News
‘ഞങ്ങള്‍ ജീനിയെയും അലാദിനെയും, ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണ്’; ആമിര്‍ഖാനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംവിധായകന്‍
‘ഞങ്ങള്‍ ജീനിയെയും അലാദിനെയും, ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണ്’; ആമിര്‍ഖാനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംവിധായകന്‍
ആമിര്‍ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു’ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ സിനിമയുടെ സംവിധായകന്‍ അദ്വൈത് ചന്ദനും ആമിര്‍ ഖാനുമായി ഭിന്നതയുണ്ടായതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെ നിഷേധിച്ചിരിക്കുകയാണ് അദ്വൈത് ചന്ദന്‍. താനും ആമിര്‍ ഖാനും തമ്മില്‍ നല്ല സൗഹൃദമാണെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
‘സുഹൃത്തുക്കളേ, ആമിര്‍ സാറും ഞാനും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് സംസാരിക്കുന്ന എല്ലാവരോടും, ഞങ്ങള്‍ ജീനിയെയും അലാദിനെയും, ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണ്’, അദ്വൈത് ചന്ദന്‍ പറഞ്ഞു. ഇരുവരും ഒന്നിച്ച് ബീച്ചില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഈ വര്‍ഷം അഗസ്റ്റിലായിരുന്നു ലാല്‍ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 180 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആഗോളതലത്തില്‍ 130 കോടി മാത്രമാണ് നേടാന്‍ സാധിച്ചത്. ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണാവകാശം ആദ്യം 150 കോടിയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ തിയേറ്ററുകളില്‍ ചിത്രത്തില്‍ സ്വീകാര്യത നേടാന്‍ സാധിക്കകത്തിരുന്നതിനാല്‍ നെറ്റ്ഫ്‌ലിക്‌സ് കരാര്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് 50 കോടിയ്ക്ക് സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കുകയൂം ചെയ്തു. ഒക്ടോബര്‍ ആറിന് ചിത്രം ഒടിടി റിലീസ് ചെയ്തു.
ടോം ഹാങ്ക്‌സ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിച്ച ചിത്രം കൂടിയാണ് ലാല്‍ സിംഗ് ഛദ്ദ.
