Actress
മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്, അപ്പോൾ എന്റെ മൊഴി എങ്ങനെയാണ് റെക്കോഡ് ചെയ്തത്; റിപ്പോർട്ട് പുറത്തുവിടരുതെന്ന് താൻ പറയുന്നില്ലെന്ന് രഞ്ജിനി
മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്, അപ്പോൾ എന്റെ മൊഴി എങ്ങനെയാണ് റെക്കോഡ് ചെയ്തത്; റിപ്പോർട്ട് പുറത്തുവിടരുതെന്ന് താൻ പറയുന്നില്ലെന്ന് രഞ്ജിനി
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് രഞ്ജിനി. കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്നാവശ്യപ്പെട്ട് നടി ഹർജി സമർപ്പിച്ചത്. പിന്നാലെ ഹർജിയുടെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് തത്കാലം പുറത്തുവിടില്ലെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ താൻ മൊഴി കൊടുത്തതാണെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലാ എന്നുമാണ് നടി പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഞാൻ പറയുന്നില്ല. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ഞാൻ നൽകിയ മൊഴി എങ്ങനെയാണ് റെക്കോഡ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. പെട്ടെന്ന് പബ്ലിഷ് ചെയ്യുമ്പോൾ എനിക്ക് ആശങ്കയുണ്ടായി.
നമ്മൾ പറഞ്ഞ കാര്യങ്ങൾ എന്താണ്, പഠനത്തിന്റെ നിഗമനം എന്താണ് തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി നമ്മളെ അറിയിക്കേണ്ടേ. അത് ഞങ്ങളുടെ അവകാശമാണ്. ഞാനാണ് ആദ്യമായി കമ്മിറ്റിക്ക് മൊഴികൊടുത്തത്. അതല്ലേ ഞാൻ ഹർജി കൊടുത്തത്. ഭാവിയിൽ സുരക്ഷിതമായ സാഹചര്യം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടായിരിക്കണം.
അതുമാത്രമല്ല ലിംഗ അസമത്വവും ഇവിടെ നിലനിൽക്കുന്നുണ്ട്. പണ്ട് തൊട്ടേ ഉണ്ട്, ഇപ്പോഴും മാറിയിട്ടില്ല. പ്രതിഫലം, സ്റ്റാറ്റസ്, അവസരങ്ങൾ ഇതെല്ലാം ഒരുപോലെയല്ല. ഇതിലെല്ലാം തുല്യത വരണം. അതിനെല്ലാം വേണ്ടിയാണ് ഞാൻ കമ്മിറ്റിക്ക് മൊഴി നൽകിയത് എന്നും രഞ്ജിനി പറയുന്നു. മാത്രമല്ല, പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് 1998 ൽ താൻ സിനിമാ മേഖല വിടുന്നതെന്നും ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.
കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമായിരുന്നു എനിക്ക്. സിനിമ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങളും ഉണ്ട്. ഞാനെന്തിന് എന്നും തർക്കം പിടിക്കണം. പ്രതിഫലം ചോദിച്ചാൽ നമ്മൾ പ്രശ്നക്കാരിയാകും. പണിയെടുത്തതിന്റെ പൈസയല്ലേ ചോദിക്കുന്നത്. പ്രതിഫലത്തിന് വേണ്ടിയൊക്കെ സ്ഥിരം തർക്കം ഉണ്ടാവുന്നതൊക്കെ മടുപ്പിച്ചു.
പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇവർ പ്രശ്നക്കാരിയാണ് അവസരം കൊടുക്കരുതെന്ന് നിർമ്മാതാക്കൾ മറ്റ് നിർമ്മാതാക്കളോട് പറയും. പൈസ ചോദിക്കുന്നുവെന്നല്ല പറയുക, പ്രശ്നക്കാരിയാണെന്നാണ്. അപ്പോൾ ആളുകൾ എന്താണ് വിചാരിക്കുക. ഇപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമില്ല. എന്നെക്കാൾ മോശം അനുഭവങ്ങൾ ഉണ്ടായവർ ഉണ്ട്. ചിലർ മൊഴി നൽകുമ്പോൾ കരഞ്ഞിട്ടുണ്ട്.
ആർക്കെങ്കിലുമെതിരെ പ്രതികാരം തീർക്കാൻ അല്ല മൊഴി നൽകിയത്. ഈ പഠനത്തിൽ നിന്നും എന്തെങ്കിലും നടപടികൾ ഉണ്ടാവണം. എന്റർടെയിൻമെന്റ് ട്രൈബ്യൂണൽ വേണമെന്നാണ് ആവശ്യം. നമ്മുക്കൊരു സ്വകാര്യത വേണം. ഇന്റേണൽ കമ്മിറ്റിയൊക്കെ മണ്ടത്തരമാണ്. എല്ലാ ലൊക്കേഷനിലും ഐസിസി വെക്കുന്നത് പ്രായോഗികമല്ല. ചിലതൊക്കെ പേപ്പറിൽ ഒതുങ്ങും.
അടുത്തിടെ എന്റെ ലൊക്കേഷനിൽ നടക്കാത്ത കാര്യത്തെ കുറിച്ച് ചില യുട്യൂബ് ചാനലുകൾ വാർത്ത നൽകിയിരുന്നു. ഇതിനെതിരെ പോലീസിനെ സമീപിച്ചപ്പോൾ അവർ തന്നെ പറയുന്നത് ഒരു കാര്യമില്ലെന്നാണ്. അപ്പോൾ പിന്നെ ഞാൻ ആരോട് പരാതി പറയും. ട്രൈബ്യൂണൽ വന്നാൽ എനിക്ക് ശക്തമായ പോരാടാം എന്നാണ് താരം പറഞ്ഞത്.
അതേസമയം, 233 പേജുള്ള റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നാണ് സർക്കാർ അറിയിച്ചത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.