Malayalam
ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും; പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ബാല
ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും; പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ബാല
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമായി തന്നെ പ്രേക്ഷകർക്കിടിയിലുണ്ട്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു.
ഇപ്പോൾ വിവാഹശേഷം ജീവിതത്തിലാകെ മാറ്റങ്ങൾ വരുത്തുകയാണ് നടൻ. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ബാല കൊച്ചിയിൽ ആയിരുന്നു താമസം. മലയാള സിനിമയിൽ സജീവമായി തുടങ്ങിയ കാലത്താണ് ബാല കൊച്ചിയിൽ സ്വന്തമായി വീട് വാങ്ങിയത്. ശേഷം അമൃതയുമായുള്ള വിവാഹ ശേഷവും എലിസബത്തിനെ വിവാഹം കഴിച്ച ശേഷവുമെല്ലാം ഇവിടെയായിരുന്നു താമസം.
ഒട്ടുമിക്ക അഭിമുഖങ്ങൾക്കും ബാല പ്രത്യക്ഷപ്പെടാറുള്ളത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ബാലയുടെ കൊച്ചിയിലെ വീട് മലയാളികൾക്കും സുപരിചിതമാണ്. ഇതുവരെയും വിവാദങ്ങൾ വിട്ടൊഴിഞ്ഞ സമയം ബാലയ്ക്കുണ്ടായിട്ടില്ല. അമൃതയുമായി വേർപിരിഞ്ഞ ശേഷം അമൃതയ്ക്കെതിരെ പലപ്പോഴും ബാല രംഗത്തെത്തിയിട്ടുണ്ട്.
പിന്നാലെ അമൃതയും രംഗത്തെത്താറുണ്ട്. ഇത് വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ചർച്ചകളിലേയ്ക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ അത്തരം പ്രശ്നങ്ങളും മനസമാധാനം ഇല്ലാതാക്കുന്ന ഒരു സംഭവങ്ങളും പാടില്ലെന്ന തീരുമാനത്തിന്റെ പുറത്താണ് ബാല കൊച്ചിയിലെ താമസം തന്നെ അവസാനിപ്പിച്ച് ഭാര്യയ്ക്കൊപ്പം കൊച്ചി വിട്ടത്. യാത്ര പറയും മുമ്പ് ബാല മലയാളത്തിൽ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
എന്നാൽ എങ്ങോട്ടേക്കാണ് താമസം മാറിപ്പോകുന്നതെന്ന് നടൻ വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ കൊച്ചി വിട്ട് പോകാനുള്ള കാരണം അടക്കം വെളിപ്പെടുത്താമെന്നാണ് ബാല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അറിയാൻ പറ്റും. രണ്ട് ദിവസം സമയം തരൂ. ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ അത് ആ വീട് വിൽക്കാനായിരിക്കും. ഞാൻ ചികിത്സയിലൊന്നുമല്ല. ചികിത്സക്കായി മാറിയതുമല്ല. ഗംഭീരമായിട്ട് ഇരിക്കുകയാണ് എന്നാണ് ബാല പറഞ്ഞത്.
ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ബാല. കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട്ടിലേയ്ക്ക് ഇരുവരും നിലവിളക്ക് കൊളുത്തി ഐശ്വര്യത്തോടെ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം.
ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് നടന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം. സാലു കെ ജോർജ് എന്ന അസാധാരണ ക്രിയേറ്ററിന് നന്ദി. ഞാൻ കൊച്ചിവിട്ടെങ്കിലും എപ്പോഴും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ നിൽക്കും. രണ്ട് മാസത്തിനുള്ളിൽ ഞാൻ ശാരീരികമായി ബിഗ് ബി ബാലയെപ്പോലെ തിരിച്ചെത്തും.
തുടർന്ന് സ്‌ക്രീൻ സ്പേസ് പങ്കിടും. ഏറ്റവും വലിയ സ്നേഹത്തോടെ ബാലയും കോകിലയും… എന്നാണ് പുതിയ വീടിന്റെ വീഡിയോ പങ്കിട്ട് ബാല കുറിച്ചത്. സാലു കെ ജോർജാണ് പുതിയ വീട് മനോഹരമായി ഇന്റീരിയർ ചെയ്യാൻ ബാലയെ സഹായിച്ചത് എന്നാണ് നടന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ബാഡ് ബോയ്സാണ് അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ.
താരം കേരളം വിട്ട് പോയിട്ടില്ലെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണെന്നാണ് കമന്റുകൾ. നടന്റെ പുതിയ വീട് ആലപ്പുഴയിലാണെന്നാണ് പുതിയ വീഡിയോ കണ്ട് സ്ഥലം മനസിലാക്കിയ ആരാധകരിൽ ചിലർ കുറിച്ചത്. പുതിയ വീട്ടിൽ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തുഷ്ടകരമായ ജീവിതം നയിക്കാൻ ബാലയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചും നിരവധി പേർ എത്തി.
