Actress
ഞാനൊരു ബ്രാഹ്മണ സ്ത്രീയായതുകൊണ്ടാണ് എനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തുന്നത്; നടി കസ്തൂരി
ഞാനൊരു ബ്രാഹ്മണ സ്ത്രീയായതുകൊണ്ടാണ് എനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തുന്നത്; നടി കസ്തൂരി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പിന്നാലെ നടി തെലുങ്കരെ അവഹേളിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിന്റെപേരിൽ കസ്തൂരിക്കുനേരേ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നു.
എന്നാലിപ്പോഴിതാ ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താനൊരു ബ്രാഹ്മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്നാണ് കസ്തൂരി പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കസ്തൂരി ഇതേ കുറിച്ച് പറഞ്ഞത്.
300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിവന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നാണ് കസ്തൂരി ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുക്കവെ നടി പറഞ്ഞത്. പിന്നാലെ ബി.ജെ.പി. അനുഭാവിയായ കസ്തൂരിക്കെതിരേ തമിഴ്നാട്ടിലെ ചില ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു.
താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്നാണ് കസ്തൂരി പറയുന്നത്. തെലുങ്കരെ അവഹേളിക്കുന്ന രീതിയിൽ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. തമിഴിരെയും തെലുങ്കരെയും ഒരുപോലെ ബഹുമാനിക്കുന്നയാളാണ് താൻ. ഞാനൊരു ബ്രാഹ്മണ സ്ത്രീയായതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങൾ തനിക്കെതിരെ നടക്കുന്നതെന്നും കസ്തൂരി പറഞ്ഞു.