News
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും!
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും!
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
കേസിലെ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദമാണ് ഇന്ന് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം കൂടി പൂർത്തിയായാൽ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല. കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങൾ ഡിസംബറോടെ പൂർത്തിയായിരുന്നു. തുടർന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം കോടതി കേട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഹാജരായ രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനു പിന്നാലെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പൾസർ സുനിയുടേത് ബാലിശമായ വാദമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫൊറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ തിരിച്ചു വിളിച്ച് വിസ്തരിക്കണം എന്നാണ് പൾസർ സുനിയുടെ ആവശ്യം. ഈ കേസിൽ തന്നെ സംബന്ധിച്ചെടുത്തോളം നിർണായകമാണ് ഈ സാക്ഷികൾ. ഇവരെ വിസ്തരിക്കുന്ന സമയത്ത് താൻ ജയിലിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ അഭിഭാഷകനോട് കാര്യങ്ങൾ സംസാരിക്കാനായില്ലെന്നുമായിരുന്നു പൾസർ സുനിയുടെ വാദം.
എന്നാൽ പൾസർ സുനിയുടെ ആവശ്യം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് സി ജയചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റൻഡ് ഡയറക്ടർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പൾസർ സുനി ആവശ്യപ്പെട്ടത്.
അതിന് കാരണമായി പൾസർ സുനി ഹർജിയിൽ വ്യക്തമാക്കിയത് ഈ രണ്ട് പേരുടേയും വിസ്താര സമയത്ത് താൻ ജയിലിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആ സമയത്ത് തന്റെ അഭിഭാഷകനുമായി ചർച്ച ചെയ്യാൻ സാധിച്ചില്ല എന്നുമായിരുന്നു. ഇത് വിസ്താരത്തെ ബാധിച്ചിരിക്കാനുളള സാധ്യത പരിഗണിച്ച് ഇവരെ വീണ്ടും വിസ്തരിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത് കോടതി തള്ളിയിരുന്നു.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിനും വലിയ മാനങ്ങളുണ്ടെന്നാണ് പലരും പറഞ്ഞിരുന്നത്. നിലവിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.
