Bollywood
ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു; വണ്ണം കൂടിയത് ഞാൻ കാര്യമായെടുത്തിരുന്നില്ലെന്ന് ഐശ്വര്യ റായ്
ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു; വണ്ണം കൂടിയത് ഞാൻ കാര്യമായെടുത്തിരുന്നില്ലെന്ന് ഐശ്വര്യ റായ്
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.
വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അമ്മയയായ ശേഷം തങ്ങൾ ആരാധിച്ചിരുന്ന ഐശ്വര്യയുടെ രൂപത്തിലുണ്ടായ കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. പ്രസവ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ പലരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
നന്നായി വണ്ണം വെച്ച് എത്തിയ നടിയെ കണ്ട് ഐശ്വര്യ തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചത്. ഐശ്വര്യയ്ക്ക് എന്തെങ്കിലും രോഗമാണോ, അതാണോ ഈ വണ്ണത്തിന് പിന്നിൽ, എന്ത് സംഭവിച്ചു, സാധാരണ പ്രസവ ശേഷം നടിമാർ പെട്ടെന്ന് വണ്ണം കുറയ്ക്കാറുണ്ട്. എന്നാൽ ഐശ്വര്യയ്ക്ക് അതിന് കഴിയുന്നില്ലല്ലോ, ഇത് എന്തോ രാോഗമാണ് എന്നുള്ള തരത്തിലും ആളുകൾ സംസാരിച്ചിരുന്നു.
പിന്നാലെ കടുത്ത ബോഡി ഷെയ്മിംഗും താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇതൊന്നും തന്നെ ഐശ്വര്യയെ ബാധിച്ചതേയില്ല. മുഴുവൻ സമയവും തന്റെ കുഞ്ഞിനൊപ്പം, അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു താരം. എന്നാൽ ഒരു അഭിമുഖത്തിൽ തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്.
ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അത് സാധാരണയാണ്. എന്റെ കാര്യത്തിൽ സ്വാഭാവികമായി സംഭവിച്ചത്. ഭാരം കൂടുകയോ അല്ലെങ്കിൽ വാട്ടർ റിറ്റെൻഷൻ സംഭവിക്കുകയോ ചെയ്തത് ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു. കുഞ്ഞിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സമയത്ത് ഞാൻ പൊതുവിടങ്ങളിൽ വന്നിട്ടുണ്ട്.
വണ്ണം കൂടിയത് ഞാൻ കാര്യമായെടുത്തിരുന്നെങ്കിൽ ഞാൻ ഒളിക്കുകയോ അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കുകയോ ചെയ്തേനെ. പക്ഷെ എന്റെ ചോയ്സ് അതായിരുന്നില്ല. എന്നെയത് ബാധിച്ചിട്ടില്ല. ആളുകൾ ആ ഡ്രാമ ആസ്വദിച്ചെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുഞ്ഞിനൊപ്പം യഥാർത്ഥ ജീവിതത്തിലെ തിരക്കിലായിരുന്നെന്നും ഐശ്വര്യ റായ് പറഞ്ഞു.
എന്നാൽ അമ്മയായി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്റെ പഴയ ഫിറ്റ്നെസിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.
ഐശ്വര്യയുടെ കരിയർ തകർത്തെന്ന പഴിയാണ് ബച്ചൻ കുടുംബം പ്രധാനമായും കേൾക്കേണ്ടി വരിക.അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ശേഷമാണ് ഐശ്വര്യ കരിയറിലെ തിരക്കുകൾ കുറച്ചത്. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.
എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ലായിരുന്നു. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ റായ്. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.
