ഞാനുണ്ടാക്കുന്ന ഗര്‍ഭത്തിന് ചിലവ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണ്;കല്യാണത്തിന്റെ രീതികളെ വിമർശിച്ച് ദര്‍ശനയും അനൂപും
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ദര്‍ശന ദാസ് . വിവാഹം വലിയ വാര്‍ത്തയായിരുന്നു. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി നടി ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ദര്‍ശനയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ അനൂപിനൊപ്പം ഇറങ്ങി പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. 2019 ല്‍ നടന്ന വിവാഹത്തിന് ശേഷം ഇരുവരും ഒരു കുഞ്ഞിന്റെ മാതാപിതാക്കളുമായി.
ഇപ്പോള്‍ ഞാനും എന്റാളും എന്ന പരിപാടിയിലേക്ക് വന്നതിന് ശേഷം തങ്ങളുടെ കുടുംബവിശേഷങ്ങളും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് താരങ്ങള്‍. ഇതിനിടയില്‍ ദര്‍ശനയുടെ വീട്ടുകാരുടെ എതിര്‍പ്പിനെപ്പറ്റിയും അവര്‍ പിണക്കം മറന്ന് വേദിയിലേക്ക് വന്നതുമൊക്കെ ശ്രദ്ധേയമായിരുന്നു. ഏറ്റവും പുതിയതായി അറേഞ്ച് മ്യാരേജിനെപ്പറ്റി ദര്‍ശനയും അനൂപും സംസാരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
കല്യാണം ഇങ്ങനെയാണ് നടക്കേണ്ടതെന്ന് നമ്മള്‍ കരുതി വെച്ചേക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അച്ഛനും അമ്മയ്ക്കും ഇഷ്ടപെടുന്ന ആളെയാണ് കല്യാണം കഴിക്കേണ്ടതെന്നാണ് സമൂഹത്തിന്റെ അഭിപ്രായം. ഞങ്ങളുടെ വിവാഹം നടന്ന സമയത്ത് വന്നൊരു കമന്റിനെ കുറിച്ചും ദര്‍ശന പറഞ്ഞു. ‘ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയോടീ’, എന്നായിരുന്നു ആ കമന്റ്. അതെന്താണ് ഇന്നലെ കണ്ടവനെന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ദര്‍ശന ചോദിക്കുന്നു.
അറേഞ്ച്ഡ് വിവാഹത്തില്‍ എന്താണ് നടക്കുന്നത്. ‘ഒരു ദിവസം പെണ്ണിനെ കാണാന്‍ വരുന്നു, ചായ കൊടുക്കുന്നു. പ്രൊപ്പോസ് ചെയ്യുന്നു. വിവാഹം നടക്കുന്നു’. പക്ഷേ ഞങ്ങളുടെ വിവാഹത്തില്‍ എന്താണ് നടന്നത്. ആറ് മാസം അല്ലെങ്കില്‍ ഒരു വര്‍ഷത്തോളം ഈ മനുഷനെ അടുത്തറിഞ്ഞതിന് ശേഷമല്ലേ വിവാഹം കഴിച്ചത്. പിന്നെ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുമ്പോഴും വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നത്. എന്തൊക്കെ ആചാരങ്ങളാണ് അവിടെയുള്ളതെന്ന് ഓര്‍ക്കണമെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു.
ഇനിയിപ്പോള്‍ അറേഞ്ച്ഡ് മാര്യേജാണ് നടക്കുന്നതെന്ന് വിചാരിക്കാം, കല്യാണം നടത്താനുള്ള ചിലവ് ആരാണ് തരണ്ടേത്. എനിക്ക് ദര്‍ശനയുടെ അച്ഛന്‍ തരണം. കല്യാണം എന്റെ വീട്ടില്‍ ആയിരിക്കുമല്ലോ നടക്കുന്നത്. അതിന്റെ ചിലവ്, ആദ്യത്തെ വിരുന്ന്, എല്ലാം കഴിയുന്നതിന് പിന്നാലെ ഒരു ഉണ്ണി പിറക്കുമല്ലോ.
ഞാനുണ്ടാക്കുന്ന ഗര്‍ഭത്തിന് ചിലവ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണ്. അതും ഇവളുടെ അച്ഛനാണ്. അവിടെയും കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ ചിലവും പ്രസവത്തിന് ശേഷം വീട്ടില്‍ കൊണ്ട് വന്ന് ആക്കുന്ന ചിലവുമൊക്കെ നോക്കേണ്ടത് അവരാണ്.
ഇങ്ങനെയുള്ള കല്യാണത്തിന്റെ ആചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളുടെ അച്ഛന്മാരെ നമ്മള്‍ വലിയ ബാധ്യതയിലേക്കാണ് തള്ളി വിടുന്നത്. പിന്നെ കല്യാണ വീടുകളില്‍ ചെക്കന്റെയോ പെണ്ണിന്റേയോ കൈയ്യില്‍ പൊതിഞ്ഞ് നല്‍കുന്ന പാരിതോഷിക തുകയും ബാധ്യതയാണ്. ഇങ്ങോട്ട് പാരിതോഷികം തന്നവര്‍ക്ക് തിരിച്ചും കൊടുക്കണം. അതും അച്ഛനമ്മമാര്‍ക്ക് പിന്നീടുള്ള ബാധ്യതയാണ്. ഇതൊക്കെ ഒരു കച്ചവടം പോലെയാണെന്നാണ് അനൂപും ദര്‍ശനയും പറയുന്നത്.
കറുത്തമുത്ത് സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് ദര്‍ശന ദാസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായികയായി മാറിയതോടെ നടിയ്ക്ക് ആരാധകരും കൂടി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലിഭവ എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ദര്‍ശനയും അനൂപും ഇഷ്ടത്തിലാവുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷവും ഇപ്പോഴും അഭിനയത്തില്‍ തുടരുകയാണ് നടി. ഇപ്പോള്‍ സൂര്യ ടിവിയിലെ സ്വന്തം സുജാത, മൗനരാഗം എന്നീ സീരിയലുകളില്‍ അഭിനയിക്കുകയാണ് ദര്‍ശന.
