Connect with us

ഉടന്‍ 15 കോടി രൂപ കെട്ടി വെയ്ക്കണം ഇല്ലെങ്കില്‍ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യേണ്ട; വിശാലിനോട് കോടതി

News

ഉടന്‍ 15 കോടി രൂപ കെട്ടി വെയ്ക്കണം ഇല്ലെങ്കില്‍ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യേണ്ട; വിശാലിനോട് കോടതി

ഉടന്‍ 15 കോടി രൂപ കെട്ടി വെയ്ക്കണം ഇല്ലെങ്കില്‍ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യേണ്ട; വിശാലിനോട് കോടതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടനായും നിര്‍മാതാവായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ നടന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തിയേറ്ററുകലിലോ, ഒടിടി പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്.

ഏപ്രില്‍ 5 നായിരുന്നു ഇത്. 2022 മാര്‍ച്ച് 8ന് സിംഗിള്‍ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു. 2019 മുതല്‍ 21.29 കോടി രൂപ വിശാല്‍ നല്‍കാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലാണ് 2022 മാര്‍ച്ചില്‍ ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്.

ഇതിനെതിരെ വിശാല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയും വിസമ്മതിച്ചു. കൂടാതെ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേര്‍ത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടിന്റെ ഭാഗമായി 15 കോടി രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശം പാലിക്കുന്നതില്‍ നടന്‍ പരാജയപ്പെട്ടാല്‍ അത് തീര്‍പ്പാക്കുന്നതുവരെ വിശാലിന്റെ സിനിമകളൊന്നും തീയറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ റിലീസ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.

2016ല്‍ ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതിനായി വിശാല്‍ ഗോപുരം ഫിലിംസിന്റെ അന്‍ബുചെഴിയനില്‍ നിന്ന് 15 കോടി രൂപ കടം വാങ്ങിയെന്നാണ് ലൈക്കയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ വി.രാഘവാചാരി കോടതിയെ അറിയിച്ചത്. പലിശ സഹിതം 2019ല്‍ ഈ കടം 21.29 കോടി രൂപയായി.

ഇതോടെ വിശാലിനെ സഹായിക്കാന്‍ ലൈക്ക രംഗത്തിറങ്ങുകയും കടം മുഴുവന്‍ തീര്‍ക്കുകയും എന്നാല്‍ ലോണ്‍ തുക കണക്കാക്കി പ്രതിവര്‍ഷം 30% പലിശ സഹിതം നടന്‍ ലൈക്കയ്ക്ക് തിരികെ നല്‍കണം എന്ന കരാര്‍ ഉണ്ടായിരുന്നു. പക്ഷെ ഇത് പാലിക്കാന്‍ വിശാലിന് സാധിച്ചില്ല. ഇതോടെ ലൈക്ക പ്രൊഡക്ഷന്‍ ഹൗസ് 2021ല്‍ കേസ് നല്‍കുകയായിരുന്നു.

തുടര്‍ന്ന് വിശാലിന്റെ ബാധ്യത പലിശ സഹിതം 30 കോടി രൂപയായി ഉയര്‍ന്നു.ഈ കേസില്‍ സിവില്‍ സ്യൂട്ടിന്റെ ക്രഡിറ്റിലേക്കായി 15 കോടി രൂപ സ്ഥിരനിക്ഷേപം നടത്താനും യഥാര്‍ത്ഥ എഫ്ഡി രസീതുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനും സിംഗിള്‍ ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെ വെല്ലുവിളിച്ചാണ് വിശാല്‍ കോടതിയില്‍ എത്തിയതും തിരിച്ചടി കിട്ടിയതും.

More in News

Trending

Uncategorized