ആരോട് എങ്ങനെ സംസാരിക്കണമെന്നൊന്നും അറിയാൻ പാടില്ലാത്ത ആളായിരുന്നു ശോഭന; സെറ്റിലെ അനുഭവം പറഞ്ഞ് കവിയൂർ പൊന്നമ്മ !
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി ശോഭന. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് ശോഭന വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ നായികയായെല്ലാം ശോഭന അഭിനയിച്ചിരുന്നു.
സിനിമാ കുടുംബത്തിൽ നിന്ന് ആണ് ശോഭന വരുന്നത്. മലയാളത്തിലെ ആദ്യ കാല നടിമാരായ ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭന. 1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ അരങ്ങേറ്റം. അതേവർഷം തന്നെ കാണാമറയത്ത് എന്ന ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിച്ചത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ റഹ്മാന്റെ നായിക ആയിട്ടായിരുന്നു ശോഭന അഭിനയിച്ചത്. സീമ, ലാലു അലക്സ്, കവിയൂർ പൊന്നമ്മ തുടങ്ങിയ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ശോഭനയെ പരിചയപ്പെട്ടതിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. പതിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ശോഭന സിനിമയിലെത്തുന്നത്. അന്ന് ആരോട് എങ്ങനെ സംസാരിക്കണമെന്നൊന്നും അറിയാൻ പാടില്ലാത്ത ആളായിരുന്നു ശോഭനയെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്.പത്തോ പതിനാലോ വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ പടത്തിൽ അഭിനയിക്കുന്നത്.
അത് കഴിഞ്ഞ് പിന്നെ വന്നത് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ആരോട് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം എന്നൊന്നും അവൾക്ക് അറിയില്ല. സംവിധായകനോട് ഭവ്യതയോടെ പെരുമാറണം വലിയ ആർട്ടിസ്റ്റിനോട് പെരുമാറുന്നത്. അങ്ങനെ ഒരു കാര്യവും അറിയില്ല,’
‘ആദ്യത്തെ ദിവസമാണെന്ന് തോന്നുന്നു. ശോഭനയ്ക്ക് ഉള്ള ഡ്രസ്സ് തയ്ച്ചു കൊണ്ട് കോസ്റ്റുമർ വന്നു. ഒന്ന് ഇട്ടു നോക്കാൻ പറഞ്ഞു. ഡ്രസ്സ് ഇട്ട് കഴിഞ്ഞ് ശോഭന അവരോട് ചൂടായി. ഡ്രസ് മുഖത്തേക്ക് എറിഞ്ഞു. ആകെ ബഹളമായിരുന്നു. ഞാൻ അപ്പോൾ പറഞ്ഞു, മോളെ അങ്ങനെയൊന്നും ആരോടും പറയരുത്. സോഫ്റ്റായി പറഞ്ഞാൽ മതിയെന്ന്. അപ്പോൾ അവർ തയ്ച്ചു വെച്ചത് കണ്ടില്ലേ എന്നൊക്കെ പറഞ്ഞു,’
എനിക്ക് ശോഭനയെ വളരെ ഇഷ്ടമാണ്. ശോഭനയ്ക്കും. എന്റെ കൊച്ചു മോൾ നന്നായി ഡാൻസ് കളിക്കും. എനിക്ക് അത് കാണുമ്പോൾ ശോഭനയെ ആണ് ഓർമ്മ വരുക. പാലക്കാട് ഒരു ഷൂട്ടിനിടെ അടുത്തിടെ കണ്ടിരുന്നു. ശോഭന ഒരു ഡാൻസ് പരിപാടിക്ക് അവിടെ വന്നതായിരുന്നു. അന്ന് ആ സിനിമയിൽ ഒരു നായികാ വേഷം ചെയ്യുന്ന കാര്യം ഞാൻ ശോഭനയോട് സൂചിപ്പിച്ചു. അപ്പോൾ ആന്റി തിരക്കാണ് ഡാൻസ് പരിപാടികൾ ഉണ്ടെന്ന് ആണ് പറഞ്ഞത്,’
‘അന്ന് എന്നെ കണ്ടപ്പോൾ തന്നെ കെട്ടിപിടിച്ചിരുന്നു. സ്ഥിരം വിളികൾ ഒന്നും ഇല്ലെങ്കിലും അങ്ങനെയൊരു സ്നേഹം ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെൺകുട്ടിയാണ് ശോഭന’, എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. വർഷങ്ങൾക്ക് മുന്നേ നൽകിയിരിക്കുന്ന അഭിമുഖമാണിത്.
അതേസമയം, 2020 ൽ ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
സുരേഷ് ഗോപിക്കൊപ്പമായിരുന്നു ശോഭന സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ശോഭനയും സുരേഷ് ഗോപിയും തന്നെ ആയിരുന്നു. ചിത്രത്തിൽ ശോഭനയുടെയും സുരേഷ് ഗോപിയുടെയും പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.