Connect with us

റേസിം​ഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ

News

റേസിം​ഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ

റേസിം​ഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ ഈ താരത്തിന് ആരാധകർ ഏറെയാണ്.  സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷൻ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 


ഇപ്പോഴിതാ റേസിംഗ് മത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പരിശീലനത്തിനിടെ നടന്റെ കാർ വലിയൊരു അപകടത്തിൽപ്പെട്ടുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. ദുബായിൽ വെച്ചാണ് സംഭവം. നടൻ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. 


പരിശീലന ട്രാക്കിലായിരുന്നു അപകടം. വരുന്ന റേസിംഗ് ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നുണ്ട്. ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

അതേസമയം, അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. 
ദുബായിലേയ്ക്ക് പോകും മുൻപ് കുടുംബത്തിന് യാത്രപറയുന്ന അജിത്തിന്റെ വീ‍ഡിയോ വൈറലായിരുന്നു. ഭാര്യ ശാലിനിയ്ക്കും മകനും സ്നേഹ ചുംബനം നൽകിയാണ് താരം ദുബായിലേയ്ക്ക് പറന്നത്. കാർ -ബൈക്ക് റേസിംഗ് പാഷനായ തെന്നിന്ത്യൻ താരമാണ് അജിത്കുമാർ. മിഷലിൻ 24H സീരിസിലാണ് താരം പങ്കെടുക്കുന്നത്.  ചാമ്പ്യൻഷിപ്പിന് വേണ്ടി ഒരു ടീമിനും നടൻ രൂപം നൽകിയിരുന്നു.


ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. ഒരു അഭിനേതാവാവുക എന്നതിനേക്കാൾ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്‌സ്‌കാർ ഡ്രൈവർ ആവാനായിരുന്നു. ഒരു പ്രൊഫഷണൽ കാർ ഡ്രൈവർ ആകാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാർഗമായി അവലംബിച്ചത്. 
1993ൽ അമരാവതി എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷത്തിൽ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല.

എന്നാൽ, ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനു ശേഷം അജിത്ത് കൂടുതൽ സിനിമകൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര റെയ്‌സുകളിലും അജിത്ത് പങ്കെടുത്തിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് സിനിമാ ചിത്രീകരണത്തിനിടെ നടന്റെ കാർ അപകടത്തിൽ പെട്ടിരുന്നു. താരം ഓടിച്ചിരുന്ന വാഹനം തലകീഴായി മറിയുകയായിരുന്നു.  ‘വിടാമുയർച്ചി’യുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി’, എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ പങ്കുവെച്ചത്. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തിൽ പരിക്കേറ്റിരുന്നു.


അതേസമയം, ‘വിടാമുയർച്ചി’ ഉടൻ റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്. പൊങ്കലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങൾ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്നാണ് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. 


നേരത്തെ വിടാമുയർച്ചിക്കെതിരേ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ നോട്ടിസ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിടാമുയർച്ചിയുടെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിർമ്മാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് നോട്ടിസ് അയച്ചു എന്നായിരുന്നു റിപ്പോർട്ട്.


വിഘ്നേശ് ശിവൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസർബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. 

More in News

Trending