News
വിവാദങ്ങള്‍ക്ക് പിന്നാലെ പ്രഭാസിന്റെ ആദിപുരുഷിന്റെ റിലീസ് തീയതി പുറത്ത്
വിവാദങ്ങള്‍ക്ക് പിന്നാലെ പ്രഭാസിന്റെ ആദിപുരുഷിന്റെ റിലീസ് തീയതി പുറത്ത്
നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. നടന്റെ ഈ വര്‍ഷത്തെ പ്രധാന റിലീസ് ആണ് ആദിപുരുഷ്. നേരത്തെ റിലീസ് തീയതി മാറ്റിയ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ജൂണ്‍ 16 ആണ്. റിലീസിന് 150 ദിനങ്ങള്‍ മാത്രം അവശേഷിക്കെ തീയതി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തെ പുറത്തെത്തിയ ടീസര്‍ വിഷ്വല്‍ എഫക്റ്റ്‌സിന്റെ നിലവാരക്കുറവിനാല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ 3ഡിയില്‍ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു സംവിധായകന്‍ ഓം റാവത്തിന്റെ പ്രതികരണം. പിന്നാലെ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ ലോഞ്ചിനു പിന്നാലെ അതിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്.
ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോണ്‍ ആണ് നായിക. സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടി സീരീസ്, റെട്രോഫൈല്‍ ബാനറുകളില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം എന്നിവയ്‌ക്കൊപ്പം മറ്റു വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്‌രൂര്‍, എഡിറ്റിംഗ് അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ.