Bollywood
ആ നടന്റെ പേര് ഞാൻ ഇങ്ങെടുത്തു, രാജീവ് ഭാട്ടിയ അക്ഷയ് കുമാർ ആയതിങ്ങനെ!; തുറന്ന് പറഞ്ഞ് നടൻ
ആ നടന്റെ പേര് ഞാൻ ഇങ്ങെടുത്തു, രാജീവ് ഭാട്ടിയ അക്ഷയ് കുമാർ ആയതിങ്ങനെ!; തുറന്ന് പറഞ്ഞ് നടൻ
സിനിമയിലെത്തുമ്പോൾ പല താരങ്ങളും പേര് മാറ്റുന്നത് സർവ സാധാരണമാണ്. അത്തരത്തിൽപ്പെട്ട ഒരാളാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പേര് മാറ്റാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാർ. 1987ൽ മഹേഷ് ഭട്ട് ഒരുക്കിയ ‘ആജ്’ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് കുമാർ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ഈ ചിത്രത്തിൽ നടൻ കുമാർ ഗൗരവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ആയിരുന്നു അക്ഷയ്. ഈ പേര് താൻ സ്വീകരിക്കുകയായിരുന്നു എന്നാണ് അക്ഷയ് കുമാർ പറയുന്നത്. രാജീവ് ഭാട്ടിയ എന്നാണ് അക്ഷയ്‌യുടെ യഥാർത്ഥ പേര്. ആജ് സിനിമയുടെ ഷൂട്ടിനിടെ ഹീറോയുടെ പേര് എന്താണെന്ന് ചോദിച്ചപ്പോൾ അക്ഷയ് എന്ന് പറഞ്ഞു. ആ പേര് താൻ സ്വീകരിച്ചു.
അല്ലാതെ ആരും തന്നെ ഉപദേശിച്ചിട്ടല്ല പേര് മാറ്റിയത് എന്നാണ് അക്ഷയ് കുമാർ പറയുന്നത്. രാജീവ് ഒരു നല്ല പേരാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി എന്ന് തോന്നുന്നു. അതിനാൽ ഇന്ന് ഇത് നല്ല പേരാണ്. എന്നാൽ ഞാൻ അത് അങ്ങ് മാറ്റി. ഏതോ ഒരു സ്വാമി വന്ന് പേര് മാറ്റാനായി ഉപദേശിച്ചതു കൊണ്ട് അങ്ങനെ ചെയ്തതല്ല.
നിനക്ക് എന്താ പറ്റിയത് എന്ന് എന്നോട് അച്ഛൻ ചോദിക്കുകയും ചെയ്തു. എന്റെ ആദ്യ സിനിമയിലെ ഹീറോയുടെ പേര് ആണിത്. അതുകൊണ്ട് ഈ പേര് ഞാൻ ഇങ്ങെടുത്തു എന്നാണ് അച്ഛനോടും പറഞ്ഞത് എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാർ പറയുന്നത്.
അതേസമയം, ‘സർഫിര’ ആണ് അക്ഷയ് കുമാറിന്റെതായി തിയേറ്ററിലെത്തിയ ചിത്രം. സർഫിറയും തിയേറ്ററിൽ ദുരന്തമായി മാറിയിരിക്കുകയാണ്.
നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കായിട്ടും ചിത്രം പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളിൽ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.