Actress
അരാജകഭരണം നീണാൾ വാഴട്ടെ…; ജയിലിലേയ്ക്ക് കൊണ്ടുപോകവെ മുദ്രാവാക്യം വിളിച്ച് നടി കസ്തൂരി
അരാജകഭരണം നീണാൾ വാഴട്ടെ…; ജയിലിലേയ്ക്ക് കൊണ്ടുപോകവെ മുദ്രാവാക്യം വിളിച്ച് നടി കസ്തൂരി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടി ഒളിവിൽ പോയിരുന്നു. പിന്നാലെ ശനിയാഴ്ച ഹൈദരാബാദിൽ നിന്ന് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ഞായറാഴ്ച എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് പുഴൽ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. ജയിലിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അരാജകഭരണം നീണാൾ വാഴട്ടെയെന്ന് കസ്തൂരി മുദ്രാവാക്യം വിളിച്ചു.
ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്. നായിഡു മഹാജന സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെക്ഷൻ 196(1)(എ), 197(1)(സി), 296(ബി), 352, 353(3) എന്നിവയ്ക്കൊപ്പം ഐടി നിയമം സെക്ഷൻ 196(1)(എ), 197(1)(സി), 352, 353(3) എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
രാജാക്കൻമാരുടെ അന്ത:പുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിനുപിന്നാലെയാണ് നടിയ്ക്കെതിരെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നത്. നേരത്തെ, ആരോപണങ്ങൾ നിഷേധിച്ച് നടി രംഗത്തെത്തിയിരുന്നു.
താനൊരു ബ്രാഹ്‌മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്നാണ് കസ്തൂരി പറഞ്ഞത്. തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് എന്നും കസ്തൂരി പറഞ്ഞിരുന്നു.