News
‘എകെ63’ സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചര്‍ച്ചകള്‍
‘എകെ63’ സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചര്‍ച്ചകള്‍
വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനായി എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ‘എകെ 62’. എന്നാല്‍ വിഘ്‌നേശ് ചിത്രത്തില്‍ നിന്ന് പിന്മാറുകയും പുതിയ സംവിധായകനായി പല പേരുകളും പറഞ്ഞുകേള്‍ക്കുകയും ചെയ്യവെ, അജിത്തിന്റെ അറുപത്തി മൂന്നാം ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് പുറത്തുവരുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘എകെ63’ വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ധര്‍മ്മ പ്രോഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഒരു ഹിന്ദി ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. അജിത്തിനൊപ്പം ബില്ല, ആരംഭം എന്നിവ ചെയ്ത സംവിധായകനാണ് വിഷ്ണുവര്‍ദ്ധന്‍.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘എകെ62’നെ ചുറ്റിപറ്റി ജനുവരി 25 മുതല്‍ വലിയ ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. വിഗ്‌നേശ് ശിവന്റെ സ്‌ക്രിപ്റ്റില്‍ അജിത് കുമാര്‍ തൃപ്തനായില്ലെന്നും മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായും ഇന്‍ഡസ്ട്രിയില്‍ സംസാരമുണ്ടായി. ലൈക്ക ഹെഡ് സുബാസ്‌കരനുമായി ലണ്ടനില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ സംവിധായകനെ അജിത് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വിഷ്ണുവര്‍ദ്ധന്‍ എകെ62 സംവിധാനം ചെയ്യണമെന്ന് അജിത് ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ തിരക്കിനെത്തുടര്‍ന്ന് സംവിധായകന്‍ മഗിഴ് തിരുമേനി ചിത്രം സംവിധാനം ചെയ്യുമെന്നുമാണ് വിവരം. എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എകെ62നെ തുണിവിനേക്കാള്‍ മാസ്സ് ആക്ഷന്‍ പാക്ഡ് ചിത്രമാക്കാനാണ് പദ്ധതി. മഗിഴ് ലണ്ടനില്‍ സ്‌ക്രിപ്റ്റ് വര്‍ക്കുകളില്‍ ആണെന്നും വാര്‍ത്തയുണ്ട്.
പുതിയ സംവിധായകന്‍ എത്തുന്നതോടെ സംഗീത സംവിധായകന്‍ ഉള്‍പ്പെടെ ക്ര്യൂവിലും കാസ്റ്റിലും മാറ്റം വരാനാണ് സാധ്യത. അനിരുദ്ധ് രവിന്ദര്‍ ആയിരുന്നു വിഗ്‌നേശ് ശിവന്‍ ചിത്രത്തിന് സംഗീതം ഒരുക്കേണ്ടത്. ചിത്രത്തില്‍ അരവിന്ദ് സ്വാമി പ്രതിനായകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. പുതിയ സംവിധായകനൊപ്പം ഇതിനെല്ലാം മാറ്റം വന്നേക്കും.
