന്നു ലാൽ പറഞ്ഞത്.
എന്നാൽ പിന്നീട് ഡേറ്റിനായി ലാലിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വലിയ താൽപര്യം കാട്ടിയില്ല. പലതും പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു. ഞാൻ സക്കറിയയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇനി അത് നോക്കണ്ട വലിയൊരു ബോംബ് വീണുവെന്ന്. തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു.
ലാൽ എപ്പോഴും അങ്ങനെയാണ്. കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് ഓരോന്ന് പറയും അദ്ദേഹം അത് പാടെ വിശ്വസിക്കും. അങ്ങനെയാണ് ആ പടം മുടങ്ങിപ്പോയത് എന്നും അഷ്റഫ് വിശദീകരിച്ചു. അതേസമയം കഴിഞ്ഞ വർഷം നേരിന് ശേഷം നല്ലൊരു മോഹൻലാൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ലെന്നാണ് ആരാധകപക്ഷം. ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന എമ്പുരാൻ, തുടരും എന്നിവയിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് മോഹൻലാൽ. ഡിസംബർ 25 നാണ് ബറോസ് തിയേറ്ററുകളിലെത്തിയത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഫാന്റസി ഴോണറിൽ 3D യിലാണ് ചിത്രമെത്തിയത്.
