Malayalam
മദ്യപിച്ച് അമിതവേഗത്തിൽ അപകടകരമായി കാർ ഓടിച്ചു; നടൻ ഗണപതി അറസ്റ്റിൽ
മദ്യപിച്ച് അമിതവേഗത്തിൽ അപകടകരമായി കാർ ഓടിച്ചു; നടൻ ഗണപതി അറസ്റ്റിൽ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഗണപതി. സോഷ്യൽ മീഡയയിൽ വളരെ സജീവമായ നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടൻ അറസ്റ്റിലായി എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിനാണ് പോലീസ് കേസെടുത്തത്. കളമശ്ശേരി പോലീസാണ് നടന്റെ പേരിൽ കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് അപകടകരമായ രീതിയിൽ നടൻ വാഹനമോടിച്ചത്. നടന്റെ വാഹനം അമിതവേഗത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.
ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിലാണ് പെട്ടത്. തുടർന്നാണ് കളമശേരിയിൽ തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. നടനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
സ്റ്റേഷൻ ജാമ്യത്തിൽ നടനെ വിട്ടയച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ കമന്റുകളും ഉയർന്ന് വന്നിട്ടുണ്ട്. ദൈവത്തിന്റെ പേരുമിട്ട് അതിന് നിരക്കാത്ത പരിപാടിയാണല്ലോ നടൻ കാണിച്ച് കൂട്ടുന്നത് എന്ന തരത്തിലാണ് കമന്റുകൾ. പാലും പഴത്തിനും പകരം മദ്യം കൈകളിലേന്തിയ ഗണപതി, ഉണ്ണി ഗണപതി വളർന്നത് നാട് മുഴുവൻ അറിഞ്ഞല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
തിരക്കഥാകൃത്തും കാസ്റ്റിങ് ഡയറക്ടറുമെല്ലാമായ ഇരുപത്തിയൊമ്പതുകാരനായ ഗണപതി കണ്ണൂർ സ്വദേശിയാണ്. 2007ൽ വിനോദയാത്ര എന്ന സിനിമയിലൂടെയാണ് ഗണപതി മലയാള സിനിമയിൽ അരങ്ങേറിയത്.പിന്നീട് അലിഭായ്, ആയുർ രേഖ, ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, മല്ലു സിങ്, ആഗസ്റ്റ് ക്ലബ്ബ് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. വള്ളിക്കുടിലിലെ വെള്ളക്കാരനിലൂടെയാണ് നടൻ നായകനായി സിനിമകൾ ചെയ്ത് തുടങ്ങിയത്.
അടുത്തിടെ ഹിറ്റായ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം ഗണപതിയുടെ സഹോദരനാണ്. ചിത്രത്തിൽ ഗണപതിയും ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. മന്ദാകിനി, അഡിയോസ് അമിഗോസ് എന്നിവയാണ് അവസാനം ഗണപതിയുടേതായി റിലീസ് ചെയ്ത സിനിമകൾ.
അടുത്തിടെ നടൻ ബൈജു സന്തോഷിന് എതിരെയും അമിത വേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് എതിരെ പോലീസ് കേസെടുത്തിരുന്നു. അന്ന് മദ്യലഹരിയിൽ വാഹനമോടിച്ച് ബൈജു സന്തോഷ് അപകടമുണ്ടാക്കിയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തുവെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചാണ് അന്ന് അപകടമുണ്ടായത്.
മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു.
മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് അന്ന് ബൈജുവിനെതിരെ കേസെടുത്തത്. ബൈജുവിന്റെ കേസുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ഒതുങ്ങിയതിന് പിന്നാലെയാണ് നടൻ ഗണപതിയുടെ അറസ്റ്റ് വാർത്ത പുറത്ത് വന്നത്.
