തോന്നിയതാണോ… തോന്നിപ്പിച്ചതാണോ എന്നത് വകതിരിവ് ഉള്ളവർക്ക് മനസിലായിക്കാണും ; ; സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ച് അഖിൽ മാരാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നതാണ്.കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതുമായാ വീഡിയോ വലിയ രീതിയിൽ വൈറലായതോടെയും ആളുകൾ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയതോടെയും സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. എന്നാൽ സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം മാനസികമായി ഏറെ ആഘാതമുണ്ടാക്കിയെന്നും സുരേഷ് ഗോപിയുടേത് വിശദീകരണമായിട്ടേ തോന്നിയിട്ടുള്ളു മാപ്പ് പറച്ചിലായിട്ടു തോന്നിയിട്ടില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
മാധ്യമപ്രവർത്തക ഇപ്പോൾ കേസുമായി മുന്നോട്ട് പോവുകയാണ്. അതേസമയം സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് പെരുമാറിയ രീതിയിൽ മോശമായി ഒന്നും തന്നെ കണ്ടില്ലെന്നും അതിനാൽ സുരേഷ് ഗോപിക്കൊപ്പമാണ് തങ്ങൾ നിൽക്കുകയെന്നും വ്യക്തമാക്കി ഒരു വിഭാഗം സിനിമ-സീരിയൽ താരങ്ങളും ആരാധകരും എത്തി.
സുരേഷ് ഗോപിയെ ന്യായീകരിച്ചുള്ള നിരവധി കുറിപ്പുകളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ജേതാവുമായ അഖിൽ മാരാർ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
അഖിൽ ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് ഹൗസിലെ മറ്റ് മത്സരാർത്ഥികളുമായി ഒരു പ്രശ്നം ഉണ്ടാവുകയും ഹൗസിനുള്ളിലും പുറത്തും അത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ‘ഒന്ന് രണ്ട് ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്… തോന്നിയതാണോ തോന്നിപ്പിച്ചതാണോ?’, എന്ന തലക്കെട്ടോടെയാണ് വീഡിയോ അഖിൽ പങ്കുവെച്ചിരിക്കുന്നത്
ബിഗ് ബോസ് ഹൗസിൽ വെച്ച് റിയാസ്, ഫിറോസ് അടക്കമുള്ളവരുമായി സംസാരിച്ചിരിക്കവെ അഖിൽ മുണ്ടുപൊക്കി കാണിക്കുകയും വിഷയം മത്സരാർത്ഥികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. താൻ മുണ്ടുപൊക്കി കാണിച്ചുവെന്ന് പറയുന്ന സമയത്ത് നാദിറ അടക്കം ആരും അത് വലിയ കാര്യമായി എടുത്ത് പ്രതികരിച്ചില്ലെന്നും പിന്നീട് റിയാസ് സലീം അടക്കമുള്ളവർ ഇടപെട്ട് സംസാരിച്ചപ്പോഴാണ് തനിക്ക് എതിരെ എല്ലാവരും സംസാരിച്ച് തുടങ്ങിയത് എന്നുമാണ് അഖിൽ അന്ന് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.
തന്റെ പ്രവൃത്തിയിൽ ആ സമയത്ത് മോശമായി ഒന്നും കാണാത്തവർ പിന്നീട് പലരും ഇടപെട്ട് സംസാരിച്ചശേഷം വലിയ വിഷയമാക്കി മാറ്റി എന്നും ബിഗ് ബോസ് കോടതിയിൽ സംസാരിക്കവെ അഖിൽ ചൂണ്ടിക്കാട്ടി . ഇപ്പോൾ അതേ വീഡിയോ പങ്കുവെച്ച് മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് ചിലർ മനപൂർവം സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിക്കുച്ചതാണെന്നാണ് അഖിൽ പറയാതെ പറഞ്ഞത്.
മേജർ രവി അടക്കമുള്ളവർ അഖിലിന്റെ കാഴ്ചപ്പാടിനെ അനുകൂലിച്ച് എത്തി. ഈ തോന്നിപ്പിക്കലാണ് ഈ സമൂഹത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നു ചില വാർത്തകൾ, അന്നത്തേക്കാളും ക്ലിയറായത് ഇപ്പോഴാണ് അഖിൽ മാരാർ. എത്രയൊക്കെ കുറ്റം പറഞ്ഞാലും സത്യം സത്യമായി നിലനിൽക്കും എന്നൊക്കയാണ് കമെന്റുകൾ .
അന്ന് അഖിലിന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിലും സംഭവിക്കുന്നത്, തോന്നിയതാണോ… തോന്നിപ്പിച്ചതാണോ എന്നത് വകതിരിവ് ഉള്ളവർക്ക് മനസിലായിക്കാണും, സൂപ്പർ അഖിൽ… ഇത്രയെ സുരേഷ് ഗോപിയുടെ കാര്യത്തിലും സംഭവിച്ചുള്ളു. തോന്നിപ്പിച്ചത് തന്നെയാണ്.
ഇത് കണ്ടിട്ടെങ്കിലും എല്ലാവർക്കും ബോധം ഉദിക്കട്ടെ. സംഭവം നടക്കുന്ന സമയത്ത് ട്രോമയിലായി പോയെന്ന് പറയുന്ന ആൾ ചിരിച്ചുല്ലസിച്ച് നിൽക്കുന്നതാണ് വൈറൽ വീഡിയോയുടെ അവസാനത്തിൽ കാണുന്നത് എന്നെല്ലമാണ് അഖിൽ പങ്കുവെച്ച സുരേഷ് ഗോപി അനുകൂല പോസ്റ്റിന് വന്ന കമന്റുകൾ.