general
നമ്മളോട് കാണിക്കുന്ന സ്നേഹം തിരിച്ചു നൽകണ്ടേ? ഒരാപത്തിൽ പെടുമ്പോൾ തള്ളിപ്പറയാൻ സാധിക്കില്ല; ധർമ്മജൻ ബോൾഗാട്ടി
നമ്മളോട് കാണിക്കുന്ന സ്നേഹം തിരിച്ചു നൽകണ്ടേ? ഒരാപത്തിൽ പെടുമ്പോൾ തള്ളിപ്പറയാൻ സാധിക്കില്ല; ധർമ്മജൻ ബോൾഗാട്ടി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ബ്ലഫ് മാസ്‌റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ അവസരങ്ങൾ ചോദിച്ച് ആരെയും വിളിക്കാറില്ലെന്ന് പറയുകയാണ് താരം. കുറച്ചു കാലം സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ എന്നെ മനഃപൂർവം ആളുകൾ ഒഴിവാക്കിയതാകാം. കൊറോണ മൂലം കുറച്ചു കാലം ഷൂട്ടിങ്ങുകൾ ഒന്നും നടന്നില്ല. ആരുമായും കോൺടാക്ട് നില നിർത്തുകയോ സംവിധായകരെയോ, എഴുത്തുകാരെയോ വിളിച്ച് സുഖവിവരങ്ങളോ, അവസരങ്ങളോ ചോദിക്കുകയോ ഒന്നും പതിവില്ല. സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ച്, ഇല്ലാതെ പറ്റില്ല എന്ന് കരുതാവുന്ന; വളരെ ആവശ്യക്കാരനായ ഒരു നടൻ ഒന്നുമല്ല ഞാൻ താരം പറയുന്നു.
എനിക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒരുപാട് നടന്മാരുണ്ട്. ഇത് വളരെ കോമ്പറ്റിഷൻ ഉള്ളൊരു മേഖലയാണ്. ഒരാൾക്ക് പകരം പത്താളെ കിട്ടും. അതുകൊണ്ടെല്ലാം ആയിരിക്കാം ഞാൻ ആരെയും അങ്ങോട്ട് വിളിച്ചില്ല, ആരുമെന്നെ ഇങ്ങോട്ടും വിളിച്ചില്ല. ഇനി കുറച്ചു സിനിമകൾ തുടരെ റിലീസ് ആകാനുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം എന്നൊരു സിനിമ വരുന്നുണ്ട്, ടിനി ടോം നന്ദു ചേട്ടൻ എന്നിവർ അഭിനയിക്കുന്ന പോലീസ് ഡേ എന്നൊരു സിനിമ തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്നുണ്ട്. ദിലീപേട്ടൻ നിർമ്മിക്കുന്ന സിനിമയാണ്- മൈൽ സ്റ്റോണിനോട് ധർമജൻ പറഞ്ഞു. എനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നതിൽ ആരോടും എനിക്ക് പരാതിയില്ല. ഇതുവരെ ലഭിച്ചത് തന്നെ എനിക്ക് ബോണസ് ആണ്. ഒരു നാട്ടിൻ പുറത്ത് ജനിച്ച്, കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന ഒരാളാണ് ഞാൻ. മിമിക്രിയിലൂടെ വന്ന്, ഷോകൾ എല്ലാം ചെയ്ത് പടി പടിയായി വളർന്നു വന്ന ആളാണ് ഞാൻ. ആരോടും ഞാൻ പോയി ചാൻസ് ചോദിച്ചിട്ടില്ല, ദിലീപേട്ടൻ ആണെന്നെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത്. പക്ഷേ ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ കാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതൽ ചാൻസ് ചോദിക്കണം; ചോദിക്കും.
സത്യൻ അന്തിക്കാട്, സിദ്ദിഖ് സാർ, ലാൽ ജോസ് എന്നിവരോടെല്ലാം ചാൻസ് ചോദിക്കണം എന്നാഗ്രഹം തോന്നിയിട്ടുണ്ട്. എന്റെ വളരെ വലിയൊരു ആഗ്രഹം ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിക്കണം എന്ന്. ഇത് ഞാൻ ഒരിക്കൽ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു. ഒരു ദിവസം ഇന്നസെന്റ് ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു, ആലപ്പുഴയിൽ സത്യൻ അന്തിക്കാട് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട് ഒന്ന് പോയി കാണൂ എന്ന്. ആലപ്പുഴ വരെ വെറുതെ പോകാൻ പറ്റില്ലല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ ബാഗിന്റെ ബിസിനസ്സ് നടത്തുന്ന ഒരു സുഹൃത്തിന് ആലപ്പുഴയിൽ ഒരു ഡെലിവറി ഉണ്ടെന്നു കേട്ടു. ഞാൻ പുള്ളിയുടെ ബാഗ് എല്ലാം എന്റെ കാറിൽ കുത്തിക്കേറ്റി, അയാളെയും കൊണ്ട് ആലപ്പുഴയ്ക്ക് പോയി.
സത്യൻ സാർ ഒഴികെ എല്ലാവര്ക്കും എന്നെ നന്നായി അറിയാം. അവരെന്നെ കണ്ടപ്പോൾ എന്താടാ ബോൾഗാട്ടി എന്ന് ചോദിച്ചു. സത്യൻ സാർ എന്നെ ഒരുപക്ഷേ ടിവിയിൽ കണ്ടിട്ടേ ഉണ്ടാകൂ. അടുത്ത് വന്നപ്പോൾ സത്യൻ സാർ എന്നോട്, ധർമജൻ അല്ലെ ? ഇന്നസെന്റ് പറഞ്ഞിരുന്നു; വിളിക്കാം, പൊയ്ക്കോളൂ എന്ന് പറഞ്ഞു. ഞാൻ ആകെ അമ്പരന്ന് പോയി. ചാൻസ് ചോദിക്കാൻ ഇത്രയും ദൂരം ചെന്നപ്പോൾ പുള്ളി വിളിക്കാം എന്ന് പറഞ്ഞു മടക്കി അയയ്ക്കുന്നു. പക്ഷേ വീടെത്തുന്നതിനു മുൻപ് എനിക്ക് കോൾ വന്നു, മറ്റന്നാൾ മുതൽ ഷൂട്ടിങ് ഉണ്ട്, വരണം എന്ന് പറഞ്ഞുകൊണ്ട്.
എന്നെ സിനിമയിൽ കൊണ്ട് വന്നത് ദിലീപേട്ടനാണ്. സിനിമയിൽ കൊണ്ട് വന്നു എന്നതിന്റെ കടപ്പാട് മാത്രമല്ല, ദിലീപേട്ടൻ എനിക്കെന്റെ ചേട്ടനാണ്. അനൂപിനെ കാണുന്നത് പോലെ തന്നെയാണ്, നമ്മളോടെല്ലാം പെരുമാറുന്നത്. നമുക്ക് ഓരോ ആളുകളും എന്ത് ചെയ്യുമെന്ന് ഒരു ധാരണ ഉണ്ടാകുമല്ലോ ? നമ്മളോട് കാണിക്കുന്ന സ്നേഹം തിരിച്ചു നൽകണ്ടേ ? ഒരാപത്തിൽ പെടുമ്പോൾ തള്ളിപ്പറയാൻ സാധിക്കില്ല. ദിലീപേട്ടനെല്ലാം ഉള്ളപ്പോൾ ഒരു ദിവസം പോകുന്നത് തന്നെ അറിയില്ല-(ദിലീപേട്ടന്റെ മോശം അവസ്ഥയിൽ തറയിൽ കിടന്നുറങ്ങിയോ എന്ന ചോദ്യത്തിന് താരം ഉത്തരം നൽകുകയായിരുന്നു.