ദിവസം ഒന്നര മണിക്കൂറോളം മേക്കപ്പ്, മേക്കപ്പ് കഴുകിക്കളയാന്‍ ഒരു മണിക്കൂര്‍, ആ വേഷത്തില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ‘ഈ അങ്കിള്‍ ആരാണമ്മേ’ എന്നാണ് മകൻ ചോദിച്ചത്; കുഞ്ചാക്കോ ബോബൻ
റിലീസിന് തൊട്ടുമുൻപ് വരെ ഏറെ ചർച്ചയായ സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. രസകരമായ പോസ്റ്ററുകളിൽ തുടങ്ങി, ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് ചാക്കോച്ചൻ മനംമറന്നു നൃത്തം ചെയ്യുന്ന രംഗവുമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ഗാനം മാത്രം യൂട്യൂബിൽ ഒരു കോടിയിലേറെ വ്യൂസ് നേടി. ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് കൂടിയായിരുന്നു ഇത്.
കഥാപാത്രത്തിനായി മേക്കോവര്‍ നടത്തിയപ്പോള്‍ തന്നെ മകന്‍ ഇസഹാക്കിന് മനസിലായില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്
ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായി വന്‍ മേക്കോവറില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്‍ വേഷമിട്ടത്. ആ വേഷത്തില്‍ കണ്ടപ്പോഴാണ് ഇസയ്ക്ക് മനസിലാവാഞ്ഞത് എന്നാണ് നടന്‍ പറയുന്നത്.
കൊഴുമ്മല്‍ രാജീവനായുള്ള രൂപമാറ്റം ആവേശത്തോടെയാണ് ഏറ്റെടുത്തത്. തലമുടി എണ്ണയിട്ട് ചീകിയും പല്ലുവെച്ചും മുഖത്ത് വ്യത്യാസങ്ങള്‍ കൊണ്ടുവന്നു. ദിവസം ഒന്നര മണിക്കൂറോളം മേക്കപ്പിനായി ഇരുന്നു കൊടുത്തു. പഴയ രൂപത്തിലേക്ക് എത്താന്‍, മേക്കപ്പ് കഴുകിക്കളയാന്‍ ഒരു മണിക്കൂര്‍ വേണ്ടി വന്നു.
കഥാപാത്രത്തിന്റെ രൂപം ചിട്ടപ്പെടുത്താനായൊരു മേക്കപ്പ് ടെസ്റ്റ് നടത്തിയിരുന്നു, ചിത്രീകരണത്തിന് മുമ്പ് ലൊക്കേഷനില്‍ വച്ചാണ് അവസാന രൂപം ചെയ്തത്. രാജീവന്റെ വേഷത്തില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകന് മനസിലായില്ല, ‘ഈ അങ്കിള്‍ ആരാണമ്മേ’ എന്നാണ് അവന്‍ പ്രിയയോട് ചോദിച്ചത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
കാസര്‍കോട് ഭാഷയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെത്. ആദ്യമൊക്കെ പലതും കേട്ടാല്‍ മനസിലാകാത്ത അവസ്ഥയുണ്ടായിരുന്നു പിന്നീട് കഥാപാത്രത്തിനായി അതെല്ലാം പഠിച്ചെടുത്തു. ചിത്രീകരണത്തിന്റെ തലേ ദിവസം തന്നെ ഡയലോഗുകളെല്ലാം വാട്സാപ്പില്‍ വോയ്സ് മെസേജായി അയച്ചുതരുമായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
