Malayalam
അന്തിമവാദം തുറന്ന കോടതിയിൽ വേണം; ആവശ്യവുമായി അതിജീവിത
അന്തിമവാദം തുറന്ന കോടതിയിൽ വേണം; ആവശ്യവുമായി അതിജീവിത
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.
നേരത്തെ, അനധികൃതമായി മെമ്മറികാർഡ് തുറന്ന് പറിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് അതിജീവിത കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടായില്ല. മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
മുൻപും കേസിലെ അതൃപ്തി അറിയിച്ച് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. 2022 ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന റിപ്പോർട്ടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ അതിജീവിത ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും കത്തിൻ്റെ പകർപ്പ് അയച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. കേസിലെ അന്തിമവാദം നാളെയാണ് തുടങ്ങുക. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടേക്കും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.