എന്റെ അഭിനിവേശം ഒരു പ്രൊഫഷനാക്കി മാറ്റുന്നു :ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; പുതിയ പ്രഖ്യാപനവുമായി അജിത്ത്
അഭിനയത്തിന് പുറമേ തമിഴ് നടന്‍ അജിത്ത് കുമാറിന്‍റെ മോട്ടോര്‍ സൈക്കിളുകളോടും ബൈക്ക് റൈഡുകളോടുമുള്ള സ്നേഹം പ്രശസ്തമാണ്. ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജിത്ത്.
തന്റെ സഹയാത്രികന് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് അജിത്ത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അഭിനയത്തിന് പുറമേ ബൈക്ക് റൈഡിനോടും മോട്ടോര്‍ സൈക്കിളുകളോടുമുള്ള അജിത്തിന്റെ സ്‌നേഹം പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. താരം നടത്തിയ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന ഒരു കമ്പനിയുടെ പ്രഖ്യാപിച്ചിരിക്കുകയാണ് അജിത്ത്. എകെ മോട്ടോ റൈഡ് എന്ന പേരിലാണ് പുതിയ കമ്പനി വരുന്നത്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും താരം പുറത്തിറക്കിയിട്ടുണ്ട്. എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍ സൈക്കിള്‍ ടൂറിസം കമ്പനിയിലൂടെ മോട്ടോര്‍ സൈക്കിളുകളോടും റൈഡുകളോടുമുള്ള എന്റെ അഭിനിവേശം ഒരു പ്രൊഫഷനായി പങ്കിടുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നാണ് അജിത്ത് പറയുന്നത്.
‘ജീവിതം മനോഹരമായ യാത്രയാണ്. അതിന്റെ വളവുകളെയും തിരിവുകളെയും ദൈര്‍ഘ്യമേറിയ പാതകളെയും സ്വീകരിക്കുക’, ഈ വാചകം എനിക്ക് ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. റൈഡേഴ്‌സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ദേശീയ അന്തര്‍ദേശീയ യാത്രകള്‍ എകെ മോട്ടോ റൈഡ് വാഗ്ദാനം ചെയ്യുന്നു.
കൃത്യമായ സുരക്ഷയോടെയും പ്രതിബദ്ധതയോടെയും അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. പ്രൊഫഷണല്‍ ഗൈഡുകളും നിങ്ങളുടെ യാത്രകളെ അവിസ്മരണീയമാക്കും. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് താരം വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്.