Social Media
പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യരൊക്കെ തന്നെയാണ്, അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തേക്കാൾ മറ്റാർക്കും അറിയില്ല; അഖിൽ മാരാർ
പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യരൊക്കെ തന്നെയാണ്, അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തേക്കാൾ മറ്റാർക്കും അറിയില്ല; അഖിൽ മാരാർ
ഒൻപതു ദിവസമായി പശ്ചിമഘട്ടത്തിലെ ഷിരൂരിലേയ്ക്കാണ് കേരളക്കരയൊന്നാകെ ഉറ്റുനോക്കുന്നത്. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിൽ നിന്ന് വ്യക്തമായി. എന്നാൽ ഇനി അർജുൻ എവിടെ എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. എന്നാൽ കനത്ത മഴയും പുഴയിലെ ഉള്ളൊഴുക്കും കാരണം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട്പോകാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
ഈ വേളയിൽ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യർ തന്നെയാണെന്നാണ് അഖിൽ പറയുന്നത്. അർജുനുണ്ടായ ദുരന്തത്തിൽ നമ്മൾ എല്ലാവരും കഴിഞ്ഞ എട്ട് ദിവസത്തോളമായിഅർജുനെ തിരിച്ച് കിട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ്.എന്നാൽ ഇപ്പോഴും എന്താണ് അർജുന് സംഭവിച്ചത് എന്നതിൽ അനിശ്ചിതത്വങ്ങൾ തുടരുന്നു.
പ്രകൃതി ദുരന്തമെന്ന് പലപ്പോഴും നമ്മൾ പറയുമെങ്കിലും പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യരൊക്കെ തന്നെയാണ്. പ്രകൃതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഇത്തരം ദുരന്തങ്ങളെ കൂടുതൽ വലിയ ദുരന്തങ്ങളാക്കി മാറ്റുന്നത് കൃത്യമായി ഇടപെടാത്ത… കൃത്യമായി ഫലപ്രദമായ കാര്യങ്ങൾ ചെയ്യാത്ത ഭരണകൂടങ്ങൾ കൂടിയാണ് എന്നതാണ് നമ്മുടെ മുന്നിൽ ഇന്നലെകളിൽ വരെയുണ്ടായിട്ടുള്ള ഒരു യാഥാർത്ഥ്യമെന്ന് പറയുന്നത്.
അർജുന്റെ കാര്യത്തിൽ സമയോചിതമായ ഒരു ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ കൃത്യമായ രീതിയിൽ തുടക്കം മുതൽ കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ, അർജുനെ ജീവനോടെ കേരളത്തിലേയ്ക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷ അസ്തമിച്ച് അർജുന്റെ ശരീരം ഒന്ന് കണ്ടാൽ മതിയെന്ന മാനസീകാവസ്ഥയിലേയ്ക്ക് നമ്മൾ എത്തിയതിന്റെ കാരണം… ആരെയും വിമർശിക്കുകയല്ല.
മാനസികമായി തളർത്താനും ഉദ്ദേശമില്ല. ഇനി മുന്നോട്ടുള്ള കാലത്തെങ്കിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഡിസാസ്റ്റർ മാനേജ്മെന്റുകളെ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ. ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവരും പറയും. കഴിഞ്ഞ വിഷയത്തെ അനലൈസ് ചെയ്ത് ആരെയും കുറ്റപ്പെടുത്തുക എന്നതല്ല.
ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെടാൻ ഭരണകൂടത്തിന് കഴിയട്ടെ. ഓരോ മനുഷ്യന്റെയും ജീവൻ എത്രത്തോളം വിലപ്പെട്ടതാണെന്ന് അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവരുടെ കുടുംബത്തിന് മാത്രമെ അറിയു. അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തേക്കാൾ മറ്റാർക്കും അറിയില്ല.
ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാതിരുന്നത്… ആരെയും വിമർശിക്കേണ്ട എല്ലാം നല്ല രീതിയിൽ സംഭവിക്കട്ടെയെന്ന് കരുതിയത് കൊണ്ടാണ്. എന്റെ ഈ പ്രതികരണം കൊണ്ട് എന്തെങ്കിലും ഫലം ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്നെങ്കിൽ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുകയാണ്.
വികാരമല്ല വിവേകമാണ് ഈ വിഷയത്തിൽ ആവശ്യമെന്ന് പറഞ്ഞുകൊണ്ട് അനാവശ്യമായി ഈ വിഷയത്തിൽ വികാരം കുത്തിയിളക്കുന്ന മാധ്യമങ്ങളെ പരാമർശിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ വിഷയത്തിൽ വിവേകപൂർവം ഇടപെട്ട് അർജുന്റെ കുടുംബത്തിന് നീതി ലഭിക്കത്ത രീതിയിൽ ഇടപെടാൻ കേരള സർക്കാരിനും നമ്മുടെ രാജ്യത്തിനുമൊക്കെ കഴിയട്ടെ എന്നും അഖിൽ പറയുന്നു.