വിചാരണ ജഡ്ജിയ്‌ക്കെതിരായ പരാമർശം; ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും!
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സംവിധായകൻ ബൈജു കൊട്ടാരക്കര കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ കോടതി കേസ് എടുത്തിരിക്കുന്നത്. പരാമർശത്തിൽ അടുത്തിടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ബൈജു കൊട്ടാരക്കര വിചാരണ ജഡ്ജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഇതിലൂടെ നീതിന്യായ വ്യവസ്ഥയെ ബൈജു കൊട്ടാരക്കര അധിക്ഷേപിച്ചതായി നിരീക്ഷിച്ച കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ അടങ്ങുന്ന ബെഞ്ചിന്റെയായിരുന്നു നടപടി.കേസിൽ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങൾ എന്നുമാണ് ബൈജു കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
