Connect with us

“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു…

Interviews

“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു…

“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു…

“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു…

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഒരു ആഘോഷങ്ങളും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേള, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം തുടങ്ങീ വിനോദ സഞ്ചാര വകുപ്പിന്റേതടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി. ഈ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്…. തിരക്കഥാകൃത്തും സംവിധായകനുമായ വിസി അഭിലാഷ്, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ഷംന കാസിം, അന്‍സിബ ഹസന്‍, ഗൗതമി നായര്‍, കനി കുസൃതി എന്നിവര്‍ മെട്രോ മാറ്റിനിയോടു പ്രതികരിക്കുന്നു. സമിശ്രപ്രതികരണങ്ങളാണ് താരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ഷംന കാസിം

ഇങ്ങനെയൊരു സാഹചര്യത്തില്‍ IFFK വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.. പ്രളയം കഴിഞ്ഞ് രണ്ട് ആഘോഷങ്ങളുണ്ടായിരുന്നു. ഓണവും ബക്രീദും. ഞാനാ സമയത്ത് ചെന്നൈയിലായിരുന്നു. സത്യം പറഞ്ഞാല്‍ കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഞാന്‍ താമസിക്കുന്നിടത്ത് പോലും ഓണസദ്യ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പരിപാടികളും ഉപേക്ഷിച്ചത് നല്ലതാണ്. എല്ലാവരും സുഖപ്പെടട്ടെ… ഇതുപോലുള്ള ആഘോഷങ്ങള്‍ക്കൊക്കെ ഇനിയും സമയം ഉണ്ടല്ലോ…. അതിനൊരു ബ്രേക്ക് കൊടുക്കന്നത് നല്ലതാണ്..

ഗൗതമി നായര്‍

ദു:ഖമായിട്ടുള്ളൊരു സംഭവം നടന്നത് കൊണ്ടാണ് ഫിലിം ഫെസ്റ്റിവല്‍ ഇത്തവണ വേണ്ടെന്ന തീരുമാനം വന്നിട്ടുള്ളത്.. എനിക്ക് അതിനെപറ്റി കമന്റ് ചെയ്യാനുള്ള യോഗ്യതയുണ്ടോ എന്നറിയില്ല. പക്ഷേ പ്രളയത്തിന്റെ കാര്യത്തിലും വിഷമമുണ്ട്.. IFFK യുടെ കാര്യത്തിലും എനിക്ക് നല്ല വിഷമമുണ്ട്..

ഭാഗ്യലക്ഷ്മി

ആഘോഷങ്ങള്‍ എല്ലാം വേണ്ടെന്ന് വെയ്ക്കുന്നത് ഒരു നല്ല കാര്യമാണ്. കാരണം ഇപ്പോഴും വീടിന്റെ കാര്യത്തില്‍ അല്ലെങ്കില്‍ അവര്‍ക്ക് അടുത്തൊരു ജീവിതം തുടങ്ങുന്ന കാര്യത്തില്‍ ഒരു അനിശ്ചിതാവസ്ഥയിലാണ് നമ്മള്‍ ഇപ്പോഴും ഇരിക്കുന്നത്. നമ്മളല്ല, ഈ ബാധിക്കപ്പെട്ടവര്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലാണ് ജീവിക്കുന്നത്. ആ സമയത്ത് നമ്മളിങ്ങനെ ആഘോഷം എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റുന്നില്ല.. കാരണം കോടികളുടെ ചിലവാണ് IFFK ക്ക് വേണ്ടിവരുന്നത്. അപ്പോള്‍ സര്‍ക്കാറിന്റെ എല്ലാതരത്തിലുള്ള ആഘോഷങ്ങളും മാറ്റിവെയ്ക്കുന്നത് തീര്‍ച്ചയായിട്ടും നല്ലത് തന്നെയാണ്.

ധര്‍മ്മജന്‍

രണ്ട് തരത്തിലാണ്. ഓണാഘോഷങ്ങള്‍ തുടങ്ങി ഒരുപാടു ആഘോഷങ്ങള്‍ മാറ്റിവെച്ചിരുന്നു ഒരുപാടു സ്ഥലത്ത്. ഈ ആഘോഷങ്ങളില്‍ ജീവിക്കുന്ന ഒരുപാടു ആളുകളുണ്ട്.. ഞങ്ങളെ പോലുള്ള മിമിക്രി ആര്‍ട്ടിസ്റ്റുകള്‍.. 10 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പ്രോഗ്രാം അവതരിപ്പിച്ച് ഓണം ഉണ്ണുന്ന ഒരുപാടു പേരുണ്ട്.. അവര്‍ക്ക് ഈ പ്രളയവും ദുരിതവും വീണ്ടുമൊരു ദുരിതമായി മാറി. പ്രളയ ദുരന്തമൊക്കെ നേരിട്ട് കണ്ടവര്‍ക്ക് ഓണം ആഘോഷിക്കാന്‍ തോന്നില്ല. ഞാനൊക്കെ പ്രളയത്തില്‍ പെട്ട ആളാണ്. ആഘോഷങ്ങളൊക്കെ വര്‍ഷത്തില്‍ ഒരിക്കലെ ഉണ്ടാകൂ.. അത് ഓണവും വിഷുവുമൊക്കെയാണ്. പ്രളയം വന്നപ്പോല്‍ ഒന്നും ആഘോഷിക്കാന്‍ പറ്റാതെയായി. ഒരുതരത്തില്‍ ആഘോഷങ്ങളുടെ അളവ് കുറച്ച് കൊണ്ട് ഈ ആഘോഷങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഒരുപാടു പേര്‍ പട്ടിണിയാകില്ലായിരുന്നു. ഞങ്ങളെ പോലത്തെ കുറേ കലാകാരന്‍മാര്‍.. താഴേക്കിടയിലേയ്ക്കുള്ള ഒരുപാടു കലാകാരന്‍മാരുണ്ട്.. അവര്‍ക്ക് ഓണാഘോഷങ്ങള്‍ക്ക് കിട്ടുന്ന ഒരുപാടു പ്രോഗ്രാമുകളുണ്ടായിരുന്നു. അതൊക്കെ ക്യാന്‍സലായി. അവരുടെ വീടുകളൊക്കെ ഇപ്പോള്‍ പട്ടിണിയായ അവസ്ഥയായി. അതുകൊണ്ട് രണ്ടും കൂടി സംയോജിപ്പിച്ചുകൊണ്ട് പോകാമായിരുന്നു. കുറേപേരുടെ കുടുംബം അങ്ങനെ പട്ടിണിയായിപ്പോയി. എല്ലാം നോക്കണം. ദുരന്തം വന്നപ്പോള്‍ കേരളത്തിലെ ജനങ്ങളെല്ലാം കൈകോര്‍ത്തത് കൊണ്ടാണ് നമ്മളെല്ലാം അതിജീവനത്തിന്റെ പാതയില്‍ എത്തിയത്. ആഘോഷങ്ങള്‍ മാത്രം വേണ്ടെന്ന് വെച്ചിട്ട് എന്താ കാര്യം.. ആഘോഷങ്ങളുടെ അളവ് കുറച്ചുകൊണ്ട് അത്രയും ആര്‍ഭാടമാക്കാതെ നടത്താമായിരുന്നു. പലപ്പോഴും പല ക്യാമ്പുകളിലും നമ്മുടെ കലാകാരന്‍മാര്‍ ചെന്നിട്ട് ഓരോ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം വലുതാണ്. അവര്‍ക്ക് കുറച്ച് റിലാക്‌സ് ചെയ്യാന്‍ കിട്ടുന്ന സമയമായിരുന്നു. ഈ ക്യാമ്പുകളില്‍ ടിവിയോ ഒന്നുമില്ല. പലപ്പോഴും നമ്മളെ പോലുള്ള കലാകാരന്‍മാര്‍ ചെല്ലുമ്പോള്‍ അവരുടെ മുഖത്തൊരു സന്തോഷം കാണാന്‍ കഴിയും. ഒരുപാടു ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ പോയിരുന്നു. മാനസിക ഉല്ലാസം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ആര്‍ഭാടങ്ങള്‍ കുറച്ചാല്‍ മതി, ആഘോഷങ്ങള്‍ വേണ്ടെന്ന് വെയ്‌ക്കേണ്ടായിരുന്നു.

വിനയ് ഫോര്‍ട്ട്

ഐഎഫ്എഫ്‌കെ വേണ്ടെന്ന് വെച്ചതിനോട് ഭയങ്കര മോശമായിട്ടുള്ള റെസ്‌പോണ്‍സാണ്. കാര്യം എന്താന്നറിയുമോ.. ഫിനാലെ നടക്കുന്നുണ്ടല്ലോ അവിടെ.. ഫിനാലെ എന്നെ സംബന്ധിച്ച് IFFK പോലെ ജനകീയമായൊരു ഫെസ്റ്റല്ല. ഫിനാലയ്ക്ക് എത്രയോ കോടി രൂപയുടെ ചിലവുണ്ട്.. ഫിനാലെ നടത്തുകയും IFFK നടത്താതിരിക്കുന്നതിന്റെയും ഒരു യുക്തിക്കുറവുണ്ട്… കഴിഞ്ഞ ദിവസം ഡോ.ബിജുവിന്റെ ഒരു പോസ്റ്റ് വായിച്ചിരുന്നു. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയി തോന്നിയിരുന്നു. അഞ്ച് കോടി രൂപയാണ് IFFK നടത്താനുള്ള ചിലവ്. അതു ഗവണ്‍മെന്റ് തരുന്ന അഞ്ച് കോടി രൂപ. നമ്മുക്ക് 500 രൂപയോ മറ്റോ ആണ് ഡെലിഗേറ്റ് പാസിന്റെ ഫീസ്. ഒരു ഡെലിഗേറ്റ് 500 രൂപയെ കൊടുക്കുന്നുള്ളു. അത് 1500 രൂപ ആക്കുക. 10,000 മോ 13,000 മോ പേരുണ്ട്. ദേശീയ തലത്തില്‍ ആളുകള്‍ എക്‌സസാണ് IFFK യ്ക്ക്. അപ്പോള്‍ അങ്ങനെ വരികയാണെങ്കില്‍ ഏകദേശം രണ്ടു കോടി രൂപ കളക്ട് ചെയ്തിട്ട് വളരെ മനോഹരമായി IFFK നടത്താം. അത് ഗവണ്‍മെന്റിന്റെ സഹായം ഇല്ലാതെ തന്നെ നടത്താം. കേരളത്തിലെ ഏറ്റവും മനോഹരമായ ഫെസ്റ്റിവലാണ് IFFK. അപ്പോള്‍ അതുപോലൊരു ഫെസ്റ്റിവല്‍ നടത്താതിരിക്കുമ്പോള്‍ അത് ഫിനാലയെ ബാധിച്ചിട്ടില്ല. ഫിനാലെ നമ്മളെ സംബന്ധിച്ച് മൈനോറിറ്റിയുടെ ഫെസ്റ്റിവലാണ്. അതിന് ഒരുപാടു കോടി രൂപ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചിലവുണ്ട്.. ഫിനാലയ്ക്ക് വേണ്ടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പൈസ ഒന്നും കൊടുക്കുന്നില്ലെന്നാണോ… ഞാന്‍ ഇതിനെ കുറിച്ച് റിസെര്‍ച്ച് ഒന്നും ചെയ്തില്ല. ഫിനാലെ നടത്തുകയും IFFK നടത്താതിരിക്കുന്നതും ചെയ്യുന്നത് ഭയങ്കര പ്രശ്‌നമാണ്. IFFK സാധാരണക്കാരുടെ ഫെസ്റ്റിവല്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാള സിനിമ IFFK ക്ക് വേണ്ടി ഒരുപാടു കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്… ഗവണ്‍മെന്റിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്തണമെന്നാണ് എന്റെ അഭിപ്രായം. ഡെലിഗേറ്റ് പാസിന്റെ ഫീസ് കൂട്ടണം… IFFK പോലൊരു ഫെസ്റ്റ് നടത്താനുള്ള സ്‌പെയിസ് വേണം.

അന്‍സിബ ഹസന്‍

ഇത്രയും വലിയൊരു അപകടം നടന്ന സമയത്ത് ഒരു ആഘോഷമോ അങ്ങനെയുള്ളൊരു മൂഡിലോ അല്ല നമ്മുടെ കേരളം ഇപ്പോള്‍… പരമാവധി എല്ലാവരും അവരെ കൊണ്ട് കഴിയുന്നത് പോലെ പുതിയൊരു കേരളം പടുത്തുയര്‍ത്താന്‍ വേണ്ടിയിട്ടുള്ള ഒരു ഹെല്‍പ്പിംഗ് മെന്റാലിറ്റിയാണ് കാണാന്‍ കഴിയുന്നത്. ലോകത്ത് എവിടെ നോക്കി കഴിഞ്ഞാലും ഇങ്ങനെയൊരു പ്രകൃതി ദുരന്തം വന്നിട്ട് ഏതൊരു സ്ഥലത്ത് ചെയ്യുന്നതിനേക്കാളും വളരെ ഭംഗിയായിട്ടാണ് കേരളത്തിലുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി ചെയ്തത്. അവിടെ ജാതിയോ മതമോ വര്‍ണ്ണമോ രാഷ്ട്രീയമോ ഒന്നും നോക്കിയിട്ടില്ല ആരും… എല്ലാ മനുഷ്യന്‍മാരും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് ഇവിടെ ജീവിക്കുന്നതിന്റെ തെളിവാണിത്. നമ്മുടെ കേരളത്തെ എല്ലാവരും സഹായിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു സാഹചര്യത്തില്‍ IFFK വെച്ചാല്‍ പോലും കാണാനുള്ള താത്പര്യം ആര്‍ക്കും ഉണ്ടാകില്ല. അപ്പോള്‍ അത് മാറ്റിവെയ്ക്കാനുള്ള തീരുമാനം ഇതുകൊണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. പ്രളയം നേരിടുന്ന സമയത്ത് അവരെ കൂടുതല്‍ സഹായിക്കാനാണ് എല്ലാവരും മുന്നിട്ടിറങ്ങുന്നത്. സിനിമാ താരങ്ങള്‍ പോലും സിനിമാ താരങ്ങളാണെന്ന് വിചാരിച്ചല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. ടൊവിനോയെ പോലെ ഒരുപാടു പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. ആരും എന്ത് ജോലിയാണ് ചെയ്യുന്നതെന്നോ ഏതു ജാതിയെന്നോ മതമെന്നോ ഒന്നും നോക്കാതെ നമ്മുടെ കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.. അതുകൊണ്ട് ഇതൊരു നല്ല തീരുമായാണ് എനിക്ക് തോന്നിയത്…

കനി കുസൃതി

IFFK ക്ക് വേണ്ടി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. ജീവിതത്തില്‍ എന്ത് വിഷമം ഉണ്ടായാലും നമ്മള്‍ കരഞ്ഞുകൊണ്ടിരിക്കരുത്. ജീവിതം എത്രയും വേഗം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. IFFK യ്ക്കും മറ്റും കൂടി മാറ്റി വെച്ചിരിക്കുന്നതും എല്ലാം ദുരിതാശ്വാസത്തിന് വേണ്ടി പോകട്ടെ. ചിലപ്പോള്‍ ഒന്നോ രണ്ടോ മൂന്നോ വര്‍ഷം ഇങ്ങനെ ചെയ്യേണ്ടി വരും. പക്ഷേ അത് പ്രാക്ടിക്കല്‍ ആണോന്ന് അറിയില്ല… പക്ഷേ എല്ലാ മനുഷ്യരും പഴയതു പോലെ ആകുന്നത് വരെ എല്ലാറ്റിനും വേണ്ടി മാറ്റിവെച്ചിരിക്കുന്നത് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കാന്‍ ആലോചിക്കുന്ന വഴിയാണെങ്കില്‍ അതൊരു തെറ്റായ തീരുമാനമായി എനിക്ക് തോന്നിയില്ല. അതേസമയം ആചാരത്തിന് വേണ്ടി മാത്രം ആചരിക്കാന്‍ പാടില്ല. പക്ഷേ നമ്മുക്കതിനുള്ള സാമ്പത്തിക ശേഷിയില്ല. രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്… ചില ആളുകള്‍ക്ക് ജീവിതത്തില്‍ പല ട്രാജടികള്‍ വന്നാലും അഞ്ച് പൈസ കൈയ്യിലില്ലെങ്കില്‍ പോലും സന്തോഷമായി ജീവിക്കും. കാരണം ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കട്ടെ എന്നാണവര്‍ ചിന്തിക്കുക. ഇത് വ്യക്തിപരമായി മാത്രമെ എടുക്കാനാകൂ.. ചില ആളുകള്‍ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ ഒരു സന്തോഷങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാതെ ജീവിക്കും. ഇത് ശരിയായ നിലപാടാണോ എന്നറിയില്ല. അതേസമയം ജീവിതത്തില്‍ എന്തു സംഭവിച്ചാലും സന്തോഷത്തോടെ ജീവിക്കുന്നവരും ഉണ്ട്…. അതല്ലേ നല്ലതെന്ന് തോന്നുന്നു. പക്ഷേ ഇതൊരു സംസ്ഥാനമാണ്.. ഒരുപാടു കാര്യങ്ങള്‍ നടക്കാറുണ്ട്… നമ്മുടെ സാമ്പത്തിക നയമനുസരിച്ച് കുറച്ചു നാളത്തേയ്ക്ക് ഇതിലേയ്ക്കാണ് ചിലവഴിക്കുന്നതെങ്കില്‍ എത്രയും പെട്ടെന്ന് ആളുകള്‍ക്ക് പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയുമെങ്കില്‍ മാറ്റിവെച്ച പണമെല്ലാം ഇതിന് വേണ്ടിയാണ് കൊടുക്കുന്നതെങ്കില്‍ അതല്ലേ നല്ലതെന്നും തോന്നിയിട്ടുണ്ട്…

സനല്‍ കുമാര്‍ ശശിധരന്‍

IFFK എന്ന് പറയുന്ന ഫെസ്റ്റിവല്‍ അത് ഉണ്ടാവുക എന്ന് പറയുന്നത് എല്ലാ പ്രാവശ്യവും ഉള്ളതാണ്.. വിമര്‍ശിക്കുന്നു എന്ന് പറഞ്ഞിട്ട് IFFK ഇനി ഉണ്ടാകരുതെന്നോ നശിച്ചു പോകണമോയെന്നോ ആഗ്രഹിക്കുന്നത് നല്ലതല്ല. അതൊരു തെറ്റായ ധാരണയാണ്. ശരിക്കും ഐഎഫ്‌കെകെ റദ്ദാക്കുന്നത് ഒരു മണ്ടത്തരമാണെന്ന് പലരും പറഞ്ഞു. അതുപോലെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നൊരു കാര്യവുമാണ്…23 വര്‍ഷമായിട്ട് നമ്മള്‍ കെട്ടിപ്പൊക്കിക്കൊണ്ടു വന്ന വലിയ സംഭവമാണ് IFFK. അത് ശരിക്കും പറഞ്ഞാല്‍ നമ്മുടെ ദേശീയ ഉത്സവം പോലെയല്ല.. അന്തര്‍ദേശീയ ഉത്സവം ആയിട്ടാണ് നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്നതും നടന്നിരിക്കുന്നതും. അപ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുന്നത് നമ്മളെ മാത്രമല്ല ബാധിക്കുന്നത്… നമ്മുടെ നാടിന്റെ ഒരു ബ്രാന്റ് അംബാസിഡര്‍ എന്ന് പറയുന്നൊരു സംഭവമാണിത്. അപ്പോള്‍ അതിനെ വലിയ ലാഘവത്തോടെ അത് നടത്താതിരിക്കുക എന്ന് തീരുമാനിക്കുന്നത് കുറ്റകരമായിട്ടുള്ളൊരു തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം.. കാരണം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് നമ്മള്‍ ഉണ്ടാക്കിയെടുത്ത ഒന്നല്ല… കാല്‍ നൂറ്റാണ്ടായിട്ട് നടന്നു കൊണ്ടിരിക്കുന്നതാണ്.. ഐഎഫ്എഫ്‌കെയും കൂടി കേരളത്തെ പ്രതിനിധീകരിക്കുന്നുണ്ട്… അത്തരം വലിയൊരു ഫെസ്റ്റിവല്‍ കൂടിയാണ് IFFK. ഓണത്തെ പോലെയോ ഒരുപക്ഷേ ഓണത്തെക്കാളും മറുനാട്ടില്‍ നമ്മുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു ഉത്സവമാണിത്. അപ്പോഴത് നടത്താതിരിക്കുക എന്നത് ഒരു തെറ്റായ കാര്യമാണ്… പക്ഷേ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തണോ എന്നത് ചര്‍ച്ചചെയ്യേണ്ടതാണ്.. ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഇതിനായി വിനിയോഗിക്കണമോ അതോ എത്ര ഫണ്ട് വിനിയോഗിക്കണം എന്നൊക്കെയുള്ളത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അതിന് ആള്‍ട്ടര്‍നേറ്റീവ് ആയിട്ടുള്ള വഴികള്‍ കണ്ടെത്താന്‍ കഴിയും…. ഇത്തവണ ചിലവ് ചുരുക്കിയിട്ട് ചിലപ്പോള്‍ നടത്താന്‍ പറ്റും.. നമ്മളാരും ദുരന്തം ഉണ്ടായെന്ന് കരുതി ഓണം ആഘോഷിക്കാതിരുന്നില്ലല്ലോ… എല്ലാവരും ഓണം ആഘോഷിച്ചു. ഒരുപക്ഷേ 10 കറികള്‍ ഉണ്ടാക്കേണ്ടിടത്ത് ഒരു കറി വെച്ചിട്ടുണ്ടാകും… വലിയ പൂക്കളം ഉണ്ടാക്കേണ്ടിടത്ത് ഒരു പൂവ് വെച്ചിട്ട് പൂക്കളം ഉണ്ടാക്കി.. അതുപോലെ ഇത്തവണ IFFK യും അങ്ങനെ നടത്തണം.. അല്ലാതെ അത് മുടക്കുക എന്ന് പറയുന്നത് ശരിയല്ല. IFFK യുടെ മത്സര വിഭാഗം മുടക്കാന്‍ പാടില്ല… IFFK യിലെ ചിലകാര്യങ്ങളൊക്കെ നമ്മുക്ക് കോംപ്രമൈസ് ചെയ്യാനാകും…. ഉദാഹരണം ഉദ്ഘാടനം സമാപനം അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ചിലവഴിക്കുന്ന കാശ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് വേണ്ടി ചിലവഴിക്കുന്ന കാശ്, മറ്റ് ഫിലിം മേക്കേഴ്‌സിനെ കൊണ്ടുവരുന്നതിന് പകരം മത്സര വിഭാഗത്തിലുള്ളവരെ കൊണ്ടുവരാം… ഇങ്ങനെയൊക്കെ ചിലവ് ചുരുക്കാനാകും.. ഇത്തവണ ഒരുപക്ഷേ സന്നദ്ധപ്രവര്‍ത്തകരെ നമ്മുക്ക് ഇതിലേയ്ക്ക് കൊണ്ടുവരാനാകും. ധാരാളം ആളുകളും ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ തയ്യാറായി വരും. ആ രീതിയിലൊക്കെ ഇതിനെ എങ്ങനെ നടത്തിക്കൊണ്ടു പോകാം എന്നാണ് ആലോചിക്കേണ്ടത്… അല്ലാതെ ഒരു കാരണം കണ്ടെത്തി അതിനെ ഒഴിവാക്കുക എന്നത് മണ്ടത്തരം എന്ന് പറയുന്നതിനേക്കാള്‍ അതിനെ കുറ്റകരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്.

വിസി അഭിലാഷ്

IFFK റദ്ദാക്കിയതിനെ തുടര്‍ന്ന് അതിനെ കുറിച്ച് രണ്ടു മൂന്നു ദിവസമായി ഇതിനെതിരെ ഒരു ക്യാംപയിനിംഗ് നടത്തി ഈ തീരുമാനം പുന:പരിശോധിക്കണമെന്ന ക്യാംപയിന്റെ ഭാഗമായി വളരെ സജീവമായി നില്‍ക്കുകയാണ് ഞാന്‍. കലയെ മാറ്റിവെച്ച് കൊണ്ട് അതിജീവനം എന്ന് പറയുന്നത് സാധ്യമായൊരു കാര്യമല്ല. കല എന്ന് പറയുന്നത് മനുഷ്യന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു സര്‍ഗാത്മക രൂപമാണ്. കലാപരിപാടികളെ മാറ്റി നിര്‍ത്തിക്കൊണ്ട് അതിജീവനം സാധ്യമാണെന്ന് പറയുന്നത് യുക്തിയില്ലാത്ത ചിന്തയാണ്. ലോകത്തെ എല്ലായിടത്തെ ചരിത്രം പരിശോധിച്ചു നോക്കിയാലും വളരെ വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഭരണകൂടം മാത്രമെ ഇത്തരമൊരു അവസ്ഥിലേയ്ക്ക് പോയിട്ടുള്ളു. ഇപ്പോള്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വളരെയധികം വീണ്ടുവിചാരമുള്ള ഒരു ഭരണകൂടമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ള IFFK നടത്തിപ്പ് രീതിയാണെങ്കില്‍ കൂടിയും പ്രളയത്തെ നേരിട്ട രീതിയാണെങ്കില്‍ കൂടിയും വളരെ വീണ്ടുവിചാരത്തോടുകൂടിയുള്ള ഒരു സമീപനം ഈ സര്‍ക്കാറിനുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു സര്‍ക്കാറില്‍ നിന്ന് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ് ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്റെയും യുവജനോത്സവത്തിന്റെയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ ഞാന്‍ മനസ്സിലാക്കുന്നത് സ്‌കൂള്‍ കലോത്സവം അടക്കമുള്ള കാര്യങ്ങള്‍ മിക്യവാറും ഗ്രെയ്‌സ് മാര്‍ക്കിന്റെ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് സര്‍ക്കാര്‍ അത് പുന:പരിശോധിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷേ ചലച്ചിത്രോത്സവം അത്രത്തോളം സപ്പോര്‍ട്ട് ഇല്ലാതെ പോകുന്നുണ്ട്. ലോകത്തെ ചലച്ചിത്രോത്സവങ്ങളുടെ അക്രഡിറ്റേഷന്‍ തീരുമാനിക്കുന്ന സംഘടനയാണ് ഫിയാഫ്. ഫിയാഫിന്റെ അംഗീകാരം ഈ സര്‍ക്കാര്‍ ഇരിക്കുമ്പോള്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേയ്ക്കാണ് ഇത്തവണ മേള ഇല്ലാതെ പോയാല്‍ ഉണ്ടാകാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതു തിരിച്ചുപിടിക്കുക എന്നത് അടുത്ത വര്‍ഷം സാധ്യമായ കാര്യമല്ല. അക്രഡിറ്റേഷന്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കാരണം 15 ഫിലിം ഫെസ്റ്റിവലുകളാണ് ലോകത്തെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളായി കണക്കാക്കപ്പെടുന്നത്. അതിലേയ്ക്ക് കയറിപറ്റാനാണ് നമ്മള്‍ എപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഫിയാഫിന്റെ അംഗീകാരമുള്ള 40 ഓളം ഫിലിം ഫെസ്റ്റിവലുകളില്‍ ആദ്യത്തെ 15 എണ്ണത്തിനാണ് ഏറ്റവും പ്രധാനപ്പെട്ട ഗ്രെയിഡ് ഉള്ള ഫെസ്റ്റിവല്‍. അതില്‍ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ ഫെസ്റ്റിവല്‍ മാത്രമെയുള്ളു… IFFK ഈ 15ലേയ്ക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.. നമ്മള്‍ തൊട്ടു താഴത്തെ ഗ്രെയിഡിലാണ് ഈ അക്രഡിറ്റേഷനിലുള്ളത്… അപ്പോള്‍ ഇത്തവണ ഈ അക്രഡിറ്റേഷന്‍ പോയാല്‍ നമ്മള്‍ ഈ 15 ല്‍ കയറുന്നില്ലെന്ന് മാത്രമല്ല നമ്മള്‍ തൊട്ടുതാഴത്തെ ബി ഗ്രെയ്ഡില്‍ നിന്നും അക്രഡിറ്റേഷന്‍ ഇല്ലാത്ത ലോകത്തെ മറ്റ് 4000 ഫെസ്റ്റിവലുകളില്‍ ഒന്നായി മാത്രം മാറുകയും ചെയ്യും. അതായത് ഒന്നിലേയ്ക്ക് കയറാന്‍ ആഗ്രഹിക്കുന്ന രണ്ടില്‍ നില്‍ക്കുന്ന ആള്‍ രണ്ടില്‍ നിന്നും മൂന്നിലേയ്ക്ക് അധ:പതിക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് പോകും. അത് പാടില്ല. ചലച്ചിത്രോത്സവത്തിന് വളരെ ലളിതമായ രീതിയില്‍ ചിലവ് കുറിച്ചിട്ടാണെങ്കില്‍ അങ്ങനെ ഈയൊരു ദുരന്തത്തിന്റെ കെടുതികളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗവും പ്ലാറ്റ്‌ഫോമുമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.. 2018 ഡിസംബര്‍ മാസത്തില്‍ നടക്കേണ്ട ഫെസ്റ്റിവല്‍ ഈ 2018 ഓഗസ്റ്റില്‍ നടന്ന പ്രളയക്കെടുതിയുടെ നാലു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഫെസ്റ്റിവലില്‍ അതിജീവിക്കുന്നില്ല എന്നൊരു സന്ദേശം ഒരിക്കലും ലോകത്തിന് മുന്നില്‍ വരാന്‍ പാടില്ല. അത് നമ്മുടെ ടൂറിസം ഉള്‍പ്പെടെയുള്ള ചലച്ചിത്ര കല ഉള്‍പ്പെടെയുള്ള നമ്മുടെ സാധ്യതകളെ പലതും നശിപ്പിക്കും എന്നാണ് പറയാനുള്ളത്..

ഇന്ദ്രന്‍സ്

ഐഎഫ്എഫ്‌കെ വേണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ അല്ലേ തീരുമാനിക്കുന്നത്. അത് വെയ്ക്കുന്നില്ല എന്നത് പത്രത്തിലൊക്കെ വന്നിരുന്നു. പ്രളയം കാരണം എന്നാണ് പറയുന്നത്. ദുരിതം അനുഭവിക്കുന്നവരുടെ മനസ്സിനെ അതിനെക്കുറിച്ച് അറിയാന്‍ പറ്റുള്ളൂ… എന്റെ വീട്ടിലൊന്നും വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല..

Actors about IFFK 2018

More in Interviews

Trending