Actress
പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ; നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു
പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ; നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു
സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിലൂടെ ശ്രദ്ധ നേടിയ ബംഗാളി നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ. നടൻ ചിരഞ്ജിത്ത് ചക്രബർത്തിയാണ് മരണവാർത്ത സിനിമാ ലോകത്തെ അറിയിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും അദ്ദേഹം പറഞ്ഞു.
ചെറുപ്പം തൊട്ടേ നാടകരംഗത്ത് സജീവമായിരുന്ന ഉമ, പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെയാണ് അവിസിമരണീയമാക്കിയത്. ബംഗാളിലെ ഗ്രാമീണ ജീവതങ്ങൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയ സിനിമ 1955 ലാണ് പുറത്തിറങ്ങിയത്. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ലോക ക്ലാസിക്ക് സിനിമകളുടെ ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ എക്കാലത്തെയും മികച്ച ചലച്ചിത്രമാണ് പഥേർ പാഞ്ചാലി. ബംഗാളി എഴുത്തുകാരനായ ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ 1955 ഓഗസ്റ്റ് 26-ന് പുറത്തിറങ്ങിയ ചിത്രം, ഇന്ത്യൻ ഗ്രാമങ്ങളുടെ യാഥാർത്യത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയാണ്.
അപ്പു എന്ന കുട്ടിയുടെയും അവൻ അമ്മയ്‌ക്ക് തുല്യം സ്‌നേഹിക്കുന്ന സഹോദരിയായ ദുർഗ്ഗയുടെയും കഥയാണ് ചിത്രം പറയുന്നത്. സിനിമ കണ്ട് ജവഹർലാൽ നെഹ്റു ചിത്രത്തെ പ്രശംസിക്കുകയും കാൻ ചലച്ചിത്ര മേളയിലേക്ക് എത്തിക്കുകയും ചെയ്തു. 1956 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.
