Actor
ഒരു സിനിമയുടെ വിധി എന്റെ കൈകളിലല്ല; തുടർ പരാജയങ്ങളെ കുറിച്ച് അക്ഷയ് കുമാർ
ഒരു സിനിമയുടെ വിധി എന്റെ കൈകളിലല്ല; തുടർ പരാജയങ്ങളെ കുറിച്ച് അക്ഷയ് കുമാർ
നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘സർഫിര’ പുറത്തെത്തിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം വൻ പരാജയമായി മാറുകയായിരുന്നു.
ഇപ്പോഴിതാ തുടർപരാജയങ്ങളെ കുറിച്ച് അക്ഷയ് കുമാർ മുമ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏത് ചിത്രം പരാജയപ്പെടുന്നത് കണ്ടാലും ഹൃദയം തകരും. പക്ഷേ അതിൽ നിന്നെന്നാം നല്ല പാഠം പഠിക്കേണ്ടതുണ്ട്. ഓരോ പരാജയവും വിജയത്തിന്റെ ചവിട്ടുപടിയാണ് എന്ന് പറയുമ്പോലെ അത് വിജയത്തിന്റെ മൂല്യം എന്താണെന്ന് മനസിലാക്കി തരും.
കൂടാതെ വിജയിക്കാനുള്ള പ്രത്യാശയുമുണ്ടാക്കും. എന്റെ ഭാഗ്യം കൊണ്ട് ഇത്തരം കാര്യങ്ങളെ നേരിടേണ്ടതെങ്ങനെ ആണെന്ന് ഞാൻ കരിയറിൽ നേരത്തേതന്നെ പഠിച്ചിരുന്നു. പരാജയങ്ങൾ വേദനിപ്പിക്കാറുണ്ട്. അത് എന്നിൽ വലിയ ആഘാതമുണ്ടാക്കുകയും ചെയ്യും. നന്നായി കഠിനാധ്വാനം ചെയ്യുക. ഒരു തോൽവിയ്ക്ക് പ്രായശ്ചിത്തമായി അടുത്ത ചിത്രത്തിനുവേണ്ടി പരിശ്രമിക്കുക. നമുക്ക് സാധ്യമായ എല്ലാം നൽകുക എന്നിവയൊഴികെ ബാക്കിയൊന്നും നമ്മുടെടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല.
അങ്ങനെയാണ് ഞാൻ തളരാതെ അടുത്തതിലേക്ക് നീങ്ങുന്നത്. ടൈം ടേബിൾ അനുസരിച്ചാണ് ഞാൻ ജോലിചെയ്യാറുള്ളത്. ഉറങ്ങുന്നതും കഴിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം നിശ്ചിതസമയത്താണ്. വർഷങ്ങളായി ഈ ചിട്ട പിന്തുടരുന്നു. അതുവഴി മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയിരിക്കുന്നു. ഇത് സിനിമാമേഖലയിൽ നിലനിൽക്കുന്നതിന് നിർണായകപങ്ക് വഹിച്ചിട്ടുമുണ്ട്.
നിരവധി പേരുടെ ചോരയും നീരുമാണ് സിനിമ. മറ്റുള്ളവർക്ക് ഉപജീവനമാർഗമായ സിനിമകൾ ചെയ്യുന്നത് തുടരും. പ്രേക്ഷകർ അവർക്ക് കാണാനുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്നതായ സിനിമകൾ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഞാൻ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. സിനിമ എന്നത് വിനോദം മാത്രമല്ല, പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും ചെയ്യുന്ന കഥകൾ കണ്ടെത്തുക കൂടിയാണ് എന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്.
അതേസമയം, സർഫിര എന്ന ചിത്രം പരാജയത്തിന്റെ പടുകുഴിയിലേയ്ക്കാണ് വീണത്. നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ, സീമ ബിശ്വാസ് എന്നിവർക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തിൽ എത്തിയിരുന്നു.
അബണ്ഡൻഷ്യ എന്റർടെയ്ൻമെന്റ്, 2ഡി എന്റർടെയ്ൻമെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 100 കോടിക്ക് അടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം, ഓപ്പണിങ് ദിനത്തിൽ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്.