News
ഏഴാം വർഷത്തിലേയ്ക്ക് കടന്ന് നടി ആക്രമിക്കപ്പെട്ട കേസ്; നിലവിലെ സ്ഥിതി ഇങ്ങനെ!
ഏഴാം വർഷത്തിലേയ്ക്ക് കടന്ന് നടി ആക്രമിക്കപ്പെട്ട കേസ്; നിലവിലെ സ്ഥിതി ഇങ്ങനെ!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്.
അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്.
അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ ഏഴാം വർഷത്തിലേയ്ക്ക് കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയായിരുന്നു ആക്രമണത്തിന് പിന്നിൽ. രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
സംഭവം നടന്ന ദിവസം തന്നെ നടി എഫ്‌ഐആർ ഫയൽ ചെയ്തു. പിന്നീട് കേസിലെ ഏഴ് പ്രതികളിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കാക്കനാട് സബ് ജയിലിൽ കഴിയുന്നതിനിടെ പൾസർ സുനി സഹതടവുകാരനായിരുന്ന ജിൻസനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.
പിന്നീട് ദിലീപിനെഴുതിയ പൾസർ സുനിയുടെ കത്തും പുറത്തുവന്നിരുന്നു. പിന്നീട് ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയെയും പോലീസ് 13 മണിക്കൂർ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരോട് കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അറിയിച്ചതാണ് ആക്രമണത്തിന് ഇരയായ നടിയോട് വൈരാഗ്യം തോന്നാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.
85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 650 പേജുള്ള കുറ്റപത്രമാണ് അന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്. 12 പേരാണ് പ്രതികളായിട്ടുള്ളത്. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. നടിയുടം ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ആക്രമണം നടന്ന് ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണ അവസാനിക്കാറായ വേളയിൽ ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും വലിയ ചർച്ചയായിരുന്നു. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രകുമാർ അന്തരിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്. ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ദിലീപിനെതിരെ അനുകൂല പരാമർശം നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ വിചാരണ കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപിനെ അവശനിലയിൽ കാണുന്നത് വരെ ഞാൻ അവൾക്കൊപ്പമാണ് നിന്നത്. എന്നാൽ കേസിനെ കുറിച്ച് പഠിച്ച്, അന്വേഷിച്ചു പലതും ബോധ്യമായതോടെയാണ് എനിക്ക് മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം.
ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കിയത്. അവിശ്വസീനിയമായിരുന്നു അത്. മുഖ്യമന്ത്രിയെ ഉൾപ്പടെ ഇത് ബോധിപ്പു, ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്ക് അറിയാമായിരുന്നിട്ടും അവരത് അംഗീകരിക്കാൻ തയാറായിരുന്നില്ലെന്നുമാൻ് ശ്രീലേഖ പറഞ്ഞത്.
