Interviews
സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ ഈ താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്……
സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ ഈ താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്……
സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ ഈ താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്……
സെപ്റ്റംബര്‍ ആറ്. സ്വവര്‍ഗാനുരാഗികള്‍ വിജയിച്ച ദിനം. സുപ്രീം കോടതി ചരിത്ര വിധി പ്രഖ്യാപിച്ച ദിനം. സെപ്റ്റംബര്‍ ആറിന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പരസ്പര സമ്മതത്തോടുകൂടിയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐപിസി 377ാം വകുപ്പ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എംഎം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബെഞ്ച് അംഗങ്ങള്‍. പ്രകൃതി നിയമത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി 1861ലാണ് സ്വവര്‍ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്.
157 വര്‍ഷത്തിന് ശേഷമുള്ള ചരിത്ര വിധിയില്‍ പ്രതികരിച്ച് ഒരുകൂട്ടം കലാകാരന്‍മാര്‍ അണിനിരന്നിട്ടുണ്ട്… സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ് മുതല്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വരെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇന്ദ്രന്‍സ്, നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, തിരക്കഥാകൃത്തും സംവിധായകനുമായ വിസി അഭിലാഷ്, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ഗൗതമി നായര്‍, ധര്‍മ്മജന്‍, ഷംന കാസിം, രാജിനി ചാണ്ടി, അന്‍സിബ ഹസന്‍, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, കനി കുസൃതി എന്നിവര്‍ സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ മെട്രോമാറ്റിനിയോട് പ്രതികരിച്ചു.
ഭാഗ്യലക്ഷ്മി
സ്വവര്‍ഗ ലൈംഗികത ഒരു ക്രമിനല്‍ കുറ്റമാണെന്ന് ഞാനൊരിക്കലും പറയില്ല. കാരണം അതവര്‍ക്ക് ജന്മനാ ഉണ്ടാകുന്ന പ്രകൃതിയുടെ ഒരു നിയമം അനുസരിച്ചിട്ടുള്ളതാണ്… അല്ലാതെ ആരെയും ബലാത്സംഗം ചെയ്യാനോ ജീവിക്കാന്‍ പാടില്ലാത്തതോ അല്ല. അവര്‍ക്ക് അവരുടേതായിട്ടുള്ള സ്വഭാവ രീതികളുണ്ട്.. അതൊന്നും അവിടെയൊന്നും ഒരു നിയമത്തിനും തടയാന്‍ ഒരു അധികാരവുമില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്ന ഒരു കാര്യം തെറ്റാണെന്ന് തോന്നുന്നത് എന്റെ കാര്യത്തില്‍ മാത്രമെ എനിക്ക് തെറ്റോ ശരിയോ ഉള്ളത്. അല്ലാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കോ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കോ എതിരെ നമ്മള്‍ പൊതുജനം പ്രതിഷേധിക്കുന്നത് ഞാന്‍ തീര്‍ച്ചയായും യോജിക്കുന്നൊരു കാര്യമെ അല്ല… അതുകൊണ്ട് തന്നെ കോടതിയുടെ ആ തീരുമാനത്തെ ആ വിധിയോടു പൂര്‍ണ്ണമായും യോജിക്കുന്നു.
ഗൗതമി നായര്‍
കോടതി വിധി എന്തായാലും വളരെ നല്ലൊരു കാര്യമാണ്. കാരണം ഈ ഇഷ്ടം അല്ലെങ്കില്‍ പ്രണയം സ്‌നേഹം എന്ന് പറയുന്നത് മനുഷ്യര്‍ ഇന്നയാളെ ഇഷ്ടപ്പെടാന്‍ പാടുള്ളു….ഇന്ന സാധനത്തിനെ ഇഷ്ടപ്പെടാന്‍ പാടുള്ളു എന്നൊരു സംഭവം നമ്മള്‍ മനുഷ്യന്‍മാരായിട്ട് ഉണ്ടാക്കിയ റൂള്‍സാണ്. സൊസൈറ്റിയിലെ പ്രശ്‌നമാണത്. അതില്‍ നിന്നും LGBT ഫ്രീഡം കിട്ടിയതില്‍ എന്തായാലും സന്തോഷമുണ്ട്.. നമ്മുക്കൊരു ജീവിതമെയുള്ളൂ… എല്ലാവര്‍ക്കും എല്ലാവരെയും പ്രേമിക്കാനുള്ള അധികാരവും ഫ്രീഡവുമായാണ് നമ്മള്‍ ജനിക്കുന്നത്. പൈസ കൊടുത്തില്ലെങ്കില്‍ വിലപറയാത്തൊരു സ്‌നേഹത്തിന് റെസ്ട്രിക്ഷന്‍ വെയ്ക്കുമ്പോള്‍ അതില്‍ വിഷമമുണ്ട്.. പക്ഷേ ഇപ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്..
ധര്‍മ്മജന്‍
ഈ വിഭാഗത്തില്‍ പെട്ടവരുടെ ഒരുപാടു നാളത്തെ സമരമായിരുന്നു അവര്‍ക്ക് സ്വാതന്ത്ര്യം നേടുകയെന്നത്. അത് ഇപ്പോഴാണ് സുപ്രീം കോടതി വിധി വന്നത്. അത് നല്ലൊരു വിധിയായാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ഓരോരുത്തര്‍ക്ക് അവരുടേതായ കാഴ്ച്ചപ്പാടുകളും മറ്റുമുണ്ട്.. ഇതിന് വേണ്ടിയിട്ടുള്ള പോരാട്ടം തുടങ്ങിയിട്ട് ഒരുപാടായി. നിയമപരമായിട്ട് ഇപ്പോള്‍ സാധിച്ചെന്നെയുള്ളൂ.. നിയമസാധ്യത കിട്ടിയത് ഇപ്പോഴാണ്.. ഈ കോടതി വിധി വളരെ നല്ലൊരു കോടതി വിധിയായിട്ടാണ് ഞാന്‍ കാണുന്നത്.
ഇന്ദ്രന്‍സ്
ഏതാണ് എന്താണ് ശരിയെന്നൊന്നും എനിക്കറിയില്ല… എനിക്കിതില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. എനിക്കിതിനെ കുറിച്ച് അറിയില്ല. ഇക്കാര്യത്തില്‍ എനിക്ക് സന്തോഷിക്കാനോ വിഷമിക്കാനോ അറിയില്ല.. കാരണം ഇതെനിക്ക് അറിയാത്ത കാര്യമാണ്..
ഷംന കാസിം
അവര്‍ക്കൊരു റൈറ്റ് വേണം. കുറേ നാളായി അവര്‍ സ്ര്ടഗിള്‍ ചെയ്തുകൊണ്ടിരുന്ന കാര്യമാണ്.. ഇതൊരു തെറ്റല്ലല്ലോ… വേറെ രാജ്യങ്ങളിലൊക്കെ ഇത് സര്‍വ്വസാധാരണമാണ്.. ഈ വിധിയെ ഞാന്‍ പോസിറ്റിവായി കാണുന്നു..
രാജിനി ചാണ്ടി
എന്റെ അഭിപ്രായത്തില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഇവിടെയുണ്ട്.. കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍. ഇനിയെങ്കിലും ഒരു പ്രളയം ഉണ്ടായാല്‍ എങ്ങനെ അതിനെ കൈകാര്യം ചെയ്യണം…? നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ നമ്മുക്ക് എന്ത് ചെയ്യാനാകും…? മതവും രാഷ്ട്രീയവും പറഞ്ഞ് എന്തിന് നമ്മള്‍ തല്ലുകൂടുന്നു…? നാളെ നമ്മളുണ്ടോ എന്ന് ആരു അറിഞ്ഞു. നാളെയല്ല ഈ അടുത്ത സെക്കന്റ് ഉണ്ടോയെന്ന് ആരു അറിഞ്ഞു… നമ്മളീ പണത്തിന് പുറകയെും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പിറകെയും ഓടി എനിക്കിന്ന് ഉള്ള മനസ്സമാധാനം ഞാന്‍ കളയണോ…?
അന്‍സിബ ഹസന്‍
സുപ്രീം കോടതി വിധി വരിക എന്ന് പറയുന്നതോടെ അതിന്റെ മുകളില്‍ ഒരു കോടതിയും ഒന്നുമില്ല.. അതാണ് ഏറ്റവും അവസാനം. അപ്പോള്‍ ഈ ലോകത്ത് ജനിച്ച എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടല്ലോ.. മനുഷ്യര്‍ക്ക് മാത്രമല്ല ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്.. അവരുടെ ജനതിക വൈകല്യം കൊണ്ടാണ് അവര്‍ അങ്ങനെ ആകുന്നത്.. അല്ലാതെ അവര്‍ വേണമെന്ന് വെച്ചിട്ട് ചെയ്യുന്ന കാര്യമൊന്നുമല്ലല്ലോ. ജന്മനാ പല പ്രശ്‌നങ്ങള്‍ ഉള്ള ആളുകളുണ്ടാകും. അതുപോലെ ജന്മനാ ഉള്ള ജനതിക വൈകല്യം മാത്രമാണത്. അവര്‍ക്കും ജീവിക്കേണ്ടേ.. അവര്‍ക്ക് ജീവിക്കാനുള്ളൊരു അവസരാണ് കൊടുത്തിരിക്കുന്നത്. ഇതില്‍ കുറേ പേരിത് മനസ്സിലാക്കും, കുറേ പേര്‍ അവരെ മനസ്സിലാക്കാതെ അവരെ പറ്റി തെറ്റായ രീതിയില്‍ സംസാരിക്കും. അവര്‍ക്ക് ജീവിക്കാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം അങ്ങനെ അവര്‍ക്കൊരു വേര്‍തിരിവില്ലാതെ നമ്മുടെ സൊസൈറ്റിയില്‍ എല്ലാവരെയും പോലെ തന്നെ ജീവിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കും ജീവിക്കാലോ… കോടതി ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ എനിക്ക് സന്തോഷം തന്നെയാണ്… ഞാനതിനെ അംഗീകരിക്കുന്നു.
വിനയ് ഫോര്‍ട്ട്
ഈ അടുത്ത കാലഘട്ടങ്ങളില്‍ കേട്ട ഏറ്റവും നല്ലൊരു വാര്‍ത്തയാണിത്. നമ്മളുടെ ഒരു സെക്ഷ്വല്‍ ഐഡന്റിറ്റി എന്ന് പറയുന്നത് നമ്മളായിട്ട് ക്രിയേറ്റ് ചെയ്യുന്നതല്ലല്ലോ. അത് ഭയങ്കര ഹോര്‍മോണല്‍ പരിപാടിയാണല്ലോ.. ഇത് ഒരാളുടെ ഒരു കൈന്‍ഡ് ഓഫ് എക്‌സ്‌പ്രെഷനാണ്.. സ്‌നേഹം എക്‌സ്‌പ്രെസ് ചെയ്യുന്ന രീതി എന്ന് പറയുന്ന പോലെ എല്ലാ ആളുകള്‍ക്കും എല്ലാ തരത്തിലും വേറൊരാളെ ഉപദ്രവിക്കാതെ ജീവിക്കാനുള്ള അവകാശമുണ്ടല്ലോ.. അപ്പോ ആ മൈനോറിറ്റിയെ എപ്പോഴും നമ്മള്‍ ഒതുക്കി നിര്‍ത്തുന്നു… അത് മാറ്റിയിട്ട് എല്ലാ ആളുകള്‍ക്കും തുല്യാവകാശം നല്‍കി ഇന്ത്യയില്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുള്ള അവകാശം നല്‍കിയത് വലിയ നേട്ടമാണ്. നമ്മളിപ്പോ അവരെ വേറെ കണ്ണുകള്‍ കൊണ്ട് നോക്കേണ്ട കാര്യമില്ലല്ലോ.. അത് വളരെ പോസിറ്റിവായിട്ടുള്ള കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.. അടുത്തിറങ്ങിയ നിയമപരമായ വാര്‍ത്തകളില്‍ പോസിറ്റിവായിട്ടുള്ള ഒരു വാര്‍ത്തയായാണ് എനിക്ക് തോന്നയിത്. എല്ലാ മനുഷ്യരെയും ഒരേ കണ്ണുകളോടെ അല്ലെങ്കില്‍ ഇക്വാളിറ്റി അല്ലെങ്കില്‍ മ്യൂച്ചല്‍ റെസ്‌പെക്ട് എന്ന് പറയുന്നതിന്റെ ഒരു പ്രസന്റേഷന്‍ പോലെ തോന്നി കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അതുപോലെ ഒരുപാട് പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ അവരുടെ കാര്യത്തില്‍ സംഭവിക്കുന്നുണ്ട്. അതു ഭയങ്കര നല്ലകാര്യമാണ്. എല്ലാതരത്തിലുള്ള ആളുകളെയും നമ്മുക്ക് മനുഷ്യരെ പോലെ നോക്കി കാണാന്‍ കഴിയണം. എല്ലാതരം ആളുകളുടെ ഇഷ്ടങ്ങളോടും ബഹുമാനമെയുള്ളു…. ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ അയാള്‍ ഡിസൈഡ് ചെയ്യുന്നതല്ലേ… നമ്മള്‍ പലപ്പോഴും ഗേയ്‌സിനെയോ ലെസ്ബിയന്‍സിനെയോ നോക്കിക്കാണുന്നതിനുള്ള രീതിയിലുള്ള മാറ്റം വന്നതുപോലെ തന്നെയാണ് ലോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ജുഡീഷ്വറി സിസ്റ്റത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതും അതുതന്നെയാണല്ലോ… വേറൊരു തരത്തില്‍ അവരെ നോക്കി കണ്ടിരുന്നത് മാറി എല്ലാവരെയും പോലെ ഈക്വലായി അവരെ നോക്കുക്കാണുന്നു. അത് ഭയങ്കര പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്.
സനല്‍ കുമാര്‍ ശശിധരന്‍
വളരെ നല്ല വിധിയല്ലേ… വളരെയധികം താമസിച്ചു പോയി ഇത്തരമൊരു വിധി നിര്‍ണ്ണയം കോടതിയില്‍ നിന്നും വരാന്‍.. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് നമ്മള്‍ ഇതേകുറിച്ച് ആലോചിക്കുന്നത്. നമ്മുടെ ബാക്കിയുള്ള പൗരന്‍മാര്‍ക്കെല്ലാം.. സ്വാഭാവികമായും ഇത് മനുഷ്യനീതിയാണ്… ഇപ്പോഴാണത് തിരിച്ചറിയുന്നത്..
സൈജു കുറിപ്പ്
ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും ഞാന്‍ കമന്റ് ചെയ്യാറില്ല…
കനി കുസൃതി
ഇങ്ങനെയൊരു വിധി വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്… എന്റെ കുട്ടിക്കാലം മുതല്‍ തന്നെ എന്റെ അച്ഛനും അമ്മയും എല്‍ജിബിറ്റി റൈറ്റ്‌സിന് വേണ്ടി ഒരുപാടു പ്രവര്‍ത്തിച്ചുണ്ട്. ഒരേ നാട്ടില്‍ ജീവിക്കുകയാണെങ്കില്‍ പോലും തുല്യ അവകാശങ്ങള്‍ ഇല്ലാതെ ജീവിക്കുന്ന ഒരുപാടു പേര്‍ ഉണ്ടെന്ന് അറിയുന്നത് ശരിക്കും സങ്കടം ഉണ്ടാക്കുന്നൊരു കാര്യമായിരുന്നു.. എങ്ങനെയാണ് അതൊരു ക്രിമിനല്‍ ആക്ടിവിറ്റി ആകുന്നത്.. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത് എങ്ങനെയാണ് ക്രിമിനല്‍ ആക്ടിവിറ്റി ആകുന്നത്. നമ്മുടെ രാജ്യത്ത് എപ്പോഴും ചോദ്യം വരുന്നൊരു കാര്യം തന്നെയാണിത്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു വിധി ഉണ്ടായതില്‍ വളരെ വളരെ സന്തോഷമുണ്ട്.
വിസി അഭിലാഷ്
തീര്‍ച്ചയായിട്ടും വളരെ നല്ലൊരു തീരുമാണിത്. കോടതിയുടെ വിധിന്യായമെന്ന നിലയ്ക്ക് കോടതിയുടെ നിരീക്ഷണവും കോടതിയുടെ വിധിന്യായത്തിന്റെ വാചകങ്ങളും നമ്മെ പ്രത്യാശ നല്‍കുന്ന ഒന്നായാണ് എനിക്ക് തോന്നുന്നത്.. ഞാനൊരു ഹോമോ സെക്ഷ്വല്‍ അല്ല. എനിക്ക് അത്തരത്തിലുള്ള ഒരു താത്പര്യങ്ങളുമില്ല. ഹോമോ സെക്ഷ്വലായുള്ള കാര്യങ്ങള്‍ എന്നെ വളരെ അസ്വസ്തമാക്കാറാണുള്ളത്. പക്ഷേ മറ്റൊരാളിലെ അത്തരം ഫീലിംഗ്‌സ് അതായത് ഹോമോസെക്ഷ്വലായിട്ടുള്ള രണ്ടുപേര്‍ തമ്മില്‍ അവരുടെ ജീവിതത്തില്‍ വ്യക്തിപരമായി അവര്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്നും അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്… യാഥാസ്തികമായ കാഴ്ച്ചപ്പാടില്‍ നിന്നും മാറി പൊതുസമൂഹം പുരോഗമനപരമായ കാര്യങ്ങളെ അടയാളപ്പെടുത്തുന്ന വളരെ ഉചിതമായൊരു തീരുമാനമാണിത്.. എനിക്ക് ഹോമോ സെക്ഷ്വല്‍ പരമായി താത്പര്യങ്ങളില്ല.. എന്നു കരുതി മറ്റൊരാള്‍ക്കുള്ള ആ താത്പര്യങ്ങളെ എതിര്‍ക്കാന്‍ എനിക്ക് അവകാശമില്ല.. അപ്പോള്‍ എനിക്ക് നേരെ ഒരു ആക്രമണം വന്നാല്‍ എനിക്ക് എതിര്‍ക്കാന്‍ അവകാശം ഉണ്ട് എന്നത് പോലെ അയാളുടെ താത്പര്യങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്ന ഏതു പ്രതിഷേധങ്ങളെയും നമ്മള്‍ അതിജീവിക്കേണ്ടതുണ്ട്…. നമ്മള്‍ എന്നു പറഞ്ഞാല്‍ ഈ പൊതുസമൂഹം. ലൈംഗിക ന്യൂനപക്ഷങ്ങള്‍, ജെന്‍ഡര്‍ ഇക്വാളിറ്റി എന്ന് പറയുന്നത് പൊതു സമൂഹത്തില്‍ ഏറ്റവും അനിവാര്യമായ കാര്യമാണ്.. അത് മാനസിക ചികിത്സ കൊണ്ട് തിരുത്താന്‍ പറ്റിയ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.. അവരുടെ മനസ്സിന്റെ തോന്നലുകളാണത്. ആ വിധിയിലെ പ്രധാനപ്പെട്ട ഒന്ന് മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച്ച ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്നതാണ്. അതൊരു പ്രകൃതി വിരുദ്ധമായൊരു സമീപനമാണെന്ന് പറയുന്നു. അതിനര്‍ത്ഥം മറ്റു വിഷയങ്ങളില്‍ ഒരു പുരുഷനും പുരുഷനും തമ്മിലോ ഒരു പെണ്ണും പെണ്ണും തമ്മിലോ ഉണ്ടാകാവുന്ന ലൈംഗിക ബന്ധം ശരിയാണ് അതില്‍ തെറ്റില്ല എന്ന് സ്ഥാപിക്കുന്നതില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ലൈംഗിക വേഴ്ച്ച തെറ്റാണെന്നുള്ള നിരീക്ഷണം വരുന്നത്.. കാര്യഗൗരവത്തോടു കൂടി പഠിച്ചാണ് ഇത്തരമൊരു വിധി വന്നിട്ടുള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിധിയാണ്. അതേസമയം ഈ വിധിയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെയും നമ്മള്‍ അളക്കേണ്ടതുണ്ട്… അതുപക്ഷേ ഈയൊരു വിധിയില്‍ എന്നല്ല എല്ലാ തരത്തിലും ലൈംഗികമായ അതിക്രമങ്ങളെയും.. ആ ഒരു വാചകമാണ് ഉപയോഗിക്കുന്നത്.. ലൈംഗിക അതിക്രമങ്ങളെ നാം തടയേണ്ടതുണ്ട്… ഒരുദാഹരണത്തിന് സാധാരണ ഗതിയില്‍ ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുമ്പോള്‍.. സിനിമയിലും മറ്റും കാണുന്ന പോലെ ഒരു വീടിനുള്ളില്‍ ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നേയ്ക്കാവുന്ന പ്രശ്‌നങ്ങളെ വീടിന് പുറത്തും ഉണ്ടാകാറുള്ളു.. എന്ന് പറയുന്ന പോലെ ഒരു പുരുഷനും പുരുഷനും യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ ലൈംഗികാസക്തിയുടെ താത്പര്യങ്ങള്‍ വരാറില്ല.. ഒരു സ്ത്രീയും സ്ത്രീയും തമ്മില്‍ യാത്ര ചെയ്യുമ്പോഴും വരാറില്ല. അതേസമയം ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുമ്പോള്‍ സ്ത്രീയ്ക്ക് അങ്ങനെയൊരു താത്പര്യം 90% വരാന്‍ സാധ്യത ഉണ്ടാകാറില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് അങ്ങനെയാരു താത്പര്യം കൂടുതലായി വരും. അപ്പോള്‍ അത് സാധാരണ ഗതിയില്‍ ഹോമോസെക്ഷ്വല്‍ വിഭാഗക്കാര്‍ക്ക് ഉണ്ടാകാറില്ല.. പക്ഷേ ഈയൊരു വിധി വന്നു കഴിയുമ്പോഴേയ്ക്കും അതൊരു അപക്വതയായി കാണാനുള്ള സാധ്യതയുണ്ട്.. അത് മൊത്തത്തില്‍ പറഞ്ഞാല്‍ ലൈംഗികമായ അതിക്രമങ്ങള്‍.. മറ്റൊരു വ്യക്തിയുടെ താത്പര്യമില്ലാതെയുള്ള ലൈംഗിക താത്പര്യങ്ങളും അതിക്രമങ്ങളും നമ്മുക്ക് തടയേണ്ടതുണ്ട്… അതിനെതിരെ കൂടി നമ്മള്‍ അലര്‍ട്ട് ആയിരിക്കേണ്ടതുണ്ട്. ഈ കോടതിവിധിയെ വളരെ ചരിത്രപരമായ വിധിയായിട്ടാണ് കാണുന്നത്..
Actors responds to Supreme Court verdict on same sex
