Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും, പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കും

News

നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും, പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും, പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കും

ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങാനിരിക്കെ വളരെ നിര്‍ണായകമായ ദിവസങ്ങളാണ് ആരംഭിക്കാനിരിക്കുന്നത്. സാക്ഷി വിസ്താരത്തിലെ ആദ്യ ഘട്ടത്തില്‍ തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തിലെ 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല.

ഇന്ന് മുതല്‍ പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചു. നേരത്തെ ഒരു തവണ കോടതിയില്‍ വിസതരിക്കപ്പെട്ടിരുന്നവരാണ് ഇവരെല്ലാം.

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതിനെ ദിലീപ് എതിര്‍ത്തിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി. കേസില്‍ തുടരന്വേഷണം ഉള്‍പ്പടേയുള്ള സുപ്രധാന വഴിത്തിരിവുകള്‍ക്ക് കാരണമായ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടന്‍ പൂര്‍ത്തിയാകും. ഹാക്കര്‍ സായി ശങ്കറിന്റെ ആദ്യ ഘട്ട വിസ്താരവും പൂര്‍ത്തിയായിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. അതേസമയം, ആദ്യഘട്ടത്തില്‍ വിസ്തരിച്ചതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണ് മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ളവരെ വീണ്ടും വിസ്തരിക്കുന്നത്.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്നും വിചാരണ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ തീരുമാനം പറയാതെ കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇതോടെയാണ് മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ളവരുടെ വിചാരണയ്ക്ക് വഴിയൊരുങ്ങിയത്.

മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കെതിരേയും അതിജീവിതയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി കൊണ്ടുമായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഈ കേസില്‍ തന്നെ പെടുത്തുകയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം.

തുടരന്വേഷണം പ്രഖ്യാപിച്ചതോടെ നിലച്ച വിചാരണ നംവബര്‍ 10 നായിരുന്നു പുനഃരാരംഭിച്ചത്. രഹസ്യ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ വിചാരണ പുരോഗതി വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ജനുവരി അവസാനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികമാവുമോയെന്ന് ഉറപ്പില്ല.

ഷൂട്ടിംഗ് കഴിഞ്ഞ് സിനിമ ലൊക്കേഷനില്‍ നിന്ന് മടങ്ങി വരികയായിരുന്ന നടിയെ ഓടുന്ന കാറില്‍ വെച്ച് പീ ഡിപ്പിക്കുകയും അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല.

പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്.

പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്. മലയാള സിനിമയില്‍ ദിലീപ് ശക്ത സാന്നിധ്യമായി നില്‍ക്കുന്നതിനിടയിലായിരുന്നു കേസും അറസ്റ്റുമെല്ലാം.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരത്തിന്റെ പേരും ഉയര്‍ന്ന് വന്നതോടെ കേസും കോടതിയുമായി നടക്കുകയാണ് ദിലീപ്. കാര്യമായ വിജയ ചിത്രങ്ങളൊന്നും തന്നെ ദിലീപിന്റേതായി പുറത്തെത്തിയിരുന്നില്ല. എന്നാല്‍ 2023 ല്‍ ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തെത്താനുള്ളത്. ചിലതൊക്കെ പണിപ്പുരയിലുമാണ്. അതുകൊണ്ട് തന്നെ ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസങ്ങളായിരിക്കും ഇനി കടന്നു പോകാനുള്ളത്.

More in News

Trending

Recent

To Top