News
നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണം; അതിജീവിതയുടെ ഹർജി തള്ളി കോടതി
നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണം; അതിജീവിതയുടെ ഹർജി തള്ളി കോടതി
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി കോടതി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
ലൈം ഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയായിരുന്നു അതിജീവിത അപേക്ഷ നൽകിയത്. വിചാരണയുടെ ഇതുവരെയുള്ള നടപടികൾ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണയുടെ അവസാന ഘട്ടത്തിലുള്ള അന്തിമവാദത്തിലെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്. കോടതിയിൽ വാദം വേണമെന്ന ആവശ്യം കോടതിയിൻമേലുള്ള അതിജീവിതയുടെ അവിശ്വാസമാണ് വ്യക്തമാക്കുന്നതെന്നാണ് നടിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ഏറ്റവും നിർണായകമായ തെളിവായ നടിയെ പീ ഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ അനധികൃതമായ പരിശോധിക്കപ്പെട്ടതായി നേരത്തേ കണ്ടെത്തിയിരുന്നു. എഫ്എസ്എൽ പരിശോധനയിലായിരുന്നു ആദ്യം ഇക്കാര്യം തെളിഞ്ഞത്. പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് നടി ആവശ്യപ്പെട്ടു.
നടിയുടെ ഹർജിയിൽ വിചാരണ കോടതി ജഡ്ജിയോട് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു റിപ്പോർട്ടിൽ കണ്ടെത്തിയത്. 3 തവണയാണ് മെമ്മറി കാർഡ് പരിശോധിച്ചത് എന്നാണ് ഈ അന്വേഷണത്തിൽ കണ്ടെത്തിയത്.
2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, 2021 ജൂലായ് 19 ന് എറണാകുളം സി ബി ഐ സ്‌പെഷ്യൽ കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.
തുടർന്ന് ലൈം ഗികാതിക്രമ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്ന ആശങ്ക ഉന്നയിച്ച് അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിരന്തരം ഇത് സംബന്ധിച്ച ഹർജികളുമായി അതിജീവിത കോടതികൾ കയറി ഇറങ്ങിയെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. അതിനിടെ തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു.
പിന്നാലെയാണ് തുറന്ന കോടതിയിൽ വാദം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന ഈ സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് പുറംലോകം അറിയട്ടെയെന്നാണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയത്.
താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചതിൽ വലിയ മാനങ്ങളുണ്ടായിരുന്നു. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്.
